| Friday, 16th October 2020, 12:08 pm

ആര്‍ക്കാണ് ലവ്സ്റ്റോറിയെ ഹലാലാക്കേണ്ടത്? | Movie Review

പ്രമോദ് പുഴങ്കര

മതങ്ങള്‍ എക്കാലത്തും നേരിടുന്ന വെല്ലുവിളി വിശ്വാസികള്‍ക്ക് അല്ലെങ്കില്‍ മതത്തിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് അതൊരു അടഞ്ഞ ലോകവീക്ഷണമാണെന്ന് വെളിവുണ്ടാവുക അഥവാ തിരിച്ചറിവുണ്ടാകുക എന്നതാണ്. അതുകൊണ്ടുതന്നെ അത്തരം തിരിച്ചറിവിന് സാധ്യതയുള്ള എല്ലാ വിധ കാഴ്ചകളേയും അറിവുകളെയും അത് വിശ്വാസികളുടെ ചിന്താലോകത്തിനും ജീവിതവ്യവഹാരങ്ങള്‍ക്കും അപ്പുറത്തു നിര്‍ത്താന്‍ ശ്രമിക്കും.

പുതിയ ചിന്തകളേയും പുതിയ സര്‍ഗസാധ്യതകളെയും അത് എന്ത് വിലകൊടുത്തും ചെറുക്കും. മനുഷ്യരുടെ ചിന്തയുടെയും നിരീക്ഷണ പരീക്ഷണങ്ങളിലൂടെ എത്തുന്ന, ശാസ്ത്രീയമായ രീതിശാസ്ത്രം അവലംബിക്കുന്ന എന്തിനെയും മതത്തിനു ഭയമാണ്. കാണാത്തതിലുള്ള, മരണാനന്തര ലോകത്തിനെക്കുറിച്ചുള്ള വ്യാമോഹങ്ങളും ഭയവുമാണ് അതിന്റെ പ്രധാന അത്താണി.

ജീവിതത്തിന്റെ നൈതികത പോലും മരണാനന്തര ലോകത്തിലേക്കുള്ള മൂലധനമാണ്. അതൊരു അമൂര്‍ത്തമായ, ചോദ്യങ്ങളില്ലാത്ത വിശ്വാസമാണ്. പക്ഷെ അറിവിന്റെയും അതിന്റെ വ്യവഹാരങ്ങളുടെയും സാമൂഹിക, സാങ്കേതിക പരിണതികള്‍ ഈ അന്ധവിശ്വാസത്തെയും അത് നിലനിര്‍ത്തുന്ന സാമൂഹ്യഘടനയേയും ചോദ്യം ചെയ്യും. വിക്ടര്‍ ഹ്യുഗോയുടെ നോത്രദാമിലെ കൂനന്‍ എന്ന നോവലില്‍ പുരോഹിതനായ Claude Frollo കയ്യിലൊരു പുസ്തകവുമായി നിന്ന് പടുകൂറ്റന്‍ പള്ളിയുടെ എടുപ്പുകളിലേക്ക് നോക്കിപ്പറയുന്നു, ‘This will destroy that. The book will kill the edifice,’ എന്ന്.

അയാളുടെ ആശങ്ക ശരിയായിരുന്നു. അച്ചടിയുടെ അനന്തമായ വ്യാപന സാധ്യതകളിലൂടെ വിജ്ഞാനത്തിന്റെ പുതുലോകം ലോകമാകെയെത്തി. മനുഷ്യന്റെ ഭാവപ്രകാശനത്തിന് കൂറ്റന്‍ എടുപ്പുകള്‍ക്ക് മുന്നില്‍ ചെറുതാവുന്ന നിസ്സഹായതയില്‍ നിന്നും വാക്കുകളും ഭാഷയുടെ പുതിയ സാധ്യതകളും പകര്‍പ്പുകളായി പുസ്തകങ്ങളിലൂടെ പ്രചരിച്ചു. മതത്തിന്റെ ചോദ്യം ചെയ്യാനാകാത്ത പിടിയില്‍ നിന്നും അച്ചടി മനുഷ്യന്റെ ചിന്തയെ മുന്നോട്ടു കൊണ്ടുപോയി.

