തിരുവനന്തപുരം: ലോകമെമ്പാടുമുള്ള 50 കുട്ടികൾക്ക് പുതുജീവൻ പകർന്നു നൽകി എം.എ. യൂസഫലിക്ക് ആദരവായുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവ്. പ്രവാസി സംരംഭകനും ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭമാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്.
ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് ഇതിലൂടെ സൗജന്യമായി പൂർത്തിയാക്കിയത്. പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ യൂസഫലിയുടെ യു.എ.ഇയിലെ 50 വർഷങ്ങൾക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകൾ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീറാണ് സംരംഭം പ്രഖ്യാപിച്ചത്.
സംഘർഷ മേഖലകളിൽ നിന്നും പിന്നോക്ക പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികൾക്ക് പ്രതീക്ഷയും കൈത്താങ്ങുമായി ഇത് മാറി. വിദഗ്ധരുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയായ സംരംഭത്തിന്റെ ഗുണഭോക്താക്കൾ ഇന്ത്യ, ഈജിപ്ത്, സെനഗൽ, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ്. സംഘർഷ മേഖലകളിൽ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടും.
വൻ ചിലവ് കാരണം ശസ്ത്രക്രിയകൾ മുടങ്ങിയ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോൾഡൻ ഹാർട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൻ്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീർണ ശസ്ത്രക്രിയകൾക്കാണ് സഹായം എത്തിച്ചത്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി. വിവിധ സർക്കാർ ഏജൻസികൾ മുഖേന പ്രത്യേക യാത്രാനുമതികൾ ലഭ്യമാക്കിയാണ് വിദേശ രാജ്യങ്ങളിലെ കഠിനമായ യാത്രാ നടപടികൾക്കിടയിൽ സംഘർഷ മേഖലകളിൽ നിന്ന് കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ട് വന്നത്.
Content Highlight: Half a century of Yousafali’s exile: Golden Heart Initiative gives new life to 50 children