| Saturday, 17th August 2024, 6:34 pm

ഹനിയെയുടെ കൊലപാതകം മിസൈല്‍ ഉപയോഗിച്ച്; വെളിപ്പെടുത്തലുകളുമായി മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ സിറ്റി: ഇറാനില്‍വെച്ച് കൊല്ലപ്പട്ട ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മകന്‍ അബ്ദുള്‍ സലാം ഹനിയെ. ഹമാസ് തലവന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളുന്നതാണ് മകന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഹനിയെ ഗസ്റ്റ് ഹൗസിലെ സ്‌ഫോടനത്തിലാണ് കെല്ലപ്പെടുന്നത്. തുടര്‍ന്ന് ഹനിയെ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് മകന്‍ അബ്ദുള്‍ സലാം.

‘അദ്ദേഹത്തിന്റെ ഫോണിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് മിസൈലിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അദ്ദേഹം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ തലയ്ക്ക് സമീപം വെച്ചതിനാല്‍ മിസൈല്‍ നേരിട്ട് അവിടെ വന്ന് പതിക്കുകയായിരുന്നു.

ഒരുപക്ഷെ ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നിരുന്നതെങ്കില്‍ ബോഡിഗാര്‍ഡും മറ്റ് ഉദ്യോഗസഥരും താമസിച്ചിരുന്ന തൊട്ടടുത്ത മുറിയും കൂടി സ്‌ഫോടനത്തില്‍ തകരുമായിരുന്നു. എന്നാല്‍ അത് ടാര്‍ഗറ്റഡ് മിസൈല്‍ ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. കൂടാതെ ഒരു ഔദ്യോഗിക പരിപാടിയായതിനാല്‍ അദ്ദേഹം മൊബൈല്‍ ഫോണും കൈയില്‍ കരുതിയിരുന്നു. അത് അവരുടെ ഓപ്പറേഷന്‍ എളുപ്പമാക്കി,’ അല്‍ അറേബ്യന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അബ്ദുള്‍ സലാം ഹനിയെ പറഞ്ഞു.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പൊലീസിന്റെ(ഐ.ആര്‍.ജി.പി) നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിലെ താമസത്തിനിടയെയാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ കൊല്ലപ്പെട്ടത്. ടെഹ്‌റാന്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഹനിയെ സ്ഥിരമായി ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.

ഹനിയെ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും മരണത്തിന്റെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അമേരിക്കയുടെ സഹായത്തോടെ ഇസ്രഈലാണ് ഹനിയയെ കൊലപ്പെടുത്തിയതാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അതിനാല്‍ ഏത് വിധേനയും ഇസ്രഈലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇസ്രഈല്‍ കഴിഞ്ഞമാസം കൊലപ്പെടുത്തിയെന്നവകാശപ്പെട്ട ഹമാസ് സൈനിക വിഭാഗം തലവന്‍ മുഹമ്മദ് ദെയ്ഫ് ജീവനോടെയുണ്ടെന്ന് ഹമാസിലെ മുതിര്‍ന്ന് നേതാവ് ഒസാമ ഹംദാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Content Highlight: Hamas leader Ismail Haniyeh killed in missile attack says his son

We use cookies to give you the best possible experience. Learn more