ഹലാല്‍ സ്‌കൂളുകളും ഹലാല്‍ ഫ്‌ളാറ്റുകളും
Focus on Politics
ഹലാല്‍ സ്‌കൂളുകളും ഹലാല്‍ ഫ്‌ളാറ്റുകളും
ഫാറൂഖ്
Tuesday, 22nd May 2018, 1:21 pm

ബി.ബി.സിയുടെ ഐതിഹാസിക റിപ്പോര്‍ട്ടര്‍ ജോണ്‍ സിംപ്‌സണ്‍ അദ്ദേഹത്തിന്റെ No Man”s Land – Reporting the world , എന്ന പുസ്തകത്തില്‍ താലിബാന്‍ നേതാവ് മുല്ല ഉമറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയതിനെ പറ്റി പറയുന്ന ഒരു രംഗമുണ്ട് . സിംപ്‌സണ്‍ ആരെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുമ്പോളും ചെറിയ എന്തെങ്കിലും സമ്മാനമായി കരുതും. മുല്ല ഉമറിന് ഒരു സമ്മാനം വാങ്ങാന്‍ പോവുമ്പോളാണ് കൂടെ ഉള്ളയാള്‍ താലിബാന്‍ നിഷിദ്ധമാക്കാത്ത ( ഹറാം ആക്കാത്ത) ഒരു സമ്മാനം വാങ്ങണമെന്ന് ഉപദേശിക്കുന്നത്.

സിംപ്‌സണ്‍ ലണ്ടന്‍ ഡ്യൂട്ടി ഫ്രീയില്‍ മുഴുവന്‍ അന്വേഷിച്ചിട്ടും താലിബാന്‍ നിഷിദ്ധമാക്കാത്ത ഒരു സാധനം പോലും കണ്ടെത്താന്‍ പറ്റിയില്ല എന്ന് അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. ഓഡിയോ കാസ്സെറ്റ്, പൈന്റിങ്സ്, ശില്പങ്ങള്‍, മദ്യം, സിഗരറ്റ്, പുസ്തകങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി താലിബാന്‍ നിരോധിക്കാത്ത ഒന്നുമില്ലായിരുന്നു അക്കാലത്ത്.

ജോണ്‍ സിംപ്‌സണ്‍

അതേ സിംപ്‌സണ്‍ തന്നെ പിന്നീട് മറ്റു മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഓഡിയോ കാസറ്റും പുസ്തകങ്ങളും പെയിന്റിങ്ങുകളും സമ്മാനമായി കൊടുക്കുന്നതും അവര്‍ അത് സന്തോഷത്തോടെ സ്വീകരിക്കുന്നതും വിവരിക്കുന്നുണ്ട്.

ഓര്‍ക്കാന്‍ കാരണം അടുത്തിടെ കിട്ടിയ രണ്ടു വാട്‌സ്ആപ് മെസ്സേജുകളാണ്. ഒന്ന് ഹലാല്‍ ഫ്‌ളാറ്റ് പ്രൊമോഷന്‍, മറ്റൊന്ന് ഹലാല്‍ സ്‌കൂള്‍ പ്രൊമോഷന്‍. ഫ്‌ളാറ്റുകാര്‍ ഉപയോഗിക്കുന്നത് shariah compliant എന്ന വാക്കാണ് , ഹലാല്‍ ലോഗോ ഒരു വശത്തുണ്ട്. സ്‌കൂളുകാര്‍ ഉപയോഗിക്കുന്ന വാക്ക് “Muslim Environment” , “Moral Teaching” തുടങ്ങിയ വാക്കുകളാണ്, ഭാഗ്യത്തിന് ഹലാല്‍ ലോഗോ ഇല്ല.

ഫ്‌ളാറ്റ് പ്രൊമോട്ട് ചെയ്യുന്നത് മുസ്‌ലിം ഉടമസ്ഥതയിലല്ലാത്ത ഒരു ഗ്രൂപ്പ് ആണ് , പരമാവധി മുസ്‌ലിംകളെ കൊണ്ട് ഫ്‌ളാറ്റ് വാങ്ങിപ്പിക്കുയാണ് ലക്ഷ്യം എന്ന് വ്യക്തം. സ്‌കൂള്‍ പ്രൊമോട്ട് ചെയ്യുന്നത് മുസ്‌ലിം ഗ്രൂപ്പ് തന്നെയാണ്, പക്ഷെ ഉടമസ്ഥരുടേ പശ്ചാത്തലം നോക്കുമ്പോള്‍ ബിസിനസ് തന്നെയാണ് ലക്ഷ്യം എന്ന് ഊഹിക്കാനേ പറ്റൂ . അതെന്തായാലും ഇത്തരം സ്ഥാപനങ്ങള്‍ മുസ്‌ലിംകള്‍ക്ക് പ്രത്യകിച്ചും സമൂഹത്തിനു പൊതുവായും എത്രത്തോളം ദുരന്തമാവും എന്ന് വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത് .

