ഹമാസ് സൈനിക വിഭാഗം തലവന്‍ മുഹമ്മദ് ദെയ്ഫ് ജീവനോടെയുണ്ട്; വെളിപ്പെടുത്തലുമായി ഹമാസ് നേതാവ്
World
ഹമാസ് സൈനിക വിഭാഗം തലവന്‍ മുഹമ്മദ് ദെയ്ഫ് ജീവനോടെയുണ്ട്; വെളിപ്പെടുത്തലുമായി ഹമാസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2024, 3:05 pm

ഗസ സിറ്റി: ഹമാസ് സൈനിക വിഭാഗം തലവന്‍ മുഹമ്മദ് ദെയ്ഫ് ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി ഹമാസിലെ മുതിര്‍ന്ന നേതാവായ ഒസാമ ഹംദാന്‍ രംഗത്ത്.

ഹമാസിന്റെ സൈനിക വിഭാഗം തലവനായ ദെയ്ഫ്, ഒക്ടോബര്‍ 7ലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 13ന് നടത്തിയ വ്യോമാക്രമണത്തില്‍ ദെയ്ഫ് കൊല്ലപ്പെട്ടെന്ന് ഇസ്രഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഹമാസിന്റെ സായുധ വിഭാഗമായ ഇസ് അല്‍-ദിന്‍ അല്‍ ഖസത്തിന്റെ തലവനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

‘ജൂലൈയില്‍ നടത്തിയ വ്യോമാക്രണത്തില്‍ ഇസ്രഈല്‍ അവകാശപ്പെട്ടത് അവര്‍ മുഹമ്മദ് ദെയ്ഫിനെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ്. എന്നാല്‍ ആ ആക്രമണത്തില്‍ ഖാന്‍ യൂനിസിലെ മാനുഷിക മേഖലയായി കണക്കാക്കപ്പെടുന്ന ഒരു പ്രദേശത്തെ 88 പേരാണ് കൊല്ലപ്പെട്ടത്,’ ഒസാമ ഹംദാന്‍ പറഞ്ഞു.

ദെയ്ഫിനെ കൊലപ്പെടുത്താനായി ഇസ്രഈല്‍ ജൂലൈ 13 ന് നടത്തിയ ആക്രമണത്തില്‍ 289 ഫലസ്തീന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ബോംബ് ആക്രമണത്തെ തുടര്‍ന്ന ഫലസ്തീനിലെ അല്‍-മവാസി ജില്ലയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.

ആക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടെന്ന് അന്ന് തന്നെ ഇസ്രഈല്‍ സൈന്യം അവരുടെ ഔദ്യോഗിക റേഡിയോ ചാനലിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദം അന്ന് തന്നെ ഹമാസ് നിഷേധിച്ചിരുന്നു.

‘മുഹമ്മദ് ദെയ്ഫിന്റെ രക്തം ഒരിക്കലും ഗസയിലെ കൊച്ചുകുഞ്ഞുങ്ങളുടെ രക്തത്തെക്കാള്‍ വിലപ്പെട്ടതല്ല. എന്നാലും ഞാന്‍ പറയുകയാണ് ,നെതന്യാഹു പരാജയപ്പെട്ടിരിക്കുന്നു,’ ഹമാസ് സഹ തലവന്‍ ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു.

ഇസ്രഈലിന്റെ പട്ടികയിലെ ഏറ്റവും അപകടകാരിയായ നേതാവായ ദെയ്ഫ് കൊല്ലപ്പെട്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മൂന്ന് ഹമാസ് നേതാക്കളില്‍ ഒരാളാണ് മുഹദ് ദെയ്ഫ്. കൊലപാതകം, തടങ്കലില്‍ വെക്കല്‍, ലൈംഗികാതിക്രമം എന്നി കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ഇസ്രഈല്‍ വംശഹത്യയില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40000 കടന്നു. 92,401 പേര്‍ക്ക് പരിക്കേല്‍ക്കുകയും ജനസംഖ്യയുടെ 85% പേര്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

Content Highlight: Hamas leader refuses the Israel’s argument about Muhammad Deif’s death