ഗസ: ഇസ്രഈലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്രത്തിനുള്ള സമാധാന ചർച്ച നടത്തണമെന്ന ആവശ്യങ്ങൾ തള്ളി മുതിർന്ന ഹമാസ് നേതാവ് ഖാലിദ് മഷാൽ.
പടിഞ്ഞാറൻ ജെറുസലേമിലെ സയണിസ്റ്റുകളുടെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട് നിയമവിധേയമാക്കാൻ ഫലസ്തീൻ ജനത ഒരിക്കലും തയ്യാറാകില്ല എന്നും അദ്ദേഹം പറഞ്ഞു.
‘ദ്വിരാഷ്ട്ര പരിഹാരത്തിന് ഞങ്ങളില്ല. ഞങ്ങൾ ഈ ആവശ്യത്തെ തള്ളിക്കളയുന്നു. ഇതിനർത്ഥം, നിങ്ങൾക്ക് ഒരു രാജ്യമെന്ന വാഗ്ദാനം ലഭിക്കുന്നു പക്ഷേ നിങ്ങൾ സയണിസ്റ്റുകളുടെ രാഷ്ട്രത്തെ കൂടി അംഗീകരിക്കണം. അത് അംഗീകരിക്കാൻ സാധിക്കില്ല,’ കുവൈത്ത് മാധ്യമമായ അമ്മാർ താഖിക്ക് നൽകിയ അഭിമുഖത്തിൽ മഷാൽ പറഞ്ഞു.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രഈലിനെ തുടച്ചുനീക്കുക എന്ന ഫലസ്തീൻ സ്വപ്നത്തിന് കൂടുതൽ കരുത്താർജിച്ചു. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയും ലെബനീസ് അതിർത്തി മുതൽ അഖാബ കടലിടുക്ക് വരെയുമുള്ള പ്രദേശങ്ങൾ സ്വതന്ത്ര ഫലസ്തീന്റേതാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീനുമായി സമാധാന ചർച്ചകളിൽ ഏർപ്പെടണമെന്നും ദ്വിരാഷ്ട്രമാണ് പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രഈലിനെ അറിയിച്ച സാഹചര്യത്തിലാണ് മഷാലിന്റെ പ്രസ്താവന.
അതേസമയം ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകില്ലെന്നും ഹമാസിനെ പൂർണമായി ഇല്ലാതാക്കി മുഴുവൻ ബന്ദികളെയും തിരികെ കൊണ്ടുവന്നാൽ മാത്രമേ വിജയം നേടൂ എന്ന നിലപാടിലാണ് നെതന്യാഹു.
Content Highlight: Hamas leader rules out two-state solution