ഗസ: ഗസയിലെ ഇസ്രഈലി വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. കൊല്ലപ്പെട്ടവരിൽ വിദേശികൾ ഉൾപ്പെടുന്നുണ്ടെന്ന് ഹമാസ് അറിയിച്ചു. എന്നാൽ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിന് നേരെ ആക്രമണം നടത്തിയതിനെ തുടർന്നാണ് നിലവിലെ യുദ്ധത്തിന് ഔദ്യോഗികമായി തുടക്കമായത്. ഇരുപക്ഷത്ത് നിന്നുമായി ഇതുവരെ 2,800 പേർ മരണപ്പെട്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഇസ്രഈലി സൈനിക വക്താവ് ഡാനിയേൽ ഹഗരി ഹമാസിന്റെ വാദത്തെ നിഷേധിച്ചു.
വടക്കൻ ഗസയിലെ 10 ലക്ഷത്തോളം ആളുകളോട് അവിടെ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രഈൽ നിർദേശിച്ചു. തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങാനാണ് നിർദേശം. എന്നാൽ 24 മണിക്കൂറിനുള്ളിൽ വലിയ ജനക്കൂട്ടം പലായനം ചെയ്യുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്നാണ് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഗസ നഗരത്തിലേക്ക് മടങ്ങി വരരുതെന്നാണ് ഇസ്രഈൽ പ്രതിരോധ സേനയായ ഐ.ഡി.എഫ് നിർദേശിക്കുന്നത്. ഗസയിലെ ജനങ്ങൾ താമസിക്കുന്ന വീടുകളിലും കെട്ടിടങ്ങൾക്കുമടിയിലെ ഭൂഗർഭ അറകളിൽ ഹമാസ് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഐ.ഡി.എഫ് പറയുന്നത്.
നേരത്തെ ഗസയിൽ ഇസ്രഈൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞിരുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നിയമപരമായി വിലക്കപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്രഈൽ ഇത്തരത്തിൽ ഒരു സൈനിക നടപടി കൈകൊണ്ടതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് വിമർശിച്ചിരുന്നു.
Content Highlight: Hamas claims 13 hostages killed in Israeli airstrikes