|

ഉത്പാദന ക്ഷമതയില്ലെന്നു പഴികേട്ട ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് കഴിഞ്ഞ വര്‍ഷം റെക്കോഡ് വിറ്റുവരവ്; റാഫേല്‍ വിമാനങ്ങളും കുറ്റമറ്റ രീതിയില്‍ നിര്‍മിച്ചേനെയെന്ന് ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: റാഫേല്‍ കരാര്‍ വിഷയത്തില്‍ ഉത്പാദനക്ഷമത ചോദ്യം ചെയ്യപ്പെട്ട ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് കമ്പനി 2017-2018 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് റെക്കോഡ് വിറ്റുവരവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലക്ഷങ്ങളുടെ വര്‍ദ്ധനവാണ് കമ്പനിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഉത്പാദനക്ഷമത ചോദ്യം ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കമാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.

ഫിക്‌സ്ഡ് വിങ്ങില്‍ എസ്.യു-30 എം.കെ.ഐ, എല്‍.സി.എ. തേജസ്, ഡോനിയര്‍ ഡി.ഒ-228 എന്നിവയും റോട്ടറി വിങ്ങില്‍ എ.എല്‍.എച്ച്. ധ്രുവ്, ഛീതല്‍ ഹെലികോപറ്ററുകളുമടക്കം നാല്‍പത് എയര്‍ക്രാഫ്റ്റുകളാണ് കമ്പനി കഴിഞ്ഞ വര്‍ഷം നിര്‍മിച്ചതെന്ന് കണക്കുകള്‍ പറയുന്നു. ഇതു കൂടാതെ, 105 പുതിയ എഞ്ചിനുകളും സ്‌പേസ് പ്രോഗ്രാമുകള്‍ക്കായുള്ള 146 വാഹിനികളും കമ്പനി നിര്‍മിച്ചിട്ടുണ്ട്.

Also Read: ഇറച്ചിക്കടക്ക് ഹിന്ദു ഭായ് ചിക്കന്‍ ഷോപ്പ് എന്നു പേരിട്ടു; കടയടപ്പിച്ച് ഹിന്ദുത്വ സംഘടകള്‍

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് 126 റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് കരാര്‍ നല്‍കാതിരുന്നതെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം തീര്‍ക്കാനുള്ള കഴിവും കമ്പനിക്കില്ലെന്ന് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയും പറഞ്ഞിരുന്നു.

വരുന്ന സാമ്പത്തിക വര്‍ഷവും വിറ്റുവരവില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ചെയര്‍മാര്‍ ആര്‍. മാധവന്‍ പങ്കുവച്ചിരുന്നു. റാഫേല്‍ വിമാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്കു സാധിച്ചേനെയെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

“സുഖോയിയും എം.ഐ.ജിയുടെ വ്യത്യസ്ത വേര്‍ഷനുകളുമടക്കമുള്ള സങ്കീര്‍ണമായ വിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിക്ക് റാഫേല്‍ വിമാനങ്ങളും നിര്‍മിക്കാന്‍ സാധിച്ചേനെ. ഒറിജിനല്‍ എക്വിപ്‌മെന്റ് മാന്യുഫാക്ചററിന്റെ സഹായത്തോടെ മികച്ച രീതിയില്‍ നിര്‍മാണം നടത്താനാകുമായിരുന്നു.” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest Stories