ഫലസ്തീനിലെ ഇസ്രഈൽ അതിക്രമം നേരിട്ട് വന്ന് മനസിലാക്കണം; ഇലോൺ മസ്കിനെ ഗസയിലേക്ക് ക്ഷണിച്ച് ഹമാസ്
ഗസ: ഫലസ്തീനിൽ ഇസ്രഈൽ നടത്തിയ അതിക്രമങ്ങളുടെ വ്യാപ്തി നേരിട്ട് മനസിലാക്കുന്നതിനായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിനെ ഗസയിലേക്ക് ക്ഷണിച്ച് ഹമാസ്.
ഹമാസിന്റെ മുതിർന്ന നേതാവായ ഒസാമ ഹംദാനാണ് മസ്കിനെ ഗസയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ഇസ്രഈൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ഗസയിലെ സ്ഥലങ്ങളും, സൈന്യം നടത്തിയ കൂട്ടകൊലകളുടെ വ്യാപ്തിയും നേരിട്ട് കണ്ട് ഇലോൺ മസ്‌ക് മനസിലാക്കണമെന്ന് ഹമാസ് പ്രതിനിധി പറഞ്ഞു.
ഇസ്രഈലുമായുള്ള ബന്ധത്തിൽ അമേരിക്ക അവലോകനം നടത്തണമെന്നും, ഇസ്രഈലിന് ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്നും ഹമാസ് പ്രതിനിധികൾ യു.എസിനോട് ആവശ്യപ്പെട്ടു.
കൂടാതെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുകിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ ലോക രാജ്യങ്ങൾ പ്രത്യേക സിവിൽ ഡിഫൻസ് ടീമുകളെ ഫലസ്തീനിലേക്ക് അയക്കണമെന്നും ഹമാസ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫലസ്തീനിൽ ഇസ്രഈൽ നടത്തുന്ന തീവ്രവാദം ഇല്ലാതാക്കണമെന്നും രാജ്യത്തിന്റെ പുനർനിർമാണത്തിന് താൻ തയ്യാറാണെന്നും മസ്‌ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് പ്രതിനിധിയുടെ ക്ഷണം.