പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന്റെ മന്ത്രിസഭയിലെ പകുതി അംഗങ്ങളും സ്ത്രീകള്‍. ലിംഗസമത്വം വാക്കില്ല, പ്രവൃത്തിയില്‍ കാണിച്ച് മാതൃക കാണിച്ച മാക്രോണിന്റെ തീരുമാനത്തെ കയ്യടിയോടെയാണ് ലോകം സ്വാഗതം ചെയ്യുന്നത്.
പ്രതിരോധമന്ത്രി ഷെല്‍വിയ ഗോളാര്‍ഡ്, കായികമന്ത്രിയായ ഒളിംപിക്‌സിലെ ഫെന്‍സിംഗില്‍ മെഡല്‍ ജേതാവ് കൂടിയായ ലോറ ഫ്‌ളെസല്‍, സാമ്പത്തികകാര്യമന്ത്രി ബ്രൂണോ ലെ മാരേ, ആഭ്യന്തരമന്ത്രി ജെറാര്‍ഡ് കൊളംബോ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഫ്രാന്‍ക്വിസ് ബയ്‌റു എന്നിവരാണ് മന്ത്രിസഭയിലെ പ്രമുഖ വനിതാ അംഗങ്ങള്‍.
അടുത്തമാസം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാക്രോണിനും സംഘത്തിനും നിര്‍ണ്ണായകമാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ മാക്രോണിന് സ്വന്തം നയങ്ങള്‍ നടപ്പിലാക്കാനാകൂ. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അത്ഭുതം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് മാക്രോണ്‍ പക്ഷത്തിന്റെ കണക്കുകൂട്ടല്‍.
എന്‍മാര്‍ഷ് പാര്‍ട്ടി നേതാവും മിതവാദിയുമായ ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഈ മാസം 8-നാണ്. കുടിയേറ്റ വിരുദ്ധ, തീവ്ര ദേശീയ നിലപാടുകള്‍ മുഖമുദ്രയാക്കിയ മരീന്‍ ലീപെന്നോയെ പരാജയപ്പെടുത്തിയാണ് മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 65.5% വോട്ടിനാണ് വിജയിച്ചത്. ലീപെന്നക്ക് 34.9% വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സാമ്പത്തിക ഉദാരീകരണത്തെ പിന്തുണയ്ക്കുന്ന ഇടത് അനുഭാവിയുമാണ് മക്രോണ്‍.
39 കാരനായ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 1958 ഫ്രഞ്ച് ഭരണഘടന നിലവില്‍ വന്നതുമുതല്‍ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളാണ് ഫ്രാന്‍സ് ഭരിച്ചിരുന്നത്. എന്നാല്‍ മാക്രോണിന്റെ വിജയത്തോടെ ഈ കീഴ്‌വഴക്കത്തിനാണ് അന്ത്യമായിരിക്കുന്നത്
മുന്‍ പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ടാണ് മാക്രോണ്‍ എന്‍മാര്‍ഷെ രൂപവത്കരിച്ചത്.
അതേസമയം മാക്രോണ്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരം പരിമിതമായിരിക്കും. ജൂണിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. 577 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ 289 വോട്ടുകള്‍ വേണം. നിലവില്‍ മരീന്റെ പാര്‍ട്ടിക്ക് രണ്ട് എം.പിമാരുണ്ട്. മാക്രോണിന്റെ പാര്‍ട്ടിക്ക് എം.പിമാരില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മറ്റു പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ.
യൂറോപ്പിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ യൂറോപ്യന്‍ യൂണിയന്‍ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണം എന്ന പക്ഷക്കാരി ആയിരുന്നു പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി മറീ ലിയൂ പെന്‍.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ യൂറോയുടെ മൂല്യവും ഉയര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം ഇതാദ്യമായാണ് യൂറോയുടെ മൂല്യം ഉയരുന്നത്.