വ്യാവസായിക വിപ്ലവവും ശേഷമുള്ള നൂറ്റാണ്ടുകളിലെ വലിയ സാങ്കേതിക വികാസവും അതിനൊപ്പം ഉണ്ടായ അറിവിന്റെ വ്യാപനവുമെല്ലാം, മുതലാളിത്തത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക കളിനിയമങ്ങള്‍ക്കുള്ളില്‍ നിന്നാണെങ്കില്‍ക്കൂടി മനുഷ്യനെ അതിനൊപ്പം സഞ്ചരിപ്പിക്കുകയും മതത്തിന്റേതുപോലുള്ള ആധുനിക വിജ്ഞാനത്തിന്റെയും, ശാസ്ത്രീയ ചിന്താപദ്ധതികളുടെയും ബൗദ്ധികവും ഭൗതികവുമായ ലോകവുമായി ഒരു ബന്ധവുമില്ലാത്ത സാമൂഹ്യചട്ടക്കൂടുകളെ ഒരു പരിധിവരെ ദുര്‍ബലമാക്കുകയും ചെയ്തു.

മതം ഇതിനെ രണ്ടു തരത്തിലാണ് നേരിട്ടത്. ഒന്ന്, ഇത്തരത്തിലുള്ള മാറ്റങ്ങളോട് സമ്പൂര്‍ണമായി പുറംതിരിഞ്ഞു നില്‍ക്കുക. രണ്ട്. ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ട് ഇത്തരം മാറ്റങ്ങളുടെ സാമൂഹ്യമായ പരിവര്‍ത്തന സ്വഭാവത്തെ നിരാകരിക്കുക. ‘ഹലാല്‍ ലവ് സ്റ്റോറി’ എന്ന സിനിമ ഇപ്പറഞ്ഞ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ദൃശ്യത്തില്‍ തുടങ്ങി സാമ്രാജ്യത്വ വിരുദ്ധ പ്രസംഗത്തിന്റെ അകമ്പടിയില്‍ ലോകത്തെ പാര്‍ശ്വവത്കൃത വിമോചന പോരാട്ടങ്ങളുടെ മുഖങ്ങളുള്ള പോസ്റ്ററുകളിലൂടെയെല്ലാമാണ് സിനിമ തുടങ്ങുന്നത്. അതായത് സിനിമയിലെ പ്രധാന കഥാപാത്രം എന്ന് വിളിക്കാവുന്ന ഇസ്‌ലമിക രാഷ്ട്രീയ സംഘടനയുടെ രാഷ്ട്രീയമാണ് അത് എന്നാണ് കാണിക്കുന്നത്.

ശേഷം കുടിവെള്ളം മുട്ടിക്കുന്ന പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്കെതിരായ സമരവും റഹീം സാഹിബിനോട് നമ്മളൊരു പുരോഗമന പ്രസ്ഥാനമെല്ലെ എന്ന, ഈ പ്രസംഗം എഡിറ്റ് ചെയ്യുന്ന ചെറുപ്പക്കാരന്റെ ചോദ്യവും കൂടിയാകുന്നതോടെ, സാമ്രാജ്യത്വ വിരുദ്ധതയുള്ള, ജനകീയ രാഷ്ട്രീയമുള്ള പുരോഗമന പ്രസ്ഥാനം എന്ന് സ്ഥാപിക്കപ്പെടുകയാണ്.

ശേഷം ഈ രാഷ്ട്രീയ മേലങ്കിയുള്ള പ്രസ്ഥാനത്തിന്റെ ഉള്ളില്‍ നിന്നുള്ള വൈരുധ്യങ്ങള്‍ മാത്രമാണ് കാണേണ്ടത് എന്ന് പ്രേക്ഷകനോട് പറയുന്നതാണത്. അതായത് ഇനി വരുന്നതെല്ലാം പ്രസ്ഥാനം കൊണ്ടുനടക്കുന്ന ഈ ഗൗരവമേറിയ രാഷ്ട്രീയ ബോധ്യത്തിന്റെ ആദര്‍ശാത്മക ചുറ്റുപാടില്‍ നിന്നുവേണം കാണാന്‍. അതുകൊണ്ട് പ്രസ്ഥാനത്തിന് പറ്റുന്ന വീഴ്ചകള്‍ പോലും പൊറുക്കപ്പെടേണ്ടതാണ്.

