|

നായകന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നാലില്‍ ഒരുഭാഗം പോലും നായികയ്ക്ക് ലഭിക്കുന്നില്ല; ബോളിവുഡിലെ വിവേചനം വീണ്ടും തുറന്നു പറഞ്ഞ് തപ്‌സി പന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പനാജി: ബോളിവുഡില്‍ നായകനും നായികയ്ക്കും ലഭിക്കുന്ന പരിഗണനയെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞ് നടി തപ്‌സി പന്നു. ഒരു ബോളിവുഡ് സിനിമയില്‍ നായകന്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി തുക പോലും ചിത്രത്തിലെ നായികയ്ക്ക് ലഭിക്കുന്നില്ലെന്ന് തപ്‌സി പറഞ്ഞു.

50-ാമത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐ.എഫ്.എഫ്.ഐ) മാധ്യമങ്ങളോട് സംസാരിക്കവെയാണ് തപ്‌സി സിനിമാ രംഗത്തെ വിവേചനത്തെ കുറിച്ച് വീണ്ടും ആവര്‍ത്തിച്ചത്.

നായകന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നാലില്‍ ഒരുഭാഗം പോലും നായികയ്ക്ക് ലഭിക്കുന്നില്ലെന്ന് തപ്‌സി കൂട്ടിച്ചേര്‍ത്തു. നായകന്റെ പ്രതിഫലത്തിന്റെ പകുതി തുക മതി ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ നിര്‍മ്മിക്കാന്‍. നമ്മള്‍ ഒരുപാട് ദൂരം പോകാനുണ്ടെന്നും തപ്‌സി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ ബോക്‌സ് ഓഫീസില്‍ വിജയിപ്പിക്കുക എന്നതാണ് ഈ പ്രതിഫല വ്യത്യാസം ഇല്ലാതാകാനുള്ള വഴി. തന്റെ കാലഘട്ടത്തില്‍ തന്നെ ഇത് മാറുമെന്നാണ് കരുതുന്നതെന്നും’ തപ്‌സി പറഞ്ഞു.

ചലച്ചിത്ര മേളയിലെ ‘വുമണ്‍ ഇന്‍ ലീഡ്’ എന്ന സെഷനില്‍ ഇംഗ്ലീഷില്‍ സംസാരിക്കവെ താരത്തിനെതിരെ കാണികളിലൊരാള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘താങ്കള്‍ ഹിന്ദി സിനിമകളിലാണ് അഭിനയിക്കുന്നത്. അപ്പോള്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ എന്താണ് പ്രശ്നം’, എന്നായിരുന്നു ഇയാളുടെ ചോദ്യം.

ഇതിനു താന്‍ ഹിന്ദിയില്‍ മാത്രമല്ല സൗത്ത് ഇന്ത്യന്‍ സിനിമകളിലും അഭിനയിക്കുന്നുണ്ടെന്നും തമിഴിലും തെലുങ്കിലും സംസാരിക്കട്ടേ എന്നും താരം തിരിച്ചു ചോദിച്ചിരുന്നു.

തന്റെ നിലപാടുകളിലൂടെയും മികച്ച സ്ത്രീ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെയും തപ്‌സി എന്നും ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തയാണ്. ബദ്‌ല, ബേബി, സാന്ത് കി ആങ്ക് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് നിരൂപക പ്രശംസ നേടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബോളിവുഡ് ചിത്രം ‘സാന്ദ് കീ ആഖ്’ ആണ് താരത്തിന്റെ ഈയടുത്ത് റിലീസായ സിനിമ. അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച ‘പിങ്ക്’ എന്ന സിനിമ നിരൂപക പ്രശംസ നേടുകയും ബോക്സ് ഓഫീസില്‍ വിജയവുമായതോടെയാണ് തപ്സി ബോളിവുഡില്‍ ചുവടുറപ്പിച്ചത്.

Video Stories