| Saturday, 9th December 2023, 8:05 am

ഗ്രേറ്റ് ഒമാരി മസ്ജിദിന് നേരെ ഇസ്രഈല്‍ ബോംബാക്രമണം നടത്തിയതായി ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസ സിറ്റിയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗ്രേറ്റ് ഒമാരി മസ്ജിദിന് നേരെ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ വ്യാപക നാശനഷ്ടം സംഭവിച്ചതായി ഹമാസ്. ഫലസ്തീനില്‍ ഇസ്രഈല്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്ന് ഹമാസ് നേതാക്കള്‍ യുനെസ്‌കോയോട് ആവശ്യപ്പെടുകയുണ്ടായി.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഗ്രേറ്റ് ഒമാരി മസ്ജിദിന് വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചതായി കാണിക്കുന്നുണ്ട്. മസ്ജിദിന്റെ ചുറ്റുപാടുകള്‍ തകര്‍ന്ന് മിനാരം മാത്രം കേടുകൂടാതെ നിലനില്‍ക്കുന്നതായിട്ടാണ് ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നത്.

പുരാവസ്തു കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇസ്രാഈലിന്റെ ആക്രമണത്തില്‍ യുനെസ്‌കോ നടപടിയെടുക്കണമെന്നാണ് ഹമാസ് നേതാക്കളുടെ ആവശ്യം. ലോകത്തെ മഹത്തായ നാഗരിക സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ യുനെസ്‌കോ മുന്‍കൈയെടുക്കണമെന്ന് ഗസയിലെ ടൂറിസം ആന്‍ഡ് പുരാവസ്തു മന്ത്രാലയം ആവശ്യപ്പെട്ടു.

അഞ്ചാം നൂറ്റാണ്ട് മുതല്‍ ഗ്രേറ്റ് ഒമാരി മസ്ജിദ് എന്ന സ്ഥലം ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പുണ്യ സ്ഥലമായി കാണുന്ന ഒന്നാണെന്നാണ് കരുതപ്പെടുന്നത്. ഗസയില്‍ ഇസ്രഈല്‍ സൈന്യം ആക്രമണം ആരംഭിച്ചത് ശേഷം 104 പള്ളികള്‍ തകര്‍ത്തതായി നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

മസ്ജിദിന്റെ തകര്‍ച്ചയില്‍ തങ്ങളുടെ ഓര്‍മകളെ ഇസ്രഈല്‍ തുടച്ചു മാറ്റാന്‍ ശ്രമിക്കുന്നതായി അഹമ്മദ് നെമര്‍ എന്ന ഫലസ്തീനി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

1,000 വര്‍ഷത്തിലേറെയായി ഗസയിലെ ഫലസ്തീനികള്‍ കുളിച്ചിരുന്ന തുര്‍ക്കി ശൈലിയിലുള്ള അവസാന കുളിമുറിയായ ഹമ്മാം അല്‍-സമര ഇസ്രഈല്‍ സൈന്യം നശിപ്പിച്ചതായും സിറ്റിയിലെ ഒത്മാന്‍ ബിന്‍ ഖഷ്ഖര്‍ മസ്ജിദിന് നേരെ വ്യോമാക്രമണം നടത്തിയതായും ഹമാസ് അറിയിച്ചു.

എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്രഈല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

Content Highlight: Hamas claims Israel bombed Great Omari Mosque

We use cookies to give you the best possible experience. Learn more