| Monday, 18th March 2024, 9:07 am

പ്രണവ് മോഹൻലാൽ, വിനയ് ഫോർട്ട്‌.. എന്നാൽ ഏറ്റവും സാമ്യം അവനുമായാണ്, ഞാൻ ഏതാണെന്ന് എനിക്കും സംശയം തോന്നും: ഹക്കിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവനടന്മാരിൽ വളർന്നുകൊണ്ടിരിക്കുന്ന താരമാണ് ഹക്കിം ഷാജഹാൻ.

ഷോർട്ട് ഫിലിമുകളിലൂടെയും സിനിമകളിലൂടെയും ഹക്കിം മുമ്പ് തന്നെ അഭിനയരംഗത്തുണ്ടെങ്കിലും 2022ൽ ഇറങ്ങിയ പ്രണയവിലാസത്തിലെ പ്രകടനമാണ് വലിയ ശ്രദ്ധ താരത്തിന് നേടികൊടുത്തത്. ഈയിടെ ഇറങ്ങിയ കടകൻ എന്ന ചിത്രത്തിലൂടെ നായകനായി ഹക്കിം എത്തിയിരുന്നു.

മറ്റ് നടന്മാരുമായി തനിക്കുള്ള സാമ്യതയെ കുറിച്ച് പറയുകയാണ് ഹക്കിം. ഒരുപാട് പേർ തന്നെക്കാണാൻ വിനയ് ഫോർട്ട്, പ്രണവ് മോഹൻലാൽ എന്നിവരെ പോലെയുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും തന്റെ ശബ്ദം സിദ്ധാർത്ഥ് ഭരതനെ പോലെയാണെന്ന് കെ.പി.എ.സി ലളിത വരെ പറഞ്ഞിട്ടുണ്ടെന്നും ഹക്കിം പറയുന്നു. എന്നാൽ തനിക്ക് ഏറ്റവും സാമ്യം തോന്നിയിട്ടുള്ളത് നടൻ ഹരിയുമായിട്ടാണെന്നും ഹക്കിം മിർച്ചി മലയാളത്തോട് പറഞ്ഞു.

‘ഞാൻ ഒരുപാട് ഷോർട്ട് ഫിലിമുകളും പരിപാടികളും ഓക്കെ പണ്ട് ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാം അടിയിൽ വരുന്ന കമന്റ്‌ സിദ്ധാർത്ഥ് ഭരതന്റെ സൗണ്ട് പോലെയുണ്ട് എന്നൊക്കെയാണ്. ആ കാര്യം എന്നോട് കെ.പി.എ.സി. ലളിത ചേച്ചിയും പറഞ്