ഹൽദ്വാനിയിൽ മദ്രസയും പള്ളിയും പൊളിച്ചുനീക്കിയ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ നിർമിക്കും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
national news
ഹൽദ്വാനിയിൽ മദ്രസയും പള്ളിയും പൊളിച്ചുനീക്കിയ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ നിർമിക്കും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 9:54 pm

ഹരിദ്വാർ: ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ അനധികൃതമെന്ന് ആരോപിച്ച് പള്ളിയും മദ്രസയും പൊളിച്ചുനീക്കിയ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ നിർമിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി.

പള്ളിയും മദ്രസയും പൊളിച്ചുനീക്കിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് വെടിവെക്കുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിഷേധക്കാരെ കണ്ട ഉടൻ വെടിവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

പൊളിച്ചുനീക്കലിന്റെ ഭാഗമായി ബൻഭൂൽപുരയിലെ ‘മാലിക് കാ ബഗീച്ച’ പ്രദേശത്തെ കയ്യേറ്റങ്ങളിൽ നിന്ന് ഏക്കർ കണക്കിന് ഭൂമി തിരിച്ചുപിടിച്ചുവെന്ന് ധാമി അവകാശപ്പെട്ടു.

‘ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ അനധികൃത കയ്യേറ്റം നീക്കം ചെയ്തിടത്ത് ഇനിയൊരു പൊലീസ് സ്റ്റേഷൻ നിർമിക്കും. ദേവഭൂമിയുടെ സമാധാനം തകർക്കാൻ നോക്കുന്ന കലാപകാരികളിൽ ഒരാളെയും വെറുതെ വിടില്ലെന്നുള്ള വ്യക്തമായ സന്ദേശമാണിത്. ഉത്തരാഖണ്ഡിൽ അത്തരം അക്രമകാരികൾക്ക് സ്ഥാനമില്ല,’ എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ ധാമി പറഞ്ഞു.

അക്രമത്തിന് പ്രേരിപ്പിച്ചതിന് പൊലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് വർഗീയകലാപമല്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് വന്ദന സിങ് പറഞ്ഞത്. ഇത് സാമൂഹിക വിരുദ്ധർ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകോപനകരമായ പ്രവൃത്തിയാണെന്നും വന്ദന പറഞ്ഞു.

എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്ന് പ്രാദേശിക മത നേതാവ് ആരോപിച്ചു. കയ്യേറ്റ വിരുദ്ധ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തിൽ മസ്ജിദും മദ്രസയും പൊളിക്കാൻ പാടില്ലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Content Highlight: Haldwani violence: Police station to come up on land ‘freed’ from encroachment, says CM Dhami