ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാംപൂര്‍ ജില്ലയിലാണ് സംഭവം.
ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ കാണാതായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല.
കെമ്രി മേഖലയിലെ ഗംഗാപൂര്‍ കാഡിം ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ അയല്‍വാസികളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി.
സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ലഭിക്കുള്ളുവെന്നും പൊലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും പറഞ്ഞു. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെമ്രി മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചത്.
Content Highlight: Half-burnt body of four-year-old boy found in Uttar Pradesh