| Wednesday, 28th February 2024, 4:19 pm

ഇസ്രഈൽ നടത്തുന്ന പട്ടിണി യുദ്ധം അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം: ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ ആരംഭിച്ച പട്ടിണി യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യമെന്ന് ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ മേധാവി ഇസ്മായിൽ ഹനിയെ.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമാദ് അൽ താനിയുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രഈൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ചർച്ചയെ മറയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗസയിൽ പട്ടിണി രൂക്ഷമാകുകയാണെന്നും ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടേക്കുമെന്നും ഗസ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

വലിയ മാനുഷിക ദുരന്തം ഒഴിവാക്കാൻ എത്രയും വേഗം ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കാൻ അന്താരാഷ്ട്ര ഏജൻസികളോട് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് അഷ്‌റഫ്‌ അൽ ഖുദ്ര ആവശ്യപ്പെട്ടു.

ഗസ മുനമ്പിലെ യുദ്ധ ബാധിതരായ ജനങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പോലും ഇസ്രഈൽ പാലിക്കുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം സഹായങ്ങളുമായി ഗസയിലെത്തുന്ന ട്രക്കുകളുടെ കണക്കിൽ 30 ശതമാനം കുറവുണ്ടായിട്ടുണ്ട്. ജനുവരി 27നും ഫെബ്രുവരി 21നും ഇടയിൽ പ്രതിദിനം 93 ട്രക്കുകൾ ഗസയിലേക്ക് എത്തിയിരുന്നു.

വിധിക്ക് മുമ്പുള്ള മൂന്ന് ആഴ്ചകളിൽ ഒരു ദിവസം ഗസയിലേക്ക് 147 ട്രക്കുകൾ എത്തിയിരുന്നെങ്കിൽ ഫെബ്രുവരി ഒമ്പതിനും 21നുമിടയിൽ ഇത് 57 ആയി കുറഞ്ഞു. വടക്കൻ ഗസയിലേക്ക് ഇന്ധന വിതരണം ഉൾപ്പടെയുള്ള സഹായങ്ങൾ നൽകാൻ ഇസ്രഈൽ തയാറാകുന്നില്ലെന്നാരോപിച്ച് കഴിഞ്ഞാഴ്ച വേൾഡ് ഫുഡ് പ്രോഗ്രാം സഹായങ്ങൾ നൽകുന്നത് നിർത്തിവെക്കാൻ നിർബന്ധിതരായിരുന്നു.

Content Highlight: Hamas leader Haniyeh says stopping Israel’s war of starvation a ‘top priority’

We use cookies to give you the best possible experience. Learn more