ജെറുസലേം: എട്ട് ബന്ദികളെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസിന് കൈമാറി ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ്. മൂന്ന് ഇസ്രഈലികളെയും അഞ്ച് തായ്‌ലൻഡുകാരെയുമാണ് ഹമാസ് വിട്ടയച്ചത്. മോചിപ്പിക്കപ്പെട്ട ഇസ്രഈൽ ബന്ദികളിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ഉള്ളത്.
തായ് ബന്ദികളെ കരം അബു സലേം ക്രോസിങ്ങില്‍ നിലയുറച്ച ഇസ്രഈലി സൈന്യത്തിന് കൈമാറും. ഇന്ന് (ബുധൻ) രാവിലെയോടെ ജബാലിയയിൽ നിന്നുള്ള ഒരു സ്ത്രീയെ ഹമാസ് മോചിപ്പിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ഏഴ് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചത്. ഹമാസ് ബന്ദികളെ കൈമാറുന്നത് സാക്ഷ്യം വഹിക്കാൻ നൂറുക്കണക്കിന് ആളുകള്‍ ഖാന്‍ യൂനുസില്‍ തടിച്ചുകൂടിയിരുന്നു.
ഹമാസ് തലവനായിരുന്ന യഹ്‌യ സിന്‍വാറിന്റെ ഇസ്രഈല്‍ തകര്‍ത്ത വീടിന് മുമ്പിലാണ് ആളുകള്‍ തടിച്ചുകൂടിയത്. മൂന്നാംഘട്ട ബന്ദികൈമാറ്റത്തിന്റെ കേന്ദ്രമായി ഹമാസ് തെരഞ്ഞെടുത്തത് സിന്‍വാറിന്റെ വസതിയാണ്.
ഹമാസ് ബന്ദികളെ കൈമാറിയതോടെ മുന്‍ സൈനികനും നാടക സംവിധായകനുമായ സക്കറിയ സുബൈദി ഉള്‍പ്പെടെ 110 ഫലസ്തീന്‍ തടവുകാരെ ഇസ്രഈല്‍ മോചിപ്പിക്കുമെന്നാണ് വിവരം. 30 കുട്ടികളെ ഉൾപ്പെടെയാണ് ഇസ്രഈൽ മോചിപ്പിക്കുക.
അതേസമയം ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങളോട് അമിതമായ ആഹ്ലാദപ്രകടനങ്ങള്‍ പാടില്ലെന്ന് ഇസ്രഈല്‍ അറിയിച്ചു. ആദ്യഘട്ട ബന്ദികൈമാറ്റത്തില്‍ കിഴക്കന്‍ ജെറുസലേമില്‍ ആഹ്ലാദ പ്രകടനം നടത്തിയ 12 ഫലസ്തീനികളെ ഐ.ഡി.എഫ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം വെസ്റ്റ് ബാങ്കില്‍ ആക്രമണം ശക്തമാക്കിയ ഇസ്രഈല്‍ സൈന്യം 26 ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത് അനുസരിച്ച്, ഗസയിലെ മരണസംഖ്യയില്‍ വലിയ വര്‍ധനവാണ് നിലവില്‍ രേഖപ്പെടുത്തുന്നത്.
ഗസയില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ മേഖലയിലേക്ക് തിരികെ വരുന്ന പശ്ചാത്തലത്തിലാണ് മരണസംഖ്യ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നിലവിൽ ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റം വൈകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇസ്രഈല്‍ മോചിപ്പിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ വിവരങ്ങള്‍ ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ഗസയില്‍ ഇസ്രഈല്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് നെതന്യാഹു സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ ബെന്‍ ഗ്വിര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്രഈലിന് സമ്പൂര്‍ണ വിജയം നേടാനായില്ലെന്നാണ് ബെന്‍ ഗ്വിര്‍ പ്രതികരിച്ചത്.
Content Highlight: Hamas frees two Israelis and five Thai hostages