| Tuesday, 11th June 2019, 6:06 pm

കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ സി.ഐ.എയ്ക്കു വേണ്ടി ചാരവൃത്തിയിലേര്‍പ്പെട്ടിരുന്നു; വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാം അമേരിക്കന്‍ രഹസ്യാന്വേഷ ഏജന്‍സിയായ സി.ഐ.എയുടെ ചാരനായിരുന്നെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. 2017ല്‍ മലേഷ്യയില്‍ വെച്ച് നാം കൊല്ലപ്പെട്ടിരുന്നു.

‘സി.ഐ.എയും കിം ജോങ് നാമും തമ്മില്‍ ബന്ധമുണ്ടായിരുന്നു’- പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സി.ഐ.എയും നാമും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ഇവര്‍ തമ്മില്‍ ഏതു തരത്തിലുള്ള സഹകരണമാണ് നടന്നതെന്ന വിവരം ലഭ്യമല്ല.

ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ സി.ഐ.എ തയ്യാറായിട്ടില്ല. അതേസമയം ഉത്തര കൊറിയയ്ക്ക് പുറത്ത് താമസിച്ചിരുന്ന നാമിന് പ്യോംഗ്യാഗില്‍ കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ലെന്ന് അമേരിക്കയുടെ ഉന്നത ഏജന്‍സികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനാല്‍ രാജ്യത്തിന്റെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്താനും നാമിന് കഴിവുണ്ടായിരുന്നില്ലെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

മറ്റു രാജ്യങ്ങളുടെ സുരക്ഷാ ഏജന്‍സികളുമായും, പ്രത്യേകിച്ച് ചൈനയുമായി നാം ബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2017 ഫെബ്രുവരിയില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സി.ഐ.എ ഏജന്റിനെ കാണാനായിരുന്നു നാം മലേഷ്യയിലേക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്വാലാലംപൂരിലെ വിമാനത്താവളത്തില്‍ വെച്ചാണ് നാം കൊല്ലപ്പെടുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഉത്തര കൊറിയയുടെ നാല് ഏജന്റുമാരാണ് നാമിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്.

കുടുംബ വാഴ്ചയെ വിമര്‍ശിച്ച നാമിനെ ഉത്തര കൊറിയ ഇടപെട്ട് വധിച്ചതാണെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തര കൊറിയ ഇത് തള്ളക്കളയുകയായിരുന്നു.

We use cookies to give you the best possible experience. Learn more