| Monday, 25th December 2017, 9:22 am

ഹലാല്‍ ഫാഇദ; സി.പി.ഐ.എം പലിശ രഹിത ബാങ്കിന് കണ്ണൂരില്‍ തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന പലിശരഹിത ബാങ്കായ ഹലാല്‍ ഫാഇദക്ക് കണ്ണൂരില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പലിശ രഹിത സ്ഥാപനം ആയതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലിശ രഹിത സ്ഥാപനം ആയതിനാല്‍ ഭാവിയില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു നടത്താന്‍ ശ്രമിക്കുമ്പോള്‍ വിപുലമായ സജ്ജീകരണം ആവശ്യമാണ്. അതിനാല്‍ തന്നെ ഭാവിയില്‍ പ്രശ്‌നമുണ്ടാകാതിരിക്കാനുള്ള കരുതല്‍ വേണം. നമ്മുടെ നാട്ടില്‍ വായ്പ നല്‍കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ലോകത്ത് പലിശരഹിത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തല്‍ ഒന്ന് ഇവിടെ നടക്കാതെപോയത് ചില ആളുകളുടെ നിലപാടാണ്.” ഇസ്‌ലാമിക് ബാങ്കിനെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വ്യാപാര മേഖലകളിലും മറ്റും നിക്ഷേപം നടത്തി പലിശ രഹിത സംഘം വിപുലമായ ഇടമാണ് നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലിശ രഹിത സഹകരണ സംഘത്തിന്റെ ആദ്യഘട്ടമായി രണ്ട് മാസത്തിനകം പതിനായിരം മെമ്പര്‍ മാരെ ചേര്‍ക്കാനും അഞ്ച് കോടി രൂപ സമാഹരിക്കാനുമുള്ള ശ്രമങ്ങളും ഇതിനകം സംഘം തുടങ്ങിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more