ജറുസലേം: ഫലസ്തീനില്‍ ഇസ്രഈല്‍ അതിക്രമം വര്‍ദ്ധിക്കുന്തോറും ഫലസ്തീനികള്‍ക്കിടയില്‍ ഹമാസിന് പിന്തുണയേറുന്നതായി പഠനം. വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ സെന്റര്‍ ഫോര്‍ പോളിസി ആന്‍ഡ് സര്‍വെ റിസര്‍ച്ച് നടത്തിയ വോട്ടെടുപ്പിലാണ് ഫല്‌സീതിനികള്‍ക്കിടയില്‍ ഹമാസിന് പിന്തുണയേറുന്നതായി കണ്ടെത്തിയിട്ടുള്ളത്.
2022 സെപ്തംബറില്‍ 12 ശതമാനം പേര്‍ മാത്രമാണ് വെസ്റ്റ്ബാങ്കില്‍ ഹമാസിനെ പിന്തുണച്ചിരുന്നത് എങ്കില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഇപ്പോള്‍ നടത്തിയ സര്‍വെയില്‍ 44 ശതമാനം പേര്‍ ഹമാസിനെ പിന്തുണക്കുന്നതായാണ് കണ്ടെത്തിയത്.
എന്നാല്‍ ഹമാസിന് പിന്തുണയേറുന്നതോടൊപ്പം തന്നെ നിലവില്‍ വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റിനുള്ള പിന്തുണ കുത്തനെ കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 99 ശതമാനം പേരും പാശ്ചാത്യ പിന്തുണയോട് കൂടി ഭരണം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജിവെക്കണമെന്നാണ് പറയുന്നത്.
യുദ്ധാനന്തരം ഗസയുടെ ഭരണവും ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കണമെന്നായിരുന്നു യു.എസിന്റെ ആവശ്യം. എന്നാല്‍ ഹമാസിനെ മാറ്റിനിര്‍ത്തിയുള്ള ഫലസ്തീന്‍ പദ്ധതികളൊന്നും അംഗീകരിക്കാനാകില്ലെന്നാണ് ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയയുടെ നിലപാട്.
ഗസയില്‍ ഇസ്രഈല്‍ ബോംബാക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ പട്ടിണി നിയന്ത്രിക്കാനാകാത്തവിധം വര്‍ദ്ധിച്ചതായും ദുരിതാശ്വാസ വിതരണം പോലും അസാധ്യമായതായും ഫലസ്തീനിലെ യു.എന്‍. അഭയാര്‍ത്ഥി ഏജന്‍സി പറയുന്നു. ദിവസങ്ങളായി പട്ടിണി കിടക്കുന്നവരാണ് ക്യാംപുകളിലും പുറത്തമുള്ളവര്‍. ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന ട്രക്കുകള്‍ വഴിയില്‍ തന്നെ തടയുകയും അവിടെ വെച്ച്തന്നെ ഭക്ഷിക്കുകയും ചെയ്യുന്നതായും യു.എന്‍.ഏജന്‍സി പറയുന്നു.
അതേ സമയം ഹമാസിനെ പൂര്‍ണമായും തകര്‍ക്കും വരെ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ തുടരുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. യു.എസിന്റെയടക്കം സമ്മര്‍ദങ്ങള്‍ അതിജീവിച്ചാണ് ഇസ്രഈല്‍ ഇപ്പോഴും ഗസയില്‍ ബോബിങ് തുടരുന്നത്.
content highlights: Hamas gains support among Palestinians as war begins; Research