എങ്ങനെയാണു ഫ്‌ളാറ്റ് ഹറാം ആവുന്നത് ? ഒരു സാധാരണ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം എല്ലാ ഫ്‌ളാറ്റും ഹലാല്‍ ആണ്. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഫ്‌ളാറ്റ് വാങ്ങുന്നു, അതില്‍ ജീവിക്കുന്നു — ഹലാല്‍ . മുല്ലാ ഉമറിനെ സംഭച്ചിടത്തോളം കേരളത്തിലെ എല്ലാ ഫ്‌ളാറ്റും ഹറാം ആണ്. ഫ്‌ളാറ്റുകള്‍ ബാങ്ക് ലോണ്‍ കൊണ്ടാണ് നിര്‍മിക്കുന്നതും വാങ്ങുന്നതും. പലിശ വാങ്ങുന്നതും കൊടുക്കുന്നതും നിഷിദ്ധമാണ്.

 

ഇനി ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ ഫിനാന്‍സ് ചെയ്യുന്ന ഫ്‌ളാറ്റ് ആണെങ്കില്‍ പോലും റിസര്‍വ് ബാങ്കിന്റെ റീപോ റിവേഴ്സ് റീപോ നിരക്ക് അനുസരിച്ചാണ് അവര്‍ക്ക് കറന്‍സി കിട്ടുന്നതും കൊടുക്കുന്നതും. ഇനിയിപ്പോള്‍ സാമ്പത്തികേതര വിഷയം ആണെങ്കില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിട പഴകുന്ന ലോബ്ബി , കോറിഡോര്‍, സ്വിമ്മിങ് പൂള് ഒക്കെ ഹറാം ആണ് . പറഞ്ഞു വന്നത് ഇതൊക്കെ ആര്‍ക്കും അവരവരുടെ ഇഷ്ടത്തിന് അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു നീട്ടാവുന്ന കാര്യങ്ങള്‍ ആണെന്നാണ് .

പക്ഷെ ഇതിന്റെ അപകടം ഇതൊരു മുസ്‌ലിം ഗെറ്റോ ആയിത്തീരും എന്നതാണ്. പ്രൊമോട്ടര്‍മാര്‍ ഇത് മുസ്‌ലിംകള്‍ക്ക് മാത്രം ആണെന്ന് പറയുന്നില്ല , പക്ഷെ പറയേണ്ട ആവശ്യമില്ല . ഗുജറാത്തിലൊക്കെ ഉന്നത ജാതിക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ താണ ജാതിക്കാരെയോ ദളിതരെയോ താമസിപ്പിക്കാറില്ല , ജാതിയുടെ കാര്യമൊന്നും ബ്രോഷറില്‍ പ്രത്യേകിച്ച് പറയില്ല, ഫ്‌ളാറ്റ് അന്വേഷിച്ചു ഏതെങ്കിലും ഒരു താണ ജാതിക്കാരന്‍ ചെന്നാല്‍ ഇവിടെ വെജിറ്റേറിയന്‍സ് മാത്രമാണ് എന്ന് പറഞ്ഞു ഒഴിയും.

കേരളത്തില്‍ പണ്ട് അഗ്രഹാരങ്ങളും മറ്റും ഉണ്ടായിരുന്നതൊഴിച്ചാല്‍ താമസിക്കുന്ന സ്ഥലത്തുള്ള വിവേചനം പൊതുവെ ഇല്ലാത്തതാണ്, അതാണിപ്പോള്‍ ഇവര്‍ തുടങ്ങി വക്കുന്നത്. മുസ്‌ലിംകളെ പോലെ നിരന്തരം ഫാസിസ്റ്റു ആക്രമണത്തിന് വിധേയമാകുന്ന ഒരു സമൂഹത്തിനു ഗെറ്റോകള്‍ ഒട്ടും ഗുണകരമായിരിക്കില്ല. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ആദ്യം ചെയ്തത് ജൂതന്മാരെയൊക്കെ ഒരേ സ്ഥലത്തു താമസിപ്പിക്കുകയായിരുന്നു എന്നത് ചരിത്രത്തില്‍ നിന്ന് പേടിക്കേണ്ട ഒരു പാഠം.

