ഫലസ്തീനികള്‍ക്കെതിരെ വധശിക്ഷ നടപ്പിലാക്കി; ഇസ്രഈലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹമാസ്
World News
ഫലസ്തീനികള്‍ക്കെതിരെ വധശിക്ഷ നടപ്പിലാക്കി; ഇസ്രഈലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2023, 9:24 am

ജെറുസലേം: ഗസയിലെ ഫലസ്തീനികളെ വധശിക്ഷക്ക് വിധിച്ചെന്ന് ചൂണ്ടിക്കാട്ടി ഇസ്രഈല്‍ സൈന്യത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹമാസ്. ഇസ്രഈല്‍ കരയാക്രമണത്തില്‍ ഒക്ടോബര്‍ 7 മുതല്‍ വടക്കന്‍ ഗസ മുനമ്പില്‍ ഇസ്രഈലി സൈന്യം 137 ഫലസ്തീന്‍ സിവിലിയന്‍മാരുടെ സംഗ്രഹ വധശിക്ഷ നടപ്പിലാക്കിയെന്നതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഹമാസ് അവകാശപെടുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലി സൈന്യം ഗസ സിറ്റിയുടെ കിഴക്ക് ഭാഗത്തായി തടവിലാക്കിയ ഡസൻ കണക്കിന് പൗരന്മാരെ അതിക്രൂരമായി വധിച്ച് കുഴിച്ചുമൂടുകയും ചെയ്തുവെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.

ഈ ആഴ്ച ഫലസ്തീനിലെ വടക്കന്‍ പട്ടണമായ ജബലിയയില്‍ റെയ്ഡിനിടെ ഡസന്‍ കണക്കിന് ഫലസ്തീനികളെ ഇസ്രഈല്‍ കൊലപ്പെടുത്തിയെന്നും പരസ്യമായി വധശിക്ഷക്ക് വിധിച്ചെന്നും ഹമാസ് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

തെളിവുകള്‍ നശിപ്പിച്ച് നിരായുധരായ 11 ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം വധശിക്ഷക്ക് വിധിച്ചുവെന്ന വിവരങ്ങള്‍ ലഭിച്ചതായി യു.എന്‍ മനുഷ്യാവകാശ ഓഫീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഗസയിലെ റിമാല്‍ പരിസരത്താണ് കൊലപാതകങ്ങള്‍ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുദ്ധകുറ്റമെന്ന് ആരോപിക്കപ്പെടുന്ന സൈനിക നടപടികളില്‍ അന്വേഷണം നടത്തണമെന്ന് ഇസ്രഈലിനോട് യു.എന്‍ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു.

നിലവില്‍ ഒരു ബുള്‍ഡോസറിന്റെയും സൈനിക വാഹനങ്ങളുടെയും അകമ്പടിയോടെ ഇസ്രഈല്‍ സൈന്യം ജെനിനിലേക്ക് കടന്നതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബെത്ലഹേം, ജെറിക്കോ, ക്വാലാന്‍ഡിയയിലെ അഭയാര്‍ത്ഥി ക്യാമ്പ്, ഹെബ്രോണ്‍, യാട്ട, നബ് ലസിന്റെ തെക്ക് ഭാഗമായ ബെയ്റ്റ, ഖാരിയൗട്ട് പട്ടണങ്ങളിലും ഇസ്രഈല്‍ സൈന്യം റെയ്ഡുകള്‍ ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.

ഫലസ്തീന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഗസയില്‍ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീനികളുടെ ആകെ എണ്ണം 20,258 ആയി വര്‍ധിച്ചുവെന്നും പരിക്കേറ്റവരുടെ എണ്ണം 53,688 ആയെന്നുമാണ് വ്യക്തമാവുന്നത്.

Content Highlight: Hamas demands an international investigation against Israel for the execution of Palestinians