വളരെ നിസ്വാര്‍ത്ഥവും നിഷ്‌ക്കളങ്കവുമായ സാമൂഹ്യപ്രവര്‍ത്തനമാണ് സംഘടനയുടെ എല്ലാ പ്രവര്‍ത്തകരും നടത്തുന്നത്. റഹീം സാഹിബിനെ നോക്കു, അയാളുടെ കഥാപാത്രം സ്ഥാപിക്കപ്പെടുന്നതുതന്നെ നടന്നുപോയി ഓരോ വീട്ടിലും സംഘടനയുടെ മാസികയൊക്കെ കൊടുക്കുന്ന അതിസൗമ്യനായ മനുഷ്യനായാണ്. പ്രവര്‍ത്തകരുടെ അബദ്ധങ്ങള്‍ പോലും നിഷ്‌ക്കളങ്കമാണ്.

ആളുകള്‍ക്ക് അങ്ങനെയായിക്കൂടെ എന്നാണെങ്കില്‍ തീര്‍ച്ചയായും ആകാം, അങ്ങനെയുണ്ട് താനും. എന്നാല്‍ ഒരിക്കലും അവരുടെ രാഷ്ട്രീയം മറ്റൊരുതരത്തില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ആ രാഷ്ട്രീയത്തിന്റെ സാധൂകരണമായി ഈ പാത്രചിത്രീകരണം മാറുകയും ചെയ്യുമ്പോള്‍ നിഷ്‌ക്കളങ്കതയുടെ ആവരണം സിനിമയുടെ ദൗത്യത്തിന്റെ ഒരു വ്യാജമുഖം മാത്രമാണ്.

സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള സംഘടനാ യോഗത്തില്‍, സംവിധായകന്‍ ‘സിറാജ്’ എന്നാണെന്ന് പറയുമ്പോള്‍ അതല്ല ‘പൊതുധാരയില്‍’ നിന്നുള്ള ആളാകണം എന്നൊരു നിര്‍ദ്ദേശം വരുന്നു. ‘ബഹുസ്വര സമൂഹത്തില്‍’ ആണല്ലോ എന്നതുകൊണ്ട് എന്നും പറയുന്നു. മറ്റു ഹിന്ദു, ക്രിസ്ത്യന്‍ സംവിധായകരുടെ പേര് പറയുമ്പോള്‍ അബദ്ധത്തില്‍ ഫാസില്‍ എന്ന് പറയുകയും ഉടനെ അത് മുസ്‌ലിം പേരാണല്ലോ എന്നോര്‍ത്ത് തിരുത്തുകയും ചെയ്യുന്നുമുണ്ട്.

പക്ഷെ പേര് സിറാജ് എന്നാണെങ്കിലും ആള് ‘പൊതു’ ആണ് എന്ന ഉത്തരത്തിലൂടെ മുസ്‌ലിം എന്ന പേര് ‘പൊതു ധാരയല്ല’ എന്നാണ് പറയുന്നത്. ഒപ്പം നിസ്‌കരിക്കാത്ത, പുകവലിയും മദ്യപാനവും ഉള്ള ആളായതുകൊണ്ട് ‘പൂര്‍ണമായും പൊതുവായി’ എന്നും. സിറാജ് എന്ന് പേരുള്ള ഒരാള്‍ക്ക് ഇടമില്ലാത്തതാണ് പൊതുധാര എന്ന സൂചന കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ ചരിത്രത്തെത്തന്നെ കൊഞ്ഞനം കുത്തലാണ്. അതിലേറെ വൃത്തികെട്ട സൂചന സംഘടന അവകാശപ്പെടുന്ന സദാചാര, ധാര്‍മിക ഔന്നത്യമാണ്. അതായത് പൊതുവാകണമെങ്കില്‍ പുകവലിക്കുകയും മദ്യപിക്കുകയും ഒക്കെ വേണമെന്നാണ് പുച്ഛിച്ചുകൊണ്ടുള്ള സൂചന. തങ്ങളുടേതല്ലാത്ത മറ്റെല്ലാ വിശ്വാസങ്ങള്‍ക്കും നരകം വിധിക്കുന്ന കറകളഞ്ഞ മതമൗലികവാദം നിഷ്‌ക്കളങ്കതയുടെ നര്‍മ്മത്തില്‍ ഇളിച്ചുകാട്ടുകയാണ്.

