ഹൽദ്വാനി സംഘർഷം; കൂടുതൽ സേനയെ വിട്ടുനൽകണമെന്ന് കേന്ദ്രത്തോട് ഉത്തരാഖണ്ഡ് സർക്കാർ
national news
ഹൽദ്വാനി സംഘർഷം; കൂടുതൽ സേനയെ വിട്ടുനൽകണമെന്ന് കേന്ദ്രത്തോട് ഉത്തരാഖണ്ഡ് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2024, 9:35 am

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബൻഭൂൽപുരയിൽ കൂടുതൽ സേനയെ വിട്ടുനൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ.

ക്രമസമാധാനം നിലനിർത്തുവാൻ പാരാമിലിട്ടറി സേനയുടെ നാല് അധിക കമ്പനികളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധ രതൂരി കത്തെഴുതിയിരുന്നു.

നൈനിതാൽ ജില്ലയിലെ ഹൽദ്വാനിയിൽ അനധികൃതം എന്ന് ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധക്കാരെ കണ്ടയുടൻ വെടിവയ്ക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.

ഫെബ്രുവരി എട്ടിന് കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയം പാരാമിലിറ്ററി സേനയുടെ നാല് കമ്പനികളെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

ചില ആളുകൾ ചേർന്ന് ദേവഭൂമിയുടെ ഇപ്പോഴത്തെ നില നശിപ്പിക്കുവാൻ ശ്രമിക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്‌തുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

മദ്രസാ കെട്ടിടം നിർമിച്ച അബ്ദുൾ മാലിക്കിനായി നിലവിൽ പൊലീസ് തിരച്ചിൽ നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമൂഹ മാധ്യമങ്ങൾ മുഖേന നിയമവിരുദ്ധമായി മദ്രസ തകർത്തതിനെ കുറിച്ച് പ്രചരണങ്ങൾ നടത്താതിരിക്കാൻ സർക്കാർ നഗരത്തിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നഗരങ്ങളിൽ മുഴുവൻ സമയവും പൊലീസ് പെട്രോളിങ് നടത്തുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹൽദ്വാനിയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് കർഫ്യൂ പിൻവലിച്ചെങ്കിലും ആൾക്കൂട്ട പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ബൻഭൂൽപുരയിൽ നിരോധനാജ്ഞ പ്രാബല്യത്തിൽ ഉണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംഭവ സ്ഥലത്ത് ഷൂട്ട് അറ്റ് സൈറ്റ് ഉൾപ്പെടെയുള്ള ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. ഇത് വർഗീയകലാപമല്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് വന്ദന സിങ് പറഞ്ഞത്. ഇത് സാമൂഹിക വിരുദ്ധർ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകോപനകരമായ പ്രവൃത്തിയാണെന്നും വന്ദന പറഞ്ഞു.

എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്ന് പ്രാദേശിക മത നേതാവ് ആരോപിച്ചു. കയ്യേറ്റ വിരുദ്ധ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തിൽ മസ്ജിദും മദ്രസയും പൊളിക്കാൻ പാടില്ലായിരുന്നു എന്നാണ് ഇവരുടെ വാദം.

CONTENT HIGHLIGHT: Haldwani Violence: Uttarakhand Government Writes To MHA Seeking Additional Paramilitary Forces