ഗസ: അമേരിക്കയിലെ ഇസ്രഈല്‍ എംബസിക്ക് മുമ്പില്‍ തീകൊളുത്തി മരിച്ച അമേരിക്കന്‍ സൈനികന്‍ ആരോണ്‍ ബുഷ്നലിന് അനുശോചനം അറിയിച്ച് ഹമാസ്.
ഫലസ്തീന്‍ ജനതയുടെയും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളുടെയും മനസില്‍ പൈലറ്റ് ആരോണ്‍ ബുഷ്‌നല്‍ അനശ്വരനായി തുടരുമെന്ന് ഹമാസ് പ്രതികരിച്ചു. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാണത്യാഗം ചെയ്ത അമേരിക്കന്‍ സൈനികന്‍ പോരാളികളുടെ കൂട്ടത്തിലെ വീരനാണെന്നും ഹമാസ് പറഞ്ഞു.
അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും നയങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയുടെ സംരക്ഷകനെന്ന നിലയില്‍ ആരോണ്‍ ബുഷ്‌നല്‍ തന്റെ പേര് അനശ്വരമാക്കിയെന്നും ഹമാസ് പറഞ്ഞു. സൈനികന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഹമാസ് അറിയിച്ചു.
ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനോടുള്ള ആഗോള മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ആരോണ്‍ ബുഷ്‌നല്‍ എന്നും ഹമാസ് ചൂണ്ടിക്കാട്ടി. സൈനികന്റെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പൂര്‍ണ ഉത്തരവാദിയെന്നും ആസൂത്രിത വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന അമേരിക്കയുടെ നയത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുന്നു എന്നതിന്റെ തെളിവാണ് നിലവില്‍ കാണുന്നതെന്നും ഹമാസ് പറഞ്ഞു.
ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രഈല്‍ എംബസിക്ക് മുമ്പില്‍ സ്വയം തീകൊളുത്തിയ യു.എസ് സൈനികന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സാമൂഹ്യ മാധ്യമമായ ട്വിച്ചിലൂടെ ബുഷ്‌നല്‍ ലൈവ് വീഡിയോ സ്ട്രീം ചെയ്തുവെന്നും തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് വംശഹത്യയോട് സന്ധി ചെയ്യാനില്ലെന്ന് ഉച്ചത്തില്‍ വിളിച്ചിപറഞ്ഞിരുന്നെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീ കൊളുത്തിയശേഷം തറയില്‍ വീഴുന്നത് വരെ അദ്ദേഹം ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Hamas condoles American soldier Aaron Bushnell