രാഷ്ട്രീയ വിശുദ്ധിയുടേയും ധാര്‍മികതയുടെയും പത്തരമാറ്റ് തനിത്തങ്കമാണ് സംഘടന എന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. സിനിമ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്താന്‍ പലിശപ്പണം വാങ്ങാതെ, പള്ളിയോ മദ്രസയോ പണിയാനാണെങ്കില്‍ ഈ ഹറാമായ കാശ് കൊടുക്കുമോ എന്ന ചോദ്യത്തോടെ അത് നിഷേധിക്കുന്ന പ്രവര്‍ത്തകന്‍ തങ്ങളേര്‍പ്പെട്ട വിശുദ്ധ ദൗത്യത്തിന്റെ മാത്രമല്ല പലിശക്കെതിരായ സംഘടനയുടെ പോരാട്ടം കൂടിയാണ് പറയുന്നത്. സിനിമയുടെ പിന്നീടുള്ള ഗതിവിഗതികളെല്ലാം ഒരു ചലച്ചിത്രം എന്ന നിലയില്‍ ഒട്ടും പുതുമയില്ലാത്ത വിരസമായ തമാശകളും രംഗങ്ങളും മറ്റുമാണ്.

എന്നാല്‍ ഒട്ടും അപ്രധാനമല്ലാതെ ഇസ്‌ലാമിക രാഷ്ട്രീയ സംഘടന എന്ന മുഖ്യ കഥാപാത്രമായ സംഘടന നിര്‍ണായകഘട്ടങ്ങളിലെല്ലാം വീണ്ടും വരുന്നുണ്ട്. അവസാന രംഗത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവുമായ, സിനിമയിലും അതേ വേഷം ചെയ്യുന്ന ഒരു സ്ത്രീയും പുരുഷനും കെട്ടിപ്പിടിക്കുന്ന രംഗം ഒഴിവാക്കണമെന്ന ആവശ്യം തിരക്കഥാകൃത്തടക്കമുള്ള സംഘടനക്കാര്‍ മുന്നോട്ടു വെക്കുന്നു.

സംവിധായകന്‍ വിസമ്മതിക്കുന്നു. വ്യക്തിപരമായി തങ്ങള്‍ക്ക് വിയോജിപ്പില്ലെങ്കിലും അത് പ്രസ്ഥാനത്തിന് ചീത്തപ്പേരുണ്ടാകും എന്ന രാഷ്ട്രീയാശങ്കയില്‍ ഭാര്യയും ഭര്‍ത്താവും തങ്ങള്‍ കെട്ടിപ്പിടിക്കുന്നില്ല എന്ന് തീരുമാനിക്കുന്നു. ആകെ ആശയക്കുഴപ്പത്തിലായ സംവിധായകനെ സഹായിച്ചുകൊണ്ട് ഛായാഗ്രാഹകന്‍ ആ രംഗമെടുക്കുകയാണ്. രംഗത്തിനൊടുവില്‍ ഭാര്യയും ഭര്‍ത്താവും മുന്‍ തീരുമാനം മറന്നു കെട്ടിപ്പിടിക്കുമ്പോള്‍ ആകെ അസ്വസ്ഥനായി, തിരക്കഥാകൃത്ത് എന്ന സംഘടനാ പ്രവര്‍ത്തകന്‍ ചിത്രീകരണത്തിനിടയ്ക്ക് ചാടി വീഴുകയാണ്.

