ഹമാസ് ബന്ധമുള്ള വിദ്യാര്‍ത്ഥി സംഘടനക്ക് വെസ്റ്റ് ബാങ്ക് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ വിജയം
World News
ഹമാസ് ബന്ധമുള്ള വിദ്യാര്‍ത്ഥി സംഘടനക്ക് വെസ്റ്റ് ബാങ്ക് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th May 2022, 2:03 pm

വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍ മിലിറ്റന്റ് ഗ്രൂപ്പായ ഹമാസുമായി അടുത്ത ബന്ധമുള്ള വിദ്യാര്‍ത്ഥി സംഘടനക്ക് വെസ്റ്റ് ബാങ്ക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയം.

ഹമാസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ദി ഇസ്‌ലാമിക് വഫ ബ്ലോക്കാണ് (The Islamic Wafa) വെസ്റ്റ് ബാങ്കിലെ ഒരു പ്രമുഖ സര്‍വകലാശാലയായ റാമല്ലയിലെ ബിര്‍സെയ്ട് യൂണിവേഴ്‌സിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ഇസ്രഈല്‍ സൈന്യത്തില്‍ നിന്നുള്ള ഭീഷണികള്‍ മറികടന്നുകൊണ്ടാണ് സംഘടനയുടെ വിജയം.

ബുധനാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

ആകെയുള്ള 51 സീറ്റില്‍ 28ഉം നേടിക്കൊണ്ട് നേരിയ ഭൂരിപക്ഷത്തിലായിരുന്നു ദി ഇസ്‌ലാമിക് വഫയുടെ വിജയം. 5068 വോട്ടുകളാണ് ഇവര്‍ നേടിയത്.

തൊട്ടുപിന്നാലെ ഷബിബ ബ്ലോക്ക് (Shabiba) 18 സീറ്റുകള്‍ നേടി.

ഫലസ്തീന്റെ ഭരണകക്ഷിയായ ഫതാഹ് (Fatah) യുടെ വിദ്യാര്‍ത്ഥി സംഘടനയാണ് ഷബിബ. 3379 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്.

ഡെമോക്രാറ്റിക് പ്രോഗ്രസീവ് സ്റ്റുഡന്റ് പോള്‍ ആണ് അഞ്ച് സീറ്റുകള്‍ നേടിക്കൊണ്ട് മൂന്നാമത് നില്‍ക്കുന്നത്. 888 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്.

മുമ്പ് വെസ്റ്റ് ബാങ്കില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സ്റ്റുഡന്റ്‌സ് കൗണ്‍സിലുകളില്‍ ഫതാഹ് ആയിരുന്നു മേധാവിത്തം പുലര്‍ത്തിയിരുന്നത്.

2019ല്‍ ബിര്‍സെയ്ട് യൂണിവേഴ്‌സിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വഫയും ഫതാഹ്‌യും 23 സീറ്റുകള്‍ വീതമായിരുന്നു നേടിയിരുന്നത്.

അതേസമയം, ഇസ്രഈലി അതോറിറ്റികളുടെ ഇടപെടലുകളും വിദ്യാര്‍ത്ഥികളുടെ അറസ്റ്റുകളും ഉണ്ടായെങ്കിലും മുന്‍കൂട്ടി പദ്ധതിയിട്ടത് പോലെ തന്നെ വോട്ടിങ്ങ് പൂര്‍ത്തിയായതായി ബിര്‍സെയ്ട് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും ഫലസ്തീന്‍ രാഷ്ട്രീയത്തിലും നിര്‍ണായകമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ബിര്‍സെയ്ട് യൂണിവേഴ്‌സിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പ്.

Content Highlight: Hamas affiliated student bloc wins West Bank university election