 

എല്ലാ ജാതികളിലും മതത്തിലും പെട്ട കുട്ടികള്‍ ഒരുമിച്ചിടപഴകുകയും കളിക്കുകയും ചെയ്യുന്ന പൊതു കളിസ്ഥലങ്ങള്‍ ഇല്ലാതാകുന്നതിലൂടെ വരാന്‍ പോകുന്ന തലമുറയെ സാമൂഹ്യ അസ്പര്‍ശ്യതയുടെ ചളിക്കുണ്ടിലേക്ക് നയിക്കുകയായിരിക്കും ഇത്തരം ഫ്‌ളാറ്റുകളും ഹൗസിങ് കോംപ്ലെക്‌സുകളും ഉണ്ടാക്കാന്‍ പോകുന്ന സാമൂഹിക ദുരന്തം .

കൂണ് പോലെ മുളച്ചു പൊന്തുന്ന ഹലാല്‍ സ്‌കൂളുകളാണ് ഇതിലും അപകടം. ഉത്തര്‍പ്രദേശിലെ ഏതു മുസ്‌ലിം ചിന്തകനും അവിടുത്തെ മുസ്‌ലിംകളെ പിന്നോക്കമായി നിര്‍ത്തുന്നതില്‍ മദ്രസ്സകള്‍ എന്നറിയപ്പെടുന്ന മുസ്‌ലിം സ്‌കൂളുകള്‍ വഹിച്ച പങ്കിനെ പറ്റി പറഞ്ഞു തരും. മതപഠനത്തിന്റെ കൂടെ ഭൗതികപഠനവും എന്നതായിരുന്നു എന്നും ഇത്തരം മദ്രസകളുടെ മോട്ടോ, ഫലത്തില്‍ രണ്ടും ഇല്ല എന്നതാണ് ഇപ്പോഴത്തെ ഉത്തര്‍പ്രദേശിലെ മുസ്‌ലിം പിന്നോക്കാവസ്ഥ നമ്മോടു പറയുന്നത്. അവിടെ മുസ്‌ലിംകള്‍ മതപഠനവും സ്‌കൂളുകളും വേര്‍തിരിച്ചു കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ അയക്കാന്‍ ക്യാമ്പയിന്‍ നടത്തുമ്പോഴാണ് കേരളത്തില്‍ മുസ്‌ലിംകള്‍ കുട്ടികളെ പൊതു വിദ്യാലയങ്ങളില്‍ നിന്നകറ്റി മദ്രസ്സകളിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കുന്നത് .

വിദ്യാലയം എന്നാണ് മദ്രസ്സ എന്ന അറബി വാക്കിന്റെ അര്‍ഥം, പക്ഷെ കേരളത്തില്‍ പൊതുവെ മതപഠന കേന്ദ്രം എന്ന നിലയിലാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. മറ്റേതൊരു പഠന രീതിയെ പോലെ തന്നെ ഒട്ടേറെ പരിവര്‍ത്തനത്തിലൂടെ കടന്നു വന്നതാണ് കേരളത്തിലെ മദ്രസ്സ പഠന രീതിയും. തുടക്കത്തില്‍ അധ്യാപകര്‍ ( മുസ്‌ല്യാക്കന്മാര്‍) സമ്പന്നരുടെ മക്കളെ അവരുടെ വീടുകളില്‍ പോയി പഠിപ്പിക്കുന്ന രീതിയായിരുന്നു , സാധാരണക്കാര്‍ക്ക് മതവിദ്യാഭ്യാസം ലഭ്യമായി തുടങ്ങിയത് ഓത്തുപള്ളി എന്ന രീതി വന്നത് കൂടിയാണ് – പള്ളികളില്‍ പോയിരുന്നു പഠിക്കുന്ന രീതി .