അപ്പോഴാണ് എല്ലാവരുടെയും ഹൃദയം കുളിര്‍പ്പിക്കുന്ന ആ സത്യം ഛായാഗ്രാഹകന്‍ പറയുന്നത്; കെട്ടിപ്പിടിത്തത്തിനു തൊട്ട് മുമ്പായി താന്‍ ‘ഹലാല്‍ കട്ട്’ നടത്തിയിരുന്നു. അതോടെ സംഘടനയുടെ രാഷ്ട്രീയ, സദാചാര, ധാര്‍മിക മൂല്യബോധത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സിനിമ വിജയകരമായി പൂര്‍ത്തിയായതിന്റെ ആഘോഷനൃത്തമാണ്.

പണ്ട് കലാമണ്ഡലം ഹൈദരാലിയെ ക്ഷേത്രത്തിനകത്ത് കയറി കഥകളിക്ക് പാടാന്‍ അനുവദിക്കാഞ്ഞപ്പോള്‍ ആസ്വാദകര്‍ മതിലുപൊളിച്ചുകൊണ്ട് ഹൈദരാലിയെക്കൊണ്ട് പുറത്തു നിന്നും പാടിച്ചു. കളിയകത്തും പാട്ട് പുറത്തും. അത്തരമൊരു രംഗം കാണിച്ചതിന് ശേഷം രണ്ടുകൂട്ടരുടെയും ‘ജീവിതരീതികളും ബോധ്യങ്ങളും’ സംരക്ഷിക്കപ്പെട്ട ആ ‘സനാതന ധര്‍മ്മ കട്ട്’ നടത്തുന്ന ഒരു രംഗം ഓര്‍ത്തുനോക്കൂ. അത്തരത്തിലൊരു രംഗത്തിനു ഏറെ നിഷ്‌ക്കളങ്കമായി കണ്ടുപോകാവുന്നൊരു കാലം വന്നിരിക്കുന്നുവെന്നാണ് ഹലാല്‍ ലവ്സ്റ്റോറി നമ്മോട് പറയുന്നത്.

താനടക്കം കഷ്ടപ്പെട്ട് നിര്‍മ്മിച്ച സിനിമ ടെലിവിഷനില്‍ വരുമ്പോള്‍ പ്രധാന കഥാപാത്രമായ സംഘടന, ഭാരവാഹിയായ റഹീം സാഹിബിലൂടെ വീണ്ടും അതിന്റെ നിസ്വാര്‍ത്ഥതയുടെയും ധര്‍മബോധത്തിന്റെയും കരളുറപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. സിനിമ ടെലിവിഷനില്‍ കാണിക്കുമ്പോഴും അദ്ദേഹവും കുടുംബവും ആ വഴിക്ക് നോക്കാതെ നിസ്‌കരിക്കുകയാണ്. എല്ലാത്തിലും വലുത് മതവും വിശ്വാസവുമാണ് എന്ന ഈ സന്ദേശത്തോടെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഈ നിസ്വാര്‍ത്ഥ, നിഷ്‌കളങ്ക കലാസൃഷ്ടി അവസാനിക്കുകയാണ്.

സിനിമയുടെ ഏതാണ്ടവസാനത്തോടെ സിനിമയ്ക്കുള്ളിലെ സിനിമയുടെ തിരക്കഥാകൃത്ത് സംവിധായകനോട് പറയുന്നതാണ് ഭരതവാക്യം. ചിലത് കാണാനും ചിലത് കേള്‍ക്കാനും പാടില്ലെന്ന് വിശ്വസിക്കുന്ന കുറച്ചു പേരുണ്ട്. ആ ”ഞങ്ങള്‍ക്കും കാണണ്ടേ സിനിമ, ഞങ്ങള്‍ക്കും ചെയ്യണ്ടേ സിനിമ” എന്നാണത്. അതായത് ഏറെക്കാലമായി ഇസ്‌ലാമിക രാഷ്ട്രീയം സ്ഥാപിച്ചെടുക്കുന്ന, ലെഫ്റ്റ്, ലിബറല്‍, മതേതര, ഊളകളുടെ കയ്യില്‍ നിന്നും സിനിമയെ പിടിച്ചുവാങ്ങുക എന്ന മഹത്തായ ദൗത്യമാണ് ഹലാല്‍ ലവ് സ്റ്റോറി ചെയ്യാന്‍ തുനിയുന്നത്.

