| Thursday, 22nd October 2020, 8:49 pm

സക്കരിയയുടെ 'ഹലാല്‍ക്കട്ടും' വിമര്‍ശകരുടെ ബേജാറുകളും

മുഖ്താര്‍ ഉദരംപൊയില്‍

ഹലാല്‍ ലൗ സ്റ്റോറി മുസ്‌ലിം വിരുദ്ധമോ സിനിമയിലെ മുസ്‌ലിം ഇടപെടലുകളെ റദ്ദ് ചെയ്യുന്ന സിനിമയോ അല്ല. കേരളത്തിലെ ഒരു മുസ്‌ലിം സംഘടനക്കകത്ത് നിന്ന്, അടിമുടി സംഘടനാ പ്രവര്‍ത്തകരായ റഹീം സാഹിബും തൗഫീഖും സംഘടനാ ചട്ടക്കൂടിനെ മറികടക്കാതെ ഒരു സിനിയെടുക്കാനുള്ള ശ്രമമാണ് സിനിമ.

ഇത് കേരളത്തിലെ പൊതു മുസ്‌ലിം ജീവിതത്തെ അടയാളപ്പെടുത്തുന്ന സിനിമയല്ല. പുറത്ത് പുരോഗമനമാവുകയും അകത്ത് യാഥാസ്ഥിതിക മനോഭാവം ആദര്‍ശമായി കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിനകത്ത് കലാപ്രവര്‍ത്തകര്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെയും അതോടൊപ്പം പ്രസ്ഥാന വിമര്‍ശനവുമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. കൂട്ടത്തില്‍ സംഘടനാപ്രവര്‍ത്തകരുടെ കുടുംബ ജീവിതം പോലും യാന്ത്രികമാവുന്നതെങ്ങനെയെന്നും വിരസമായ ദാമ്പത്യ ജീവിതത്തെ ദീനിയായി തെറ്റിദ്ധരിക്കപ്പെടുന്നതെങ്ങനെയെന്നും വ്യക്തമാക്കുന്നുമുണ്ട്.

മുസ്‌ലിം സംഘടനാ പരിസരത്ത് ജീവിക്കുന്നവര്‍ക്ക് വേഗം ഉള്‍ക്കൊള്ളാനാവുകയും തിരിച്ചറിയാനാവുകയും ചെയ്യുന്ന, എന്നാല്‍ നിസ്സാരമെന്ന് കരുതാവുന്ന എലമെന്റുകള്‍ പോലും സിനിമയില്‍ പ്രാധാന്യത്തോടെ കാണിക്കുന്നുണ്ട്. എന്നാല്‍ സംഘടനാ സംവിധാനങ്ങളുടെ ഊരാക്കുടുക്കുകള്‍ മനസ്സിലാവാത്ത ‘പൊതു’കള്‍ക്ക് അതത്രപെട്ടെന്ന് ഉള്‍ക്കൊള്ളാനായിക്കൊള്ളണമെന്നില്ല. കാരണം ഇത്തരം സൂചകങ്ങളും ചിഹ്നങ്ങളും പരീക്ഷണാത്മകമായി പോലും മലയാള സിനിമയില്‍ ഇതുവരെ കടന്നു വന്നിട്ടില്ല.

‘ഇത് ചുരമിറങ്ങുന്ന ഒരു ബസ്സിലെ’ യാത്രക്കാരുടെ കഥയാണ്. അവരുടെ ആത്മസംഘര്‍ഷങ്ങളാണ്. ബസ്സിനു പുറത്തും ആളുകളുണ്ടെന്നതും ചുരമിറങ്ങിചീറിപ്പായുന്ന ബസ്സുകളും അതില്‍ കുറേ ആളുകളുണ്ടെന്നതും ചുരമിറങ്ങുന്ന ബസ്സിലെ യാത്രക്കാരുടെ കഥയെ റദ്ദ് ചെയ്യാനുള്ള ഉപാദിയല്ല. ജമാഅത്തെ ഇസ്്ലാമിയെ ഒളിച്ചുകടത്തുകയല്ല, മുന്നില്‍ നിര്‍ത്തി ചോദ്യം ചെയ്യുകയും ശക്തമായി വിമര്‍ശിക്കുകയുമാണ് സത്യത്തില്‍ സിനിമ ചെയ്യുന്നത്.

സിനിമയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെങ്കിലും കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും ബാധകമാണ് ഇതിലെ വിമര്‍ശനങ്ങള്‍. പുരോഗമനമെന്ന് പറയുന്ന മുജാഹിദ് പോലുള്ള സംഘടനകളും ഇത്തരം വിഷയങ്ങളില്‍ അകത്ത് വളരെ യാഥാസ്ഥിതികമായ നിലപാടുകള്‍ വെച്ച് പുലര്‍ത്തുന്നവരാണ്.

സമസ്ത സുന്നികളെ യാഥാസ്ഥിതികരും പിന്തിരിപ്പന്മാരുമായി ചിത്രീകരിക്കുന്നതിനാല്‍ അവരുടെ നിലപാടുകള്‍ യാഥാസ്ഥിതികമാവുന്നതില്‍ വിമര്‍ശനത്തിന് ഇടമില്ല. എങ്കിലും സുന്നി പ്രസ്ഥാനങ്ങള്‍ക്കിടയിലും ഇത്തരം കലാസംഘര്‍ഷങ്ങള്‍ പലവിധത്തില്‍ അനുഭവിക്കുന്ന പുതിയ കുട്ടികളുണ്ട്. ദാറുല്‍ഹുദ കോളജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ നാടകവും ഷോര്‍ട്ട്ഫിലിം മത്സരവും വിവാദമായതും നേതൃത്വം തന്നെ അതിനെതിരെ പരസ്യമായി രംഗത്തുവന്നതും കൂട്ടിവായിക്കാം.

ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന നാടകമത്സരത്തില്‍ നിന്ന്

മുസ്‌ലിം സംഘടനകളുടെ കലയോടുള്ള വിരുദ്ധ സമീപനമാണ് സിനിമ പ്രശ്നവല്‍ക്കരിക്കുന്നത്. അത്തരമൊരു ചര്‍ച്ചയാണ് ഉയര്‍ന്നുവരേണ്ടതും. ജമാഅത്തെ ഇസ്‌ലാമി പശ്ചാത്തലത്തില്‍ നിന്ന് മലബാറില്‍ ഉണ്ടായിട്ടുള്ള ‘ഹലാല്‍’ ഹോം സിനിമകളുടെ പശ്ചാത്തലം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

സലാം കൊടിയത്തൂര്‍ സംവിധാനം ചെയ്ത ഇത്തരം ഹോം സിനിമകള്‍ ‘ഹലാലായി’ കണ്ടുകൊണ്ടുതന്നെയാണ് മലബാറിലെ മുസ്‌ലിം വീടുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നത്. ആ സമയത്ത് ഇത്തരം ധാരാളം നീക്കങ്ങള്‍ വിവിധ മുസ്‌ലിം സംഘടനാ പരിസരത്തുനിന്നുമുണ്ടായിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ കലാവിഭാഗമായ രചന കലാവേദി നിര്‍മ്മിച്ച ‘ഇലയനക്കങ്ങള്‍’ എന്ന ടെലി ഫിലിം സംവിധാനം ചെയ്തത് സക്കരിയ തന്നെയായിരുന്നു.

സലാം കൊടിയത്തൂര്‍

മുസ്‌ലിം സംഘടനകള്‍ക്ക് കലാവേദികളും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളുമുണ്ടെങ്കിലും അതിര്‍വരമ്പുകളില്‍ തളച്ചിടപ്പെട്ട കലാവിഷ്‌കാരങ്ങളാണ് അവിടെയെല്ലാം അനുവദനീയമായിട്ടുള്ളത്. മുസ്ലിം നവോത്ഥാനമെന്ന പേരില്‍ നടന്ന പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ കേരള മുസ്‌ലിങ്ങള്‍ക്കിടയിലെ തനത് കലാവിഷ്‌കാരങ്ങളെപ്പോലും നിരുല്‍സാഹപ്പെടുത്തുകയും അതുവഴി അസരികമായ മതപരിസരം രൂപപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.

