| Saturday, 19th October 2024, 1:32 pm

ഹമാസ് നേതാവിന്റെ മരണം ഒരിക്കലും ഇസ്രഈലിനെതിരായ പ്രതിരോധത്തെ ബാധിക്കില്ല: ആയത്തുള്ള അലി ഖമനേനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ മരണത്തില്‍ പ്രതികരണവുമായി ഇറാന്റെ പരമോന്ന നേതാവായ ആയത്തുള്ള അലി ഖമനേനി. ഹമാസ് നേതാവിന്റെ മരണം ഒരിക്കലും ഇസ്രഈലിനെതിരെയുള്ള പ്രതിരോധത്തിനെ ബാധിക്കില്ലെന്നും മറിച്ച് സിനവാര്‍ ഇനിയും ജീവിക്കുമെന്നും ഖമനേനി പ്രതികരിച്ചു.

സിന്‍വാറുടെ മരണം തീര്‍ച്ചയായും വേദനാജനകമായ കാര്യമാണെന്ന് പറഞ്ഞ ഖമനേനി എന്നാല്‍ ഇത്തരത്തില്‍ പ്രമുഖ നേതാക്കള്‍ രക്തസാക്ഷികളായാലും മുന്നണിയുടെ കുതിപ്പ് അവസാനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഇസ്രഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. സിന്‍വാറിന്റെ മരണം ഹമാസും സ്ഥിരീകരിച്ചിരുന്നു. ശത്രുക്കള്‍ക്കെതിരെ അവസാനശ്വാസം വരെ പോരാടിയതിന് ശേഷമാണ് സിന്‍വാര്‍ മരണപ്പെട്ടതെന്നും ജെറുസലേം തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കി.

ഗസയില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ ആണെന്നും സംശയിക്കുന്നതായി മരണത്തിന് പിന്നാലെ ഇസ്രഈല്‍ പ്രതിരോധ സേന പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ പരിശോധന ഫലം പുറത്ത് വന്നതിന് ശേഷമാണ് മരിച്ചത് സിന്‍വാര്‍ ആണെന്ന് ഇസ്രഈല്‍ സ്ഥിരീകരിച്ചത്.

മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സിന്‍വാറുടെ അവസാന നിമിഷങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോയും ഇസ്രഈല്‍ സൈന്യം അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പുറത്ത് വിട്ടിരുന്നു. വീഡിയോയില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പാതി മുറിഞ്ഞ കൈയുമായി സോഫയില്‍ ഇരിക്കുന്ന ഹമാസ് നേതാവിനെയാണ് കാണിക്കുന്നത്. എന്നാല്‍ ഡ്രോണ്‍ വഴി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഡ്രോണിന് നേരെ സിന്‍വാര്‍ വടി എറിയുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

അതേസമയം സിന്‍വാറുടെ മരണത്തിന് പിന്നാലെ പുതിയ ആള്‍ ഉടന്‍തന്നെ ഹമാസിന്റെ തലവനായി ചുമതലയേല്‍ക്കും എന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു. ഹമാസ് മുന്‍ പൊളിറ്റിക്കല്‍ വിഭാഗം തലവന്‍ ഖാലിദ് മഷലിന്റെ പേര് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

Content Highlight: Hamas Leader’s death will not effect the axis of resistance 

Video Stories

We use cookies to give you the best possible experience. Learn more