ഗസ: യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ്. പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു.
ഇന്നലെ (വ്യാഴാഴ്ച്ച) റഫയില്‍ നടന്ന ആക്രമണത്തില്‍ സിന്‍വാറിനെ കൊലപ്പെടുത്തിയെന്ന് ഇസ്രഈല്‍ അവകാശവാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് പ്രതികരിക്കുന്നത്.
‘ഹമാസ് രക്തസാക്ഷികളില്‍ സിന്‍വാറിന്റെ സ്ഥാനം ഏറ്റവും മുന്‍നിരയിലാണ്. ഈ രക്തസാക്ഷിത്തം ഞങ്ങള്‍ ഊര്‍ജമാണ് നല്‍കുന്നത്. ഫലസ്തീന്‍ സ്വാതന്ത്രമാകും വരെ പോരാടും,’ എന്ന് ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു.
ജെറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഗസയിലെ ഹമാസിന്റെ തലവന്‍ ഖലീല്‍ അല്‍-ഹയ്യ പ്രതികരിച്ചു. അല്‍ ജസീറയിലൂടെ ഖലീല്‍ അല്‍-ഹയ്യയാണ് യഹ്യ സിന്‍വാര്‍ മരണപ്പെട്ട വിവരം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ ഇറാനില്‍ വെച്ച് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിന്‍വാര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഇസ്രഈല്‍ ലക്ഷ്യമിട്ടിരുന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സിന്‍വാര്‍. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ നടന്ന ഹമാസ് പ്രത്യാക്രമണത്തിന് പിന്നിലെ കൈകള്‍ സിൻവറിന്റേതായിരുന്നുവെന്നാണ് ഇസ്രഈലിന്റെ വാദം.
ഗസയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ യഹ്‌യ സിന്‍വാറാണെന്നും ഡി.എന്‍.എ. പരിശോധനയില്‍ അത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഐ.ഡി.എഫ് ഇന്നലെ അവകാശപ്പെട്ടത്. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതില്‍ മൂന്ന് തീവ്രവാദികളുണ്ടായിരുന്നെന്നും ഇതില്‍ ഒരാള്‍ സിന്‍വാറാണെന്നുമാണ് ഇസ്രഈല്‍ അവകാശപ്പെട്ടിരുന്നത്. സിന്‍വാറിന്റേതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ ചിത്രവും ഇസ്രഈല്‍ പുറത്തുവിട്ടിരുന്നു. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.
ഗസയിലെ അല്‍ അഖ്സ ആശുപത്രിക്ക് നേരെ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളെ ഇസ്രഈല്‍ ന്യായീകരിച്ചത്, കെട്ടിടത്തിന് താഴെ ഹമാസിന്റെ തുരങ്കമുണ്ടെന്നും ഇവിടെ നിന്നുകൊണ്ടാണ് സിന്‍വാര്‍ ഇസ്രഈലിനെ പ്രതിരോധിക്കുന്നതെന്നുമായിരിക്കുന്നു.
കഴിഞ്ഞ ദിവസം ഗസയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന അല്‍ അഖ്സ ആശുപത്രിയിലെ ടെന്റുകള്‍ക്ക് നേരെ ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി ആളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍ അഖ്സ ആശുപത്രിക്ക് നേരെ നടക്കുന്ന ഏഴാമത്തെ ആക്രമണമായിരുന്നു ഇത്.
Content Highlight: Hamas confirms death of Yahya Sinwar