| Wednesday, 7th October 2020, 1:17 pm

'ദേശീയഗാനമെങ്ങാനുമാണോ, വാ നമുക്കും അനങ്ങാതെ നില്‍ക്കാം' പൊട്ടിച്ചിരിപ്പിച്ച് ഹലാല്‍ ലൗ സ്റ്റോറി ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. മലബാറിലെ ഹോം സിനിമകളെക്കുറിച്ച് പറയുന്ന ചിത്രം പൊട്ടിച്ചിരിയുണര്‍ത്തുവെന്നാണ് ട്രെയ്‌ലറിനോടുള്ള ആദ്യ പ്രതികരണം.

വടക്കന്‍ കേരളത്തിന്റെ ഇതുവരെ കാണാത്ത മുഖമായിരിക്കും സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഹലാല്‍ ലൗ സ്റ്റോറിയിലൂടെ പ്രേക്ഷകരുടെ മുന്‍പിലെത്തുക എന്നാണ് പ്രതീക്ഷക്കുന്നത്. കോമഡി-ഡ്രാമയായാണ് ചിത്രം എത്തുന്നത്.

ചിത്രം ഒക്ടോബര്‍ 15 മുതല്‍ ഒ.ടി.ടിയായി റിലീസ് ചെയ്യും. ഇന്ത്യയിലും മറ്റ് 200 രാജ്യങ്ങളിലും തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ കാണാനാകും. ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍,സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത്.

ചലച്ചിത്ര നിര്‍മ്മാണത്തില്‍ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ചലച്ചിത്രനിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ഹലാല്‍ ലൗ സ്റ്റോറിയുടെ പ്രമേയം. ആചാരനുഷ്ഠാനുങ്ങളും സിനിമയും വ്യക്തിബന്ധങ്ങളും കുടുംബവും ജീവിതരീതികളുമെല്ലാം ചിത്രത്തില്‍ കടന്നുവരുമെന്നാണ് ട്രെയ്‌ലറില്‍ നിന്നും മനസ്സിലാക്കുന്നത്.

പാര്‍വതിയും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്.മുഹ്‌സിന്‍ പരാരിയും സക്കരിയയും ചേര്‍ന്നാണ് രചന  നിര്‍വഹിച്ചിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും നിര്‍വഹിക്കുന്നു. ബിജിബാല്‍ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഹലാല്‍ ലൗ സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്‌ന ആശിം എന്നിവര്‍ചേര്‍ന്നാണ്.

സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിര്‍വഹിച്ചിരിക്കുന്നു. റോണക്സ് സേവിയറാണ് മേക്കപ്പ്.

പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സ്റ്റില്‍സ്സ് രോഹിത്ത് കെ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayalam movie Halal Love Story trailer released

We use cookies to give you the best possible experience. Learn more