ഇസ്രഈല്‍ ബോധപൂര്‍വം സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്ന് അമേരിക്കയിലെ പകുതി യുവാക്കളും വിശ്വസിക്കുന്നു; ന്യൂയോര്‍ക്ക് ടൈംസ് സര്‍വേ റിപ്പോര്‍ട്ട്
World
ഇസ്രഈല്‍ ബോധപൂര്‍വം സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്ന് അമേരിക്കയിലെ പകുതി യുവാക്കളും വിശ്വസിക്കുന്നു; ന്യൂയോര്‍ക്ക് ടൈംസ് സര്‍വേ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2023, 8:10 am

വാഷിങ്ടണ്‍: ഗസയിലെ സാധാരണക്കാരെ ഇസ്രഈല്‍ കൊലപ്പെടുത്തുന്നത് ബോധപൂര്‍വമാണെന്ന് അമേരിക്കയിലെ പകുതി യുവാക്കളും വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഗസയിലെ സാധാരണക്കാരെ മാത്രം ലക്ഷ്യംവെച്ച് ഇസ്രഈല്‍ ബോധപൂര്‍വമാണ് ഇത്തരമൊരു ആക്രമണം നടത്തുന്നതെന്ന് അമേരിക്കയിലെ 48 ശതമാനം യുവാക്കളും വിശ്വസിക്കുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പുതിയ സര്‍വേയില്‍ പറയുന്നത്.

ഫലസ്തീന്‍-ഇസ്രഈല്‍ യുദ്ധത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്വീകരിക്കുന്ന സമീപനത്തെയും ഇസ്രഈലിനെ അനുകൂലിക്കുന്ന അമേരിക്കയുടെ നിലപാടിനേയും 18-29 വയസുവരെ പ്രായമുള്ളവര്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വിമര്‍ശിക്കുന്നുണ്ട്.

അതേസമയം 65 വയസും അതിന് മുകളില്‍ ഉള്ളവര്‍ ഫലസ്തീനെതിരായ ഇസ്രഈലിന്റെ ആക്രമണത്തെ അനുകൂലിക്കുകയും ഇസ്രഈലിനുള്ള പിന്തുണ അമേരിക്ക തുടരണമെന്ന് ആവശ്യപ്പെടുന്നവരുമാണ്.

സര്‍വേയില്‍ ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കുരുതിയെ പൂര്‍ണമായും എതിര്‍ത്തുകൊണ്ടാണ് അമേരിക്കയുടെ യുവാക്കള്‍ വോട്ട് രേഖപ്പെടുത്തിയത്. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഇസ്രഈല്‍ അത്തരമൊരു ആലോചനയില്‍ നിന്ന് പിന്മാറണമെന്നും ബന്ദികളെ സുരക്ഷിതമാക്കണമെന്നും ഇസ്രഈല്‍ യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് 70 ശതമാനം പേരും സര്‍വേയില്‍ ആവശ്യപ്പെടുന്നത്.

46 ശതമാനം യുവാക്കള്‍ ഫലസ്തീനികളോട് അനുഭാവം പുലര്‍ത്തുമ്പോള്‍ 27 ശതമാനം പേര്‍ മാത്രമാണ് ഇസ്രഈലിനെ പിന്തുണയ്ക്കുന്നത്.

അതേസമയം ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം പ്രസിഡന്റ് ജോ ബൈഡന്‍ കൈകാര്യം ചെയ്യുന്ന രീതിയെ അംഗീകരിക്കുന്നില്ലെന്നാണ് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 70 ശതമാനത്തിലധികം അമേരിക്കക്കാരും പറഞ്ഞത്.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം രണ്ടരമാസം പിന്നിടുന്ന വേളയിലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇതുവരെ 19,667 ഫലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്, അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധത്തില്‍ 1200 ഇസ്രഈലികളും വിദേശ പൗരന്മാരും കൊല്ലപ്പെട്ടതായിട്ടാണ് ഇസ്രഈല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.

ഗസയിലെ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, യു.എന്‍ ഷെല്‍ട്ടറുകള്‍ എന്നിവ ലക്ഷ്യമാക്കി ഇപ്പോഴും ഇസ്രഈല്‍ ബോംബാക്രമണം തുടരുന്നുണ്ട്.

ഇസ്രഈല്‍ അന്താരാഷ്ട്ര-യുദ്ധ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് വിവിധ അന്താരാഷ്ട്ര സംഘടനകള്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവും ശക്തമാണ്.

യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്രഈലിന് എല്ലാ വിധത്തിലുള്ള നയതന്ത്ര പിന്തുണയും യു.എസ് നല്‍കുന്നുണ്ട്. ബില്യണ്‍ കണക്കിന് ഡോളര്‍ സൈനിക സഹായവും യു.എസ് നല്‍കിക്കഴിഞ്ഞു.

ഫലസ്തീനെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തില്‍ യു.എസിലെ പ്രധാനനഗരങ്ങളിലടക്കം വലിയ ബഹുജന പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇസ്രഈലിനെതിരെ അമേരിക്കയിലെ യുവാക്കള്‍ രംഗത്തെത്തുമ്പോഴും പോള്‍ ചെയ്ത എല്ലാ പ്രായക്കാര്‍ക്കിടയിലും ബൈഡന്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനോട് വ്യാപകമായ വിയോജിപ്പുണ്ട്.

Content Highlight: Half of young Americans think Israel intentionally kills civilians, survey says