ബീജിങ്: ചൈനയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ രൂപീകരിച്ച ദേശീയ ഐക്യ കരാറില്‍ ഒപ്പുവെച്ച് ഹമാസും ഫതഹും. യുദ്ധാനന്തരം ഗസയുടെ മേലുള്ള ഫലസ്തീന്റെ നിയന്ത്രണം നിലനിര്‍ത്താനുള്ള കരാറിലാണ് സായുധ സംഘടനകള്‍ ഒപ്പുവെച്ചിരിക്കുന്നത്. ഹമാസും ഫതഹും ഉള്‍പ്പെടെ 14 ഫലസ്തീന്‍ ഗ്രൂപ്പുകളാണ് കരാറില്‍ ഒപ്പുവെച്ചത്.
മൂന്ന് ദിവസം നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ചൈന മുന്നോട്ടുവെച്ച കരാര്‍ സംഘടനകള്‍ അംഗീകരിച്ചത്. യുദ്ധാനന്തരം ഗസയിലെ പദ്ധതിക്ക് കരാറിലൂടെ അടിത്തറയിട്ടുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ഒരു ഇടക്കാല ദേശീയ ഐക്യ ഗവണ്‍മെന്റ് സ്ഥാപിക്കുക, തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏകീകൃത ഫലസ്തീന്‍ നേതൃത്വത്തിന്റെ രൂപീകരണം, ഒരു പുതിയ ഫലസ്തീന്‍ നാഷണല്‍ കൗണ്‍സിലിന്റെ സ്വതന്ത്ര തെരഞ്ഞെടുപ്പ്, ഇസ്രഈല്‍ ആക്രമണങ്ങളെ അഭിമുഖീകരിക്കുന്ന പൊതു ഐക്യ പ്രഖ്യാപനം എന്നീ നിര്‍ദേശങ്ങളാണ് കരാറില്‍ ചൈന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചൈനയുടെ ആതിഥേയത്വത്തില്‍ നടന്ന ചര്‍ച്ചയും ദേശീയ ഐക്യ കരാറും ഇതുവരെ സംഘടപ്പിച്ചതില്‍ ഏറ്റവും മികച്ചതാണെന്ന് കരാര്‍ ഒപ്പിട്ട 14 വിഭാഗങ്ങളിലൊന്നായ ഫലസ്തീന്‍ നാഷണല്‍ ഇനിഷ്യേറ്റീവിന്റെ സെക്രട്ടറി ജനറല്‍ മുസ്തഫ ബര്‍ഗൂതി അല്‍ ജസീറയോട് പറഞ്ഞു.
ഹമാസിനും ഫതഹിനുമിടയിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ചൈന അനുരഞ്ജന ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാന്‍ തീരുമാനിച്ചത്. ജൂലൈ 20, 21 തീയതികളില്‍ ചൈനീസ് തലസ്ഥാനത്ത് വെച്ചാണ് ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഹമാസിന്റെ പ്രതിനിധി സംഘത്തെ പ്രതിനിധികരിച്ച് മൂവ്മെന്റ് പൊളിറ്റിക്കല്‍ ബ്യൂറോ ചീഫ് ഇസ്മായില്‍ ഹനിയേയും ഫതഹ് പ്രതിനിധിയായി ഡെപ്യൂട്ടി ഹെഡ് മഹ്‌മൂദ് അല്‍ അലൂലുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത്.
2006 ലെ ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ വിജയം നേടിയത് മുതല്‍ ഹമാസും ഫതഹും തമ്മില്‍ ഭിന്നതയിലായിരുന്നു. ഹമാസ് ഗസയില്‍ ഭരണം നടത്തുമ്പോള്‍ വെസ്റ്റ് ബാങ്കില്‍ ഫതഹ് ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഭരണം കൈയാളിയിരുന്നത് ഫലസ്തീന്‍ അതോറിറ്റിയുമായിരുന്നു.
ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ തങ്ങളുടെ ബന്ധവും സ്വാധീനവും വിപുലീകരിക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഒന്നിലധികം തവണ ചൈന സന്ദര്‍ശിച്ചിട്ടുള്ള ഫതഹ് നേതാവ് മഹമൂദ് അബ്ബാസ് ഉള്‍പ്പെടെ, റാമല്ലയിലെ ഫലസ്തീന്‍ നേതാക്കളുമായി ബീജിങ്ങിന് ദീര്‍ഘകാലമായി സൗഹൃദം പുലര്‍ത്തുന്നുണ്ട്.
Content Highlight: Hamas and Fatah signed the national unity agreement proposed by China in the reconciliation talks