സലാം കൊടിയത്തൂര്‍ സംവിധാനം ചെയ്ത ഹോം സിനിമകളിലൊന്നിന്റെ പോസ്റ്റര്‍

സിനിമയില്‍ മാത്രമല്ല, സംഗീതം, ചിത്രകല, ഫോട്ടോയെടുപ്പ്, കഥയെഴുത്ത് തുടങ്ങി എല്ലാ മേഖലകളിലും സംഘടനകളുടെ മസില്‍പിടുത്തം ശക്തമാണ്. പെണ്ണിന്റെ ഫോട്ടോ വരുന്നതിനാല്‍ പര്‍ദ്ദയുടെ പരസ്യം പോലും തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്ന ‘നവോത്ഥാന പ്രസ്ഥാന’ങ്ങളാണ് കേരളത്തിലെ മുസ്ലിം ‘പുരോഗമന’ പ്രസ്ഥാനങ്ങള്‍. അതിനാല്‍ തന്നെ ഹലാല്‍ ലൗ സ്റ്റോറിയെ വിപുലമായ തലത്തില്‍ കാണാന്‍ സംഘടനാപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുന്നുണ്ട്. ആ ഒരു സമ്മര്‍ദം പുറത്തുനില്‍ക്കുന്നവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല.

ഹലാല്‍ ലൗ സ്റ്റോറി മുസ്ലിം വിരുദ്ധമല്ല, മുസ്‌ലിം സംഘടനകളുടെ യാഥാസ്ഥിതിക നിലപാടുകളെ ചോദ്യം ചെയ്യുന്ന സിനിമയാണ്. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകള്‍ക്കകത്ത് ‘പ്രബോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായി’ സിനിമ പോലുള്ള കലാപ്രവര്‍ത്തനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന ചര്‍ച്ച നേരത്തെ തന്നെ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഒരു ഹലാല്‍ ലൗ സ്റ്റോറി അന്‍പതുകൊല്ലം കഴിഞ്ഞാലും ഇവിടെ നിന്നൊന്നും ഉണ്ടാവില്ലെന്നുറപ്പാണ്.

അങ്ങനെ കലാപ്രവര്‍ത്തനം നടത്തണം എന്നുള്ളവര്‍ ആ ബസ്സില്‍ നിറങ്ങി നടക്കുകയേ നിവൃത്തിയുള്ളു. സംഗീതം ഹറാമാണോ ഹലാലാണോ എന്ന ചര്‍ച്ച നടക്കുന്ന മുസ്ലിം സംഘടനാ അന്തരീക്ഷത്തിലേക്ക് സിനിമ ഹലാലാണോ ഹറാമാണോ എന്ന ചര്‍ച്ചക്ക് തന്നെ പ്രസക്തിയില്ലെന്നതാണ് സത്യം. ആ പശ്ചാത്തലത്തില്‍ നിന്ന് ഹലാല്‍ ലൗ സ്റ്റോറിയെ സമീപിക്കുമ്പോള്‍ കാഴ്ചകള്‍ വിപുലപ്പെടുക സ്വാഭാവികമാണ്.

മലയാളി മുസ്‌ലിങ്ങള്‍ നേടിയ മുഴുവന്‍ സര്‍ഗാത്മക ഭൂതകാലത്തെയും റദ്ദ് ചെയ്യുന്നുണ്ടോ

അത്തരമൊരു ആരോപണത്തിന് പ്രസക്തിയേ ഇല്ല. അത് സിനിമയുടെ വിഷയവും അല്ല. സിനിമക്കകത്തെ സിനിമയില്‍ സംവിധായകനായി വരുന്ന സിറാജ് പതിനഞ്ച് കൊല്ലമായി സിനിമാരംഗത്തുള്ളയാളാണ്. സിറാജ് ‘പൊതു’വാണെങ്കിലും മുസ്‌ലിമാണ്. നിലമ്പൂര്‍ ആയിഷയും മാമുക്കോയയും സീനത്തും ഈ സിനിമയുടെ ഭാഗമാവുന്നുണ്ട്. കഥയിലും കാസ്റ്റിങിലും സിനിമയിലെ മുസ്‌ലിം പാരമ്പര്യത്തെ അംഗീകരിക്കുകയാണ് സത്യത്തില്‍ ചെയ്തിട്ടുള്ളത്.

