ഒക്ടോബര്‍ ഏഴിലെ മ്യൂസിക് ഫെസ്റ്റിവല്‍ ആക്രമിക്കാന്‍ ഹമാസ് ലക്ഷ്യമിട്ടിരുന്നില്ല; ആക്രമണത്തില്‍ ഇസ്രഈലി സൈന്യവും ഉത്തരവാദികളെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട്
World News
ഒക്ടോബര്‍ ഏഴിലെ മ്യൂസിക് ഫെസ്റ്റിവല്‍ ആക്രമിക്കാന്‍ ഹമാസ് ലക്ഷ്യമിട്ടിരുന്നില്ല; ആക്രമണത്തില്‍ ഇസ്രഈലി സൈന്യവും ഉത്തരവാദികളെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 1:00 pm

തെല്‍ അവീവ്: ഒക്ടോബര്‍ 7ന് ഇസ്രഈലിലെ മ്യൂസിക് ഫെസ്റ്റിവല്‍ ആക്രമിക്കാന്‍ ഹമാസ് ലക്ഷ്യമിട്ടിരുന്നില്ലെന്ന് ഇസ്രഈല്‍ പത്രമായ ഹാരെറ്റ്‌സ്. മ്യൂസിക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്ന കാര്യം ഹമാസ് സായുധ സംഘടന മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്നും പൊലീസിനെയും സുരക്ഷാ വൃത്തങ്ങളെയും ഉദ്ധരിച്ച് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ പൊലീസിന്റെ എഫ്.ഐ.ആര്‍ പ്രകാരം സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിലെ ചില മരണങ്ങള്‍ക്ക് ഇസ്രഈലി സൈന്യം ഉത്തരവാദികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരന്തരമായി ഇസ്രഈല്‍ സുരക്ഷാ സ്ഥാപനങ്ങളിലെ മേധാവികളുമായി നടത്തിയ ചര്‍ച്ചയിലും അറസ്റ്റ് ചെയ്യപ്പെട്ട ഹമാസ് നേതാക്കളെ ചോദ്യം ചെയ്തതിലൂടെയുമാണ് ഈ നിഗമനത്തില്‍ പൊലീസ് എത്തിയതെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മരിച്ച ഹമാസ് നേതാക്കളുടെ വസ്ത്രങ്ങളില്‍ നിന്ന് ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്ന പ്രദേശങ്ങളുടെ മാപ്പ് ലഭിച്ചിരുന്നെന്നും ഹമാസ് സൈനികരില്‍ ആരും തന്നെ ഫെസ്റ്റിവല്‍ നടക്കുന്ന പരിസരങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നും ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കൂടാതെ ഹമാസ് ഫെസ്റ്റിവലിനെ സമീപിച്ചത് അതിര്‍ത്തിയില്‍ നിന്നല്ലെന്നും അടുത്തുള്ള ഹൈവേയില്‍ നിന്നുമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നതെന്നും പിന്നീട് ശനിയാഴ്ചയും പരിപാടി തുടരാം എന്ന് തീരുമാനിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ അടിയന്തരമായി വരുത്തിയ മാറ്റങ്ങള്‍ പുറത്തുള്ളവര്‍ അറിയാന്‍ വഴിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഹമാസ് പ്രത്യാക്രമണം തുടങ്ങി വെച്ചപ്പോള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകളും സംഭവസ്ഥലത്ത് നിന്ന് പോയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രഈല്‍ സൈനിക വിമാനത്തില്‍ നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായിട്ടുണ്ടെന്നും ഫെസ്റ്റിവലില്‍ പങ്കെടുത്തവരെ ഇടിച്ചുവീഴ്ത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ലെന്നും ഹാരെറ്റ്‌സ് പറഞ്ഞു.

ഹമാസ് പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ ഇസ്രഈലിലെ കിബ്ബത്ത്‌സ് റെയിമും ഗസയുടെ അതിര്‍ത്തിക്കടുത്തുള്ള മറ്റു ഗ്രാമങ്ങളും ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നാണ് ഇസ്രഈല്‍ 12 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാരച്യൂട്ടില്‍ ഇസ്രഈലില്‍ എത്തിയ ഹമാസ് സൈനികര്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് മ്യൂസിക് ഫെസ്റ്റിവലിനെ കുറിച്ച് കണ്ടെത്തിയതെന്നും ഇസ്രഈല്‍ 12 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഫലസ്തീനിലെ യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി ഗാലന്റ്റും അറിയിച്ചു.

Content Highlight: Hamas did not aim to attack the October 7 music festival: Haaretz reports