വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങ് നാം അമേരിക്കന്‍ രഹസ്യാന്വേഷ ഏജന്‍സിയായ സി.ഐ.എയുടെ ചാരനായിരുന്നെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. 2017ല്‍ മലേഷ്യയില്‍ വെച്ച് നാം കൊല്ലപ്പെട്ടിരുന്നു.
‘സി.ഐ.എയും കിം ജോങ് നാമും തമ്മില്‍ ബന്ധമുണ്ടായിരുന്നു’- പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ സി.ഐ.എയും നാമും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ഇവര്‍ തമ്മില്‍ ഏതു തരത്തിലുള്ള സഹകരണമാണ് നടന്നതെന്ന വിവരം ലഭ്യമല്ല.
ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ സി.ഐ.എ തയ്യാറായിട്ടില്ല. അതേസമയം ഉത്തര കൊറിയയ്ക്ക് പുറത്ത് താമസിച്ചിരുന്ന നാമിന് പ്യോംഗ്യാഗില്‍ കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ലെന്ന് അമേരിക്കയുടെ ഉന്നത ഏജന്‍സികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനാല്‍ രാജ്യത്തിന്റെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്താനും നാമിന് കഴിവുണ്ടായിരുന്നില്ലെന്നും ഇവര്‍ നിരീക്ഷിക്കുന്നു.