കള്ളുകുടിയനായ സിനിമാക്കാരന്റെ സംഘര്‍ഷഭരിതമായ കുടുംബജീവിതം

സിനിമക്കകത്തെ സിനിമയുടെ സംവിധായകനായി വരുന്ന സിറാജ് എന്ന ‘പൊതു’വിന്റെ കുടുംബജീവിതം മോശമായി ചീത്രീകരിച്ചുവെന്നും സംഘടനാപ്രവര്‍ത്തകരുടെ ജീവിതം മാതൃകാപരമായി അവതരിപ്പിച്ചുവെന്നും പരാതിപ്പെടുന്നവരുണ്ട്. എന്നാല്‍ തികഞ്ഞ ‘ദീനി’യും സംഘടനാപ്രവര്‍ത്തകനുമായ ശരീഫിന്റെ വിരസമായ കുടുംബ ജീവിതത്തേക്കാള്‍ ക്രൂരമല്ല സിറാജിന്റെ ജീവിതം. മകളോട് സിറാജ് കാണിക്കുന്ന വാല്‍സല്യം പേലും ശരീഫ് കുട്ടികളോട് കാണിക്കുന്നില്ല സിനിമയില്‍. ഭാര്യയോടുള്ള കടമ നിര്‍വഹിച്ചോ എന്ന ചെക്ക്ലിസ്റ്റിലെ ചോദ്യത്തില്‍ എന്നും കിടക്കാന്‍ നേരത്ത് ശരിയിടുന്ന ശരീഫ് പക്ഷെ, ഭാര്യയോടുള്ള കടപ്പാടിനെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന ചോദ്യം ഉയര്‍ത്തുന്നുമുണ്ട്.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ മാര്‍ക്കുവാങ്ങലല്ല സ്നേഹമെന്നും അതിന് ‘ദീനി’യായാല്‍ പോരെന്നും ബോധ്യപ്പെടുത്തുന്നുണ്ട്. ശരീഫിനേക്കാള്‍ സിറാജ് ശരിയാകുന്ന ഷോട്ടുകള്‍ സിനിമയിലുണ്ട് താനും. സംഘടനാപ്രവര്‍ത്തകരായ ശരീഫിന്റെയും സുഹറയുടെയും പ്രശ്നം പരിഹരിക്കാന്‍ സംഘടനാ പ്രവര്‍ത്തകനായ മാതൃകാ പുരുഷനെയല്ല, നിങ്ങളീ പറയുന്ന ‘ഹറാമിയായ’ സിറാജ് തന്നെയാണ് സംവിധായകനും എഴുത്തുകാരനും ഇടപെടീക്കുന്നത്. ഇതിലെ ഓരോ ഷോട്ടും കരുതിക്കൂട്ടി തന്നെയുള്ളതാണ്. ഓരോ ഷോട്ടിലും കൃത്യമായ വിമര്‍ശനങ്ങളും ആലോചനാവിത്തുകളും ഒളിപ്പിച്ചുവെച്ചാണ് മുഹ്സിനും സക്കരിയയും സിനിമ ചെയ്തിരിക്കുന്നത്്.

മൂന്നാമതും ഉമ്മ

‘മൂന്നാമതും ഉമ്മ’ എന്നാണ് സിനിമക്കുള്ളിലെ സിനിമയുടെ പേര്. ഇസ്‌ലാമിലെ സ്ത്രീ തന്നെയാണ് വിഷയം. സംഘടനാ യോഗത്തില്‍ സ്ത്രീകളുണ്ട്. പക്ഷേ, അവര്‍ക്ക് സംസാരിക്കാനുള്ള സ്പെയിസ് ഇല്ല. അതേസമയം തൗഫീഖിന്റെ ഉമ്മ നിസ്‌ക്കാരക്കുപ്പായമിട്ട് വന്ന് മകന് പ്രചോദനം പകരുന്നുണ്ട്. സിനിമാ ചിത്രീകരണത്തിനിടക്ക് ചോദ്യം ചെയ്യാന്‍ വരുന്നതും നാട്ടിലെ സ്ത്രീകളാണ്. സുഹ്റയുടെ മാനസിക സംഘര്‍ഷങ്ങളും ഇതോടൊപ്പം ചേര്‍ത്തുവെച്ച് കാണുമ്പോള്‍ സംഘടനക്കകത്തെ സ്ത്രീകളുടെ സ്ഥാനം കൂടി സിനിമ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്നുണ്ട്.