അങ്ങനെയാണ് ആധുനിക ജ്ഞാന വ്യവഹാരങ്ങളെ ഒഴിവാക്കാന്‍ കഴിയാത്തതുകൊണ്ട് അതിനൊപ്പം നടക്കുമ്പോള്‍ത്തന്നെ അതിന്റെ പുരോഗമനപരവും മത യാഥാസ്ഥിതികതയെ തകര്‍ക്കുന്നതുമായ അംശങ്ങളെ ഒഴിവാക്കിക്കൊണ്ട് ഒരു മതബദ്ധ ജീവിതലോകം ഉണ്ടാക്കാനുള്ള ശ്രമം. ആധുനികതയുടെ കുപ്പായത്തിനുള്ളില്‍ മതമൗലികവാദത്തിന്റെ ശരീരത്തിന് എങ്ങനെയൊക്കെ ജീവിക്കാം എന്നാണ് ഈ സിനിമയുടെ അന്വേഷണം. അതാകട്ടെ മതമൗലികവാദത്തിന്റെ പക്ഷത്തുനിന്നുകൊണ്ടാണ് നടത്തുന്നതും.

ലോകത്തെങ്ങും ഇസ്‌ലാമിക രാഷ്ട്രീയം സാമ്രാജ്യത്വത്തിന് സേവ ചെയ്ത ചരിത്രവും വര്‍ത്തമാനവുമൊക്കെ ചര്‍ച്ച ചെയ്യുന്നത് നമുക്കിപ്പോള്‍ തത്ക്കാലത്തേക്ക് മാറ്റിവെക്കാം. തികച്ചും ജീര്‍ണമായ മതബദ്ധതയുടെ ജീവിതവ്യവഹാരങ്ങളെ നിഷ്‌കളങ്കമെന്ന വ്യാജേനയാണ് ഇതില്‍ കാണിക്കുന്നത്. തങ്ങളുടെ ജീര്‍ണ യാഥാസ്ഥിതികതയും മതബോധവുമാണ് കേരളത്തിലെ മൊത്തം മുസ്‌ലിങ്ങള്‍ക്കും ഉള്ളതെന്ന ഒരു വ്യാജ ചിത്രമാണ് ഈ സിനിമ കാണിക്കാന്‍ ശ്രമിക്കുന്നത്.

അതുകൊണ്ടാണ് മുസ്‌ലിമായ ‘പൊതു’ സംവിധായകന്‍ കള്ളുകുടിയനും പുകവലിക്കാരനുമാകുന്നത്. സിനിമയിലെ ‘നായക’ കഥാപാത്രമായ സംഘടനയുടെ പുറത്തുള്ള, ഇസ്‌ലാമിക മതബോധത്തിന് പുറത്തുള്ള ‘പൊതു’ ബോധവും ജീവിതവും കള്ളുകുടിയും പുകവലിയുമൊക്കെയായി സ്വര്‍ഗം കിട്ടാത്ത കാഫിറുകളാണ് എന്നാണ് ചുരുക്കത്തില്‍ പറയുന്നത്. അത് നിഷ്‌ക്കളങ്കമായ തമാശയല്ല.

ഇസ്‌ലാമിക മതബദ്ധ ജീവിതത്തില്‍ നിന്നും വിട്ടുനടക്കുന്ന സിറാജ് എന്ന മുസ്‌ലിമായ സംവിധായകനെ നോക്കൂ; അയാളുടെ രൂപം തന്നെ അരാജകത്വം നിറഞ്ഞതാണ്. വളരെ വെടിപ്പോടെ നടക്കുന്ന മതബോധമുള്ള ‘സംഘടന’ക്കാരെപ്പോലെയല്ല. സിറാജിന്റെ കുടുംബജീവിതമാകട്ടെ തകര്‍ന്നു പോയിരിക്കുന്നു. അയാള്‍ ഭാര്യവീട്ടില്‍ കയറി കള്ളുകുടിച്ചു ബഹളമുണ്ടാക്കുന്നു. ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുക്കുന്നു. ഇങ്ങനയൊക്കെയാണ് മതത്തിനു പുറത്തുള്ള മുസ്‌ലിമായ കലാകാരന്റെ ജീവിതം.

