മാർക്സിസ്റ്റ് നേതാവ് ഉൾപ്പെടെ മൂന്ന് ഫലസ്തീനി പ്രബലരെ മോചിപ്പിക്കണം; ബന്ദി കൈമാറ്റ ചർച്ചയിൽ ഹമാസിന്റെ നിബന്ധന
World News
മാർക്സിസ്റ്റ് നേതാവ് ഉൾപ്പെടെ മൂന്ന് ഫലസ്തീനി പ്രബലരെ മോചിപ്പിക്കണം; ബന്ദി കൈമാറ്റ ചർച്ചയിൽ ഹമാസിന്റെ നിബന്ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd December 2023, 12:34 pm

ഗസ: ഇസ്രഈൽ – ഹമാസ് ഉടമ്പടിയുടെ അടുത്ത ഘട്ട ചർച്ചയിൽ പ്രബലരായ മൂന്ന് ഫലസ്തീനി നേതാക്കളെ മോചിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി ഇസ്രഈലി പത്രം യദ്യോത്ത് അഹ്രോനോത്ത്.

മൂന്ന് വ്യത്യസ്ത രാഷ്ട്രീയ ധാരയെ പ്രതിനിധീകരിക്കുന്ന മർവാൻ ബർഗൂതി, അഹ്മദ് സാദത്ത്, അബ്ദുള്ള ബർഗൂതി എന്നിവരും ഇസ്രഈൽ തടവറയിൽ നിന്ന് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെടണമെന്നാണ് ഹമാസിന്റെ നിബന്ധന.

സർവേ ഫലങ്ങൾ പ്രകാരം മഹ്മൂദ് അബ്ബാസിന് ശേഷം രാമല്ലയിലെ ഫലസ്തീൻ അതോറിറ്റിയുടെ തലവനാകണമെന്ന് ഫലസ്തീൻ ജനത ആഗ്രഹിക്കുന്ന പി.എൽ.ഒ നേതാവാണ് മർവാൻ ബർഗൂതി.

2002ൽ അറസ്റ്റിലായ 64കാരനായ ബർഗൂതി അഞ്ച് ജീവപര്യന്തങ്ങൾക്ക് വിധിക്കപ്പെട്ടാണ് ഇസ്രഈലി ജയിലിൽ കഴിയുന്നത്. ഫലസ്തീൻ അതോറിറ്റിയുടെ മുഖഛായ തന്നെ മാറ്റാൻ മർവാൻ ബർഗൂതിക്ക് കഴിയുമെന്ന് യദ്യോത്ത് അഹ്രോനോത്ത് പറയുന്നു.

മാർക്സിസ്റ്റ് പാർട്ടിയായ പോപ്പുലർ ഫ്രന്റ്‌ ഫോർ ലിബറേഷൻ ഓഫ് ഫലസ്തീന്റെ (പി.എഫ്.എൽ.പി) സെക്രട്ടറി ജനറലായിരുന്നു 2008ൽ അറസ്റ്റിലായ അഹ്മദ് സാദത്ത്.

ഇസ്രഈലി ടൂറിസം മന്ത്രി രെഹാവം സീവിയുടെ കൊലപാതകത്തിൽ കുറ്റാരോപിതനായി 30 വർഷത്തെ ജയിൽ വാസത്തിന് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് ഇദ്ദേഹം.

ഹമാസിന്റെ ഉന്നത നേതാക്കളിൽ ഒരാളായ അബ്ദുള്ള ബർഗൂതി ഇസ്രഈലികൾക്കെതിരെ ആക്രമണങ്ങൾ നടത്തിയതിന് ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.

2011ൽ ഹമാസുമായി നടത്തിയ ബന്ദി കൈമാറ്റ ഉടമ്പടിയിൽ മൂന്ന് നേതാക്കളെയും ഉൾപെടുത്താൻ ഇസ്രഈൽ വിസമ്മതിച്ചിരുന്നു. അന്ന് ഇസ്രഈലി സൈനികൻ ഗിലാഡ് ശാലിറ്റിന്റെ മോചനത്തിന് പകരമായി 1,000 ഫലസ്തീനി തടവുകാരെ വിട്ടയക്കുകയായിരുന്നു.

Content Highlight: Hamas demands release of 3 top Palestinian leaders including Marxist leader in any hostage deal with Israel: Report