തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ കോൺഗ്രസ് നേതാവും അനന്തു കൃഷ്ണന്റെ ലീഗൽ അഡ്വൈസറുമായ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ ഓഫീസിലും ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 12 ഇടങ്ങളിലായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ പരിശോധന നടത്തുന്നത്.
പാതിവില തട്ടിപ്പിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് എൻജിയോ കോൺഫെഡറേഷന്റെ ഭാരവാഹികളായിട്ടുള്ള ലാലി വിൻസെന്റിന്റെയും ആനന്ദ് കുമാറിന്റെയും ഓഫീസുകളും വീടുകളിലും പരിശോധന നടത്തുന്നത്.
ഈ തട്ടിപ്പിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളവരാണ് എൻജിയോ കോൺഫെഡറേഷന്റെ ഭാരവാഹികൾ എന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ അന്വേഷണ സംഘം പുറത്ത് വിട്ടിരുന്നു.
കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. ആനന്ദ കുമാർ ചെയർമാൻ ആയ ദേശീയ എൻജിയോ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം ക്രൈംബ്രാഞ്ച് തള്ളിയിരുന്നു.
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുവിന്‍റെ സോഷ്യൽ ബീ വെൻചേഴ്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിൻറെ പ്രതികരണം.
പാതിവിലക്ക് ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ കോടികൾ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. 20163 പേരിൽ നിന്ന് 60 ,000 രൂപ വീതവും, 4035 പേരിൽ നിന്ന് 56 ,000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകൾ. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്റെ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ 548 കോടി രൂപ എത്തി. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി.
പ്രതി ചേർത്തതിന് പിന്നാലെ ജാമ്യം തേടി ലാലി വിൻസെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിലാണ് ലാലി വിൻസെന്റിനെ പ്രതിചേർത്തത്. അനന്തു കൃഷ്ണൻ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളുണ്ട്. ലാലി വിൻസെന്റ് ഏഴാം പ്രതിയാണ്.
Content Highlight: Half price scam; ED raids at Lali Vincent’s house and Ananda Kumar’s office