| Tuesday, 24th October 2023, 5:13 pm

ഹമാസ് നേതാവ് ഇസ്രഈല്‍ തടവറയില്‍ മരിച്ചു, പ്രതിഷേധവുമായി ആയിരങ്ങള്‍; ഗൂഢാലോചന ആരോപിച്ച് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്രഈല്‍ തടവറയില്‍ മരിച്ചു. ഫലസ്തീനിലെ തുബാസ് സ്വദേശിയായ ഉമര്‍ രാഗ്മയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചത്.

ഒക്ടോബര്‍ 9 ന് ഇസ്രഈല്‍ സൈന്യം പിടികൂടിയ ഉമറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഇസ്രഈല്‍ മന്ത്രാലയത്തിന്റെ വിശദീകരണം.

ഇതിനകം രാഗ്മയുടെ ജന്മനഗരമായ തൂബാസില്‍ വന്‍ പ്രതിഷേധ റാലിയുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.

ഉമര്‍ രാഗ്മയുടെ മരണവിവരം ഫലസ്തീനിയന്‍ അസോസിയേഷനാണ് ആദ്യം സ്ഥിരീകരിച്ചത്. അതേസമയം അസുഖബാധിതനായ ഉമറിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചുവെന്നുമാണ് ഇസ്രഈല്‍ വാദം.

ഒക്ടോബര്‍ 7ന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം 800 പലസ്തീനികളെ തടവിലാക്കിയതായും ഇവരില്‍ 500 പേര്‍ ഹമാസ് സംഘങ്ങളാണെന്നും ഇസ്രഈല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഗസയില്‍ ഇസ്രഈല്‍ കര ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രഈലും ഹമാസും സ്ഥിരീകരിച്ചു. ഗസയില്‍ പ്രവേശിച്ച ഇസ്രഈല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ആറായിരത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ടായിരത്തിലധികവും കുട്ടികളാണ്.

Content Highlight: Hamas leader died in Israel custody

We use cookies to give you the best possible experience. Learn more