എന്നാല്‍ സിനിമയില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ശരിക്കും ഭാര്യാഭര്‍ത്താക്കന്മാരായ ഷെരീഫും സുഹറയുമാകട്ടെ ഇസ്‌ലാമിക രാഷ്ട്രീയ സംഘടനയെ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ കെട്ടിപ്പിടിക്കേണ്ട എന്നുവരെ തീരുമാനിക്കുകയും, അവര്‍ക്കിടയിലുള്ള ചില്ലറ അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കുകയും ചെയ്തുകൊണ്ട് മാതൃക ഇസ്‌ലാമിക ദമ്പതികളായി ജീവിക്കുന്നു.

അതായത് പരാജയപ്പെട്ട, അരാജകത്വം നിറഞ്ഞ, മദ്യപാനവും, പുകവലിയും മറ്റു ദുശീലങ്ങളുമായി തകര്‍ന്ന കുടുംബത്തിന്റെ ദുഃഖം പേറുന്ന ആ ‘പൊതു’വാണോ നിങ്ങള്‍ക്ക് വേണ്ടത്, അതോ സൗമ്യ സുന്ദരമായ ഇസ്‌ലാമിക ദാമ്പത്യമാണോ എന്ന നിഷ്‌ക്കളങ്കമായ ചോദ്യമാണ് ഇങ്ങനെ സിനിമ ചോദിക്കുന്നത്. ആര്‍ക്കാണ് ആ സുന്ദര സുരഭില ദാമ്പത്യത്തിന്റെ പ്രലോഭനം തടുക്കാനാവുക!

കേരളത്തിന്റെ ഇസ്‌ലാമിക യാഥാസ്ഥിതികത്വത്തിനു തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് ആ മതത്തിനുള്ളില്‍ കടന്നുവരുന്ന ആധുനികതയുടെ ജ്ഞാന വ്യവഹാരങ്ങളും അതിന്റെ ജീവിതാവബോധവും. എന്നാല്‍ ഇത് ഇസ്‌ലാമിക രാഷ്ട്രീയവും ആശങ്കയോടെ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ആധുനിക വിദ്യാഭ്യാസത്തെയും ജീവിതബോധത്തെയും പരമാവധി ഇസ്‌ലാമിക ജീവിതരീതികള്‍ക്കുള്ളില്‍ നിര്‍ത്തി മതത്തിന്റെ പിടി അയയാതെ നോക്കുക എന്നതാണ് അവര്‍ ചെയ്യുന്നത്. ഈയിടെ വന്ന, ഇസ്‌ലാമിക അന്തരീക്ഷത്തില്‍ എം.ബി.ബി.എസ് പഠിക്കാം എന്ന പരസ്യം പോലെയാണത്.

തികച്ചും ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മതങ്ങള്‍, അതൊരു ജീവിതരീതിയാണ് എന്നും അതൊരു അവകാശമാണെന്നും പറയുന്നത് അത്ഭുതമുണ്ടാക്കുന്ന കാര്യമല്ല. അതവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ജാതിവ്യവസ്ഥ ഹിന്ദുമതത്തിന്റെ ജീവിതരീതിയും വിശ്വാസവുമായി മാറുന്നത് അങ്ങനെയാണ്. ഈ സിനിമയില്‍ തൗഫീഖ് പറയുന്ന, അങ്ങനെ വിശ്വസിക്കുന്ന ഞങ്ങള്‍ക്കും സിനിമ പിടിക്കേണ്ടെ, കാണേണ്ടേ എന്ന നിഷ്‌ക്കളങ്കമായ ചോദ്യമാണ് ഹിന്ദുത്വ വാദികളും ചോദിക്കുന്നത്.