 

കഴിഞ്ഞ അര നൂറ്റാണ്ടോളം നിലനിന്നു പോന്ന സ്‌കൂളില്‍ പോവുന്നതിനു മുന്‍പ് ഒരു മണിക്കൂര്‍ രാവിലെയുള്ള മതപഠനം ആണ് ഇന്നത്തെ തലമുറയിലുള്ള മിക്ക മുസ്‌ലിംകളും സ്വീകരിച്ചിരുന്നത്. ഒരു പരിധി വരെ വലിയ വിജയം ആയിരുന്ന ഒരു സംവിധാനം, പക്ഷെ സ്വകാര്യ സ്‌കൂളുകള്‍ ഒന്‍പതു മണിക്ക് മുമ്പേ ക്ലാസ് തുടക്കുന്നതും, സ്‌കൂള്‍ ബസുകള്‍ നേരത്തെ വരുന്നതും, സര്‍വോപരി മുസ്‌ലിംകള്‍ ഇംഗ്ലീഷ് മീഡിയയും ട്യൂഷനും വളരെ വ്യാപകമായി സ്വീകരിക്കാന്‍ തുടങ്ങിയതും ഇത്തരം മദ്രസ്സാരീതിയെ പ്രതിസന്ധിയിലേക്ക് എത്തിച്ചു .

ഈ പ്രതിസന്ധി മറികടക്കാനാണ് അടുത്തിടെ വാരാന്ത്യ മദ്രസ്സകള്‍ ആരംഭിക്കപ്പെടുന്നത്. ആഴ്ചയില്‍ ഒരു മണിക്കൂര്‍ വച്ച് അഞ്ചു മണിക്കൂര്‍ നടത്തി വന്ന മതവിദ്യാഭ്യാസം ശനിയും ഞായറും ചേര്‍ന്ന് മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട് പഠിപ്പിക്കുന്ന രീതിയായി. ശാസ്ത്രീയ സിലബസ് പരിഷ്‌കരണവും പരിശീലനം ലഭിച്ച മികച്ച അധ്യാപകരും ചേര്‍ന്ന് ഈ വാരാന്ത്യ മദ്രസകള്‍ വന്‍വിജയമാക്കി. മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും തമ്മിലുള്ള ഈ വേര്‍തിരിവ് കേരളത്തിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയില്‍ വലിയ പങ്കാണ് വഹിച്ചത്. ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ലഭിക്കാതെ പോയതും അതാണ് .

കേരളത്തില്‍ അടുത്ത കാലത്തായി കൂണ് പോലെ മുളച്ചു പൊന്തുന്ന ഹലാല്‍ സ്‌കൂളുകള്‍ മുസ്‌ലിംകളെ എങ്ങിനെയാണ് പ്രതികൂലമായി ബാധിക്കുന്നതു എന്ന് നോക്കാം .

• ഒരുമതത്തിലെ അല്ലെങ്കില്‍ ആ മതത്തിലെ ഒരു ഗ്രൂപ്പിലെ സഹപാഠികളുമായി മാത്രം ഇടപഴകേണ്ടി വരുന്നത് കൊണ്ടുണ്ടാകുന്ന സങ്കുചിത മനസ്‌കത

• വളരെ ചെറിയ ഒരു ഗ്രൂപ്പില്‍ മാത്രം ജീവിക്കുന്നത് കൊണ്ട് കുറഞ്ഞു പോകുന്ന മത്സരക്ഷമത

• അങ്ങേയറ്റം പ്രതികൂലമായ രീതിയില്‍ അടിച്ചേല്‍പ്പിക്കുന്ന ലിംഗ വിവേചനവും അതിന്റെ ഫലമായുണ്ടാകുന്ന മാനസിക, സാമൂഹ്യ പ്രശ്‌നങ്ങളും .

• സങ്കുചിത മനസ്‌കരോ സ്വാര്‍ഥരോ ആയ മാനേജ്‌മെന്റുകള്‍ – അവരൊരുക്കുന്ന പരിമിതമായ സൗകര്യങ്ങള്‍. സ്‌പോര്‍ട്‌സ്, വായന , സയന്‍സ് ക്ലബ്, മ്യൂസിക് തുടങ്ങിവയോടു പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനം

•  കഴിവ് കുറഞ്ഞ അധ്യാപകര്‍, അധ്യാപകര്‍ക്കു തുച്ഛമായ ശമ്പളം. മിക്ക അധ്യാപകരും PSCക്കു പടിക്കുന്നതിനിടയില്‍ ഒരു താത്കാലിക തൊഴിലായിട്ടാണ് ഇത്തരം സ്‌കൂളുകളില്‍ അധ്യാപനത്തെ കാണുന്നത്.

