| Sunday, 21st July 2019, 3:52 pm

2019 ല്‍ പകുതിസീറ്റും നഷ്ടപ്പെട്ടു; 2021 ല്‍ പൂര്‍ണമായി തുടച്ചുനീക്കും; തൃണമൂലിനെതിരെ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. 2021 ലെ നിയസഭാ തെരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തുടച്ചുമാറ്റുമെന്നായിരുന്നു ബാബുല്‍ സുപ്രിയോ പറഞ്ഞത്.

”2019 ല്‍ പകുതി ശക്തിയും നഷ്ടപ്പെട്ടു. 2021 ഓടെ പൂര്‍ണമായും തുടച്ചുനീക്കും”- എന്നായിരുന്നു സുപ്രിയോ ട്വിറ്ററില്‍ കുറിച്ചത്.

നേരത്തേയും സമാനമായ പ്രസ്താവനയുമായി ബാബുല്‍ സുപ്രിയോ രംഗത്തെത്തിയിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഉണ്ടാവില്ലെന്നായിരുന്നു സുപ്രിയോ പറഞ്ഞത്.

കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു മമത ഇന്ന് ഉന്നയിച്ചത്. നോട്ട് നിരോധനവും കള്ളപ്പണ വേട്ടയും കുതിരക്കച്ചവടവും ഉയര്‍ത്തിക്കാട്ടിയായിരുന്നു മമത ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.

കര്‍ണാടകയിലെ പോലെ ബി.ജെ.പി വിവിധ സംസ്ഥാനങ്ങളില്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതില്‍ നേതാക്കള്‍ വീഴരുതെന്നും മമത പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റില്‍ 22 സീറ്റില്‍ മാത്രമായിരുന്നു ബംഗാളില്‍ തൃണമൂലിന് നേടാനായത്. 18 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more