പൊണ്ണത്തടി കാരണം വര്‍ഷമുണ്ടാവുന്നത് അഞ്ചുലക്ഷത്തോളം ക്യാന്‍സര്‍
Daily News
പൊണ്ണത്തടി കാരണം വര്‍ഷമുണ്ടാവുന്നത് അഞ്ചുലക്ഷത്തോളം ക്യാന്‍സര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2014, 3:08 pm

obesity ഒരു വര്‍ഷമുണ്ടാവുന്നതില്‍ അഞ്ചുലക്ഷത്തോളം ക്യാന്‍സറുകള്‍ക്കും കാരണം പൊണ്ണത്തടിയെന്ന് ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ ഗവേഷക വിഭാഗം. പൊണ്ണത്തടിയുള്ളവരില്‍ തന്നെ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിലെ ഡോ.മെലിന ആര്‍നോള്‍ഡിന്റെ നേതൃത്വത്തിലാണ് ഗവേഷണങ്ങള്‍ നടന്നത്. 2012ല്‍ റിപ്പോര്‍ട്ട് ചെയ്ത പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ക്യാന്‍സറുകളില്‍ കാല്‍ഭാഗത്തിനും കാരണം ശരാശരി ശരീര ഭാരം വര്‍ധിച്ചതാണ്. അതുകൊണ്ടുതന്നെ ഇതെല്ലാം ഒഴിവാക്കാന്‍ കഴിയാവുന്നതായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

2012ല്‍ ക്യാന്‍സര്‍ ബാധിച്ച പുരുഷന്മാരില്‍ 1.9% കാരണമായത് പൊണ്ണത്തടിയാണ്. സ്ത്രീകളില്‍ ഇത് 5.4% (345,000) കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മെനോപോസലിന് ശേഷമുള്ള ബ്രസ്റ്റ് ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ തുടങ്ങിയവയാണ് പൊണ്ണത്തടിമൂലം സ്ത്രീകളിലുണ്ടാവുന്ന ക്യാന്‍സറില്‍ മുന്‍പന്തിയിലുള്ളത്. പുരുഷന്മാരില്‍ കുടലിലെയും കിഡ്‌നിയിലെയും ക്യാന്‍സറാണ് പൊണ്ണത്തടിയുമായി ബന്ധപ്പെട്ടുണ്ടാവുന്നത്.

വികസിത രാജ്യങ്ങളില്‍ സ്ത്രീകളില്‍ 8% പുരുഷന്മാരില്‍ 3% ക്യാന്‍സറിന് കാരണം അമിതഭാരമാണ്. വികസ്വര രാജ്യങ്ങളില്‍ ഇത് യഥാക്രമം 1.5%, .3% ആണ്.