• സ്‌കള്‍ ക്യാപ്, മുഖം മറക്കല്‍ തുടങ്ങി കേരളത്തിന് പരിചിതമല്ലാത്ത വസ്ത്ര ധാരണ രീതികളുടെ പ്രചാരണം

• വിരളമാണെങ്കിലും, അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലെയുള്ള, തീവ്രവാദം, ശാസ്ത്ര നിരാസ , സ്ത്രീ വിവേചനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകര്‍.

പൊതുവെ ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ മുഴുവന്‍ ഇത്തരം ഘെറ്റോവല്‍ക്കരണത്തിനെതിരെയും വിവേചനങ്ങള്‍ക്കെതിരെയും ശക്തമായ നിയമങ്ങളുണ്ട് , ഇന്ത്യയിലൊഴിച് . അടുത്തിടെ മുംബൈയിലും ഡല്‍ഹിയിലും മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും ഫ്‌ലാറ്റുകള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് അത്തരം നിയമങ്ങള്‍ ഇന്ത്യയിലും നിര്‍മിക്കണമെന്ന് പല മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. അത്തരം നിയമങ്ങള്‍ വരുന്നത് വരെ സര്‍ക്കാരിന് ഹലാല്‍ സ്‌കൂളുകളോ ഹലാല്‍ ഫ്‌ളാറ്റുകളോ പ്രൊമോട്ട് ചെയ്യുന്നതിനെതിരെ എന്തെങ്കിലും നടപടികള്‍ എടുക്കാന്‍ കഴിയുമോ എന്നത് സംശയമാണ്. പൊതുസമൂഹം അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുക എന്നതാണിക്കാര്യത്തില്‍ ചെയ്യാനുള്ളത്.

 

പൊതുസമൂഹത്തിന്റെ മൊത്തം ഒരു പ്രശനം എന്നതിലുപരി മുസ്‌ലിംകള്‍ക്ക് ഇതു അടുത്ത തലമുറ എങ്ങനെ ജീവിക്കണം എന്ന നിര്‍ണായക തീരുമാനം എടുക്കേണ്ടത്രയും ഗൗരവതരമായ പ്രശ്‌നമാണ്. മറ്റുള്ള മതക്കാരുമായി യാതൊരു ബന്ധവും വിദ്യാലയങ്ങളിലോ താമസസ്ഥലങ്ങളിലോ സാധ്യമല്ലാത്ത രീതിയില്‍ സ്വന്തം കുട്ടികളെ വളര്‍ത്തണമോ എന്നത് ഓരോ മുസ്‌ലിം രക്ഷിതാവും സ്വയം ചോദിക്കേണ്ട നിര്‍ണായക അവസരമാണിത് .

ഒരു കഥ പറഞ്ഞു നിര്‍ത്താം. ഞാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ പടിക്കുമ്പോഴത്തെ കഥയാണ്. വളരെ സീനിയര്‍ ആയ ഒരു ഇസ്‌ലാമിക പണ്ഡിതന്‍ അവിടത്തെ മുസ്‌ലിം കുട്ടികളെ അധിസംബോധന ചെയ്യുന്നതിനിടയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേ മുസ്‌ലിംകള്‍ ഉറുദു ഭാഷയായി സ്വീകരിച്ചപ്പോള്‍ കേരളത്തിലെ മുസ്‌ലിംകള്‍ അങ്ങനെ ചെയ്യാതിരുന്നത് വലിയ നഷ്ടമായി പോയി എന്ന രീതിയില്‍ സംസാരിക്കുകയിരുന്നു . അപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യം

“സര്‍, കേരള മുസ്‌ലിംകളുടെ ഭാഷ ഉറുദു ആയിരുന്നെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറും, അക്ബര്‍ കക്കട്ടിലും, പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഒക്കെ ഉണ്ടാകുമായിരുന്നോ ? ”

ആ കഥയിലെ ചോദ്യമാണുത്തരം.

പിന്‍ കുറിപ്പ് : അമേരിക്കയില്‍ , ന്യൂജെര്‍സിയിലെ ഒരു ഷോപ്പിംഗ് മാളില്‍ പതിച്ച ഒരു ഗവര്‍മെന്റ് നോട്ടീസ് അടുത്തിടെ കാണാനിടയായി, കൗതുകം കൊണ്ട് ഒരു ഫോട്ടോ എടുത്തു . അതിവിടെ ചേര്‍ക്കുന്നു. നിര്‍ബന്ധമായും വായിക്കണം .

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