ഒരു മതത്തിനു വിശുദ്ധവും അവസാനവാക്കും ആകാമെങ്കില്‍ മറ്റൊരു മതത്തിനും അതാകാന്‍ ഒരു തടസ്സവുമില്ല. ബഹുസ്വര സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ‘പൊതു’ എന്ന തട്ടിപ്പ് ചേര്‍ക്കുമ്പോള്‍ അങ്ങനെ ചേര്‍ക്കേണ്ട എന്ന് തീരുമാനിക്കുന്നത് അതിലും വിശുദ്ധമായ കാര്യമാകും. അങ്ങനെയാണ് മതവര്‍ഗീയ വാദികള്‍ ‘പൊതു’വിനെ പുറത്താക്കി മതങ്ങളുടെ വ്യവഹാരഭൂമിക മാത്രമാക്കി സമൂഹത്തെ മാറ്റാന്‍ ശ്രമിക്കുന്നത്.

സിനിമയിലെ പ്രസ്താവനകളെല്ലാം ഇസ്‌ലാമിക രാഷ്ട്രീയത്തെയും അതിന്റെ പിന്തിരിപ്പന്‍ ലിംഗബോധത്തെയും പുരുഷാധിപത്യത്തേയും സ്ഥാപിക്കച്ചെടുക്കുന്നതാണ്. ബാക്കിയുള്ള അവനവനെ കളിയാക്കുന്ന ഔദാര്യത്തിന്റെ രൂപത്തിലുള്ള തമാശകളാകട്ടെ പഴയ നമ്പൂരി ഫലിതം പോലെ വയറു നിറഞ്ഞിരിക്കുമ്പോള്‍ തങ്ങളെ നോക്കിച്ചിരിക്കുന്ന ഒരു നേരമ്പോക്ക് മാത്രമാണ്.

ഒരു സ്ത്രീയും പുരുഷനും കെട്ടിപ്പിടിക്കുമ്പോള്‍, ഭാര്യാഭര്‍ത്താക്കന്മാരായി യഥാര്‍ത്ഥ ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളുമായുള്ളവര്‍ കെട്ടിപ്പിടിക്കുമ്പോള്‍, ആകാശം ഇടിഞ്ഞുവീണ അപകടം കണ്ടപോലെ ചിത്രീകരണത്തിനിടയിലേക്ക് ചാടിവീഴുന്ന തൗഫീഖ് നമ്മെ ഭയപ്പെടുത്തേണ്ടതുണ്ട്.

മലയാളത്തില്‍ ബിരുദാനന്തര ബിരുദമുള്ള, വിശ്വസിക്കാന്‍ കൊള്ളാവുന്ന, അദ്ധ്യാപകനായ ഇരുപത്തിയെട്ട് വയസുള്ള ഒരു മുസ്‌ലിം യുവാവിന് ഭാര്യ ഭര്‍ത്താക്കന്മാര്‍ അഭിനയത്തിനായിട്ടാണെങ്കില്‍ പോലും പരസ്യമായി കെട്ടിപ്പിടിക്കുന്നത് ഇത്രയും സംഭ്രമവും പരവേശവും പ്രതിഷേധവും ഉണ്ടാക്കുന്നുണ്ടെങ്കില്‍ അയാളെ രൂപപ്പെടുത്തിയ എല്ലാ ബോധത്തോടും നമ്മള്‍ കര്‍ക്കശമായും കലഹിക്കേണ്ടതുണ്ട്. അയാളുടെ ഉമ്മ തന്റെ മകന് പെണ്ണാലോചിക്കുമ്പോള്‍ ‘കലാബോധവും മതനിഷ്ഠയുമുള്ള’ പെണ്‍കുട്ടികളെയാണ് ആലോചിക്കുന്നത്. സിറാജിന്റെ കലാബോധമല്ല, മതനിഷ്ഠയുള്ള കലാബോധം.

നിഷ്‌ക്കളങ്കതയുടെ വ്യാപാരം കൊണ്ട് മറച്ചുവെക്കാന്‍ കഴിയാത്തത്ര പിന്തിരിപ്പനാണ് ഈ സിനിമ. ഈ സിനിമയുടെ രാഷ്ട്രീയം ആക്ഷേപിക്കുന്ന ‘പൊതു’വാണ് ഇത് മുന്നോട്ടുവെക്കുന്ന നൂറ്റാണ്ടുകള്‍ക്ക് പിറകില്‍ക്കിടക്കുന്ന ജീര്‍ണിച്ച മൂല്യങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍ക്കേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Movie Review Halal Love Story

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more