ഗസ: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടയില്‍ ആയിരക്കണക്കിന് സൈനികരെ റിക്രൂട്ട് ചെയ്തതായി ഹമാസ്. സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹമാസ് പുതിയ സൈനികരെ റിക്രൂട്ട് ചെയ്തത്.
ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സിന്റെ വക്താവ് അബു ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിനിടയില്‍ ആയിരക്കണക്കിന് പുതിയ സൈനികരെ റിക്രൂട്ട് ചെയ്യാനും ഐ.ഡി.എഫിനെതിരെ ശക്തമായ ആക്രമണം തൊടുത്തുവിടാനും തങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് അബു ഉബൈദ പറഞ്ഞത്.
ഹമാസിന്റെ 24 ബ്രിഗേഡുകളും പ്രതിരോധ വിഭാഗങ്ങളും ചേര്‍ന്ന്, ബെയ്റ്റ് ഹനൂന്‍ മുതല്‍ റഫ വരെ ഒമ്പത് മാസത്തോളം പോരാടിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രഈല്‍ പൗരന്മാരെ കുരുതികൊടുത്തുകൊണ്ട് ഫലസ്തീനികളെ ഇല്ലാതാക്കാനും അധികാരത്തില്‍ തുടരാനുമാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ലോകം മനസിലാക്കിയെന്നും അബു ഉബൈദ ചൂണ്ടിക്കാട്ടി.
ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വിജയിക്കുന്നതില്‍ ഇസ്രഈലിന്റെ പരാജയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറച്ചുവെക്കുകയാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
അതേസമയം ഗസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്ച നടന്ന ചര്‍ച്ചകള്‍ക്കിടെ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രമേയം തടസപ്പെടുത്തിയെന്നും ഹമാസ് പറഞ്ഞു. ഇസ്രഈലിന്റെ ഇത്തരം നടപടികളില്‍ തീരുമാനമെടുക്കാന്‍ മധ്യസ്ഥ രാജ്യങ്ങളോട് ഹമാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ 38,150 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 87,800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഭക്ഷണം, ശുദ്ധജലം, പോഷകാഹാരം തുടങ്ങിയവയുടെ അഭാവമാണ് കുട്ടികളുടെ മരണത്തിന് കാരണമാകുന്നത്.
Content Highlight: Hamas has recruited thousands of soldiers during the war