‘പൊതു’വായ ചില സത്യങ്ങള്‍

സിനിമ സംവിധാനം ചെയ്യാന്‍ ‘പൊതു’വായ ഒരാള്‍ വേണമെന്ന് സംഘടനായോഗത്തിലെ നിര്‍ദേശമാണ്. പൊതു എന്നത് കരുതിക്കൂട്ടിയുള്ള ഒരു പ്രയോഗമാണ്. മുസ്‌ലിം സംഘടനകള്‍ പലപ്പോഴും ആ ‘പൊതു’ബോധം കാത്തുസൂക്ഷിച്ചിട്ടുള്ളവരുമാണ്. അവര്‍ പത്രം തുടങ്ങിയപ്പോള്‍ കണ്ടെത്തിയ എഡിറ്റര്‍മാരെ മാത്രം നിരീക്ഷിച്ചാല്‍ അത് വ്യക്തമാവും. വിശ്വാസിയായ, മതം പ്രാക്ടീസ് ചെയ്യുന്ന ഒരാള്‍ ബഹുസ്വര സമൂഹത്തില്‍ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളില്‍ മുന്നില്‍ നിര്‍ക്കാന്‍ യോഗ്യരല്ലെന്ന പൊതുബോധത്തെ ഏറ്റെടുക്കുകയാണ് മുസ്ലിം സംഘടനകളും ചെയ്യുന്നത്. അത് നിസ്സാരമായ സംഗതിയല്ല. സംഘടകള്‍ക്കകത്തെ കലാ-സാംസ്‌കാരിക-സാഹിത്യ പ്രതിഭകളെ അവഗണിക്കുകയും തളര്‍ത്തുകയുമാണ് എല്ലാകാലവും മുസ്‌ലിം സംഘടനകള്‍ ചെയ്തിട്ടുള്ളത്.

മുഹ്‌സിന്‍ പരാരി, സക്കരിയ

ഹലാല്‍കട്ട്

സിനിമയുടെ അവസാനത്തെ ഹലാല്‍കട്ടാണ് ചിലരുടെ പ്രശ്നം. അത് സിനിമക്കകത്തെ സിനിമയുടെ കാര്യമാണ്. സംഘടനാ സംവിധാനത്തിനകത്ത് നിന്നുകൊണ്ട് അത്രയേ കാണിക്കാനാവൂ. അതിനാല്‍ ആ ബസ്സില്‍ നിന്ന് ഇറങ്ങിനടക്കുന്നവരുടെ സിനിമ അവിടെ കട്ടാവുന്നില്ല.

രാജീവ് രാമചന്ദ്രനെ കടമെടുത്തു പറഞ്ഞാല്‍, ‘തൗഫീഖ് മാസ്റ്ററും റഹീം സാഹിബും നിര്‍മ്മിച്ച് സിറാജെന്ന ‘പൊതു’ സംവിധാനം ചെയ്ത ‘മൂന്നാമതും ഉമ്മ’ ഹലാക്കാക്കിയത് കെട്ടിപ്പിടുത്തം കട്ട് ചെയ്താണ്. പക്ഷേ, ആഷിഖ് അബു എന്ന പൊതു നിര്‍മ്മിക്കുന്ന സക്കരിയയുടെയും മുഹ്സിന്റെയും സിനിമയില്‍ കെട്ടിപ്പിടുത്തം ഹറാമാകുന്നില്ല.’

ഉള്ളുതുറന്നൊന്ന് കെട്ടിപ്പിടിക്കാന്‍ നമ്മോട് പറയുന്നുണ്ട് ഈ സിനിമ. അത് സംഘടനാസങ്കുചിതത്വത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറുന്ന കലാപ്രവര്‍ത്തകരോടുള്ള ഐക്യപ്പെടല്‍കൂടിയായി കാണാനാണ് എനിക്കിഷ്ടം. സക്കരിയക്കും മുഹ്സിന്‍ പെരാരിക്കും നന്ദി, അപാരമായ ധൈര്യത്തിന്. ഇങ്ങനെയൊരു സിനിമയെടുക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. അതിങ്ങനെ തന്നെയാണ് വേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Halal Love Story Film Review Mukthar Udarampoyil

മുഖ്താര്‍ ഉദരംപൊയില്‍

We use cookies to give you the best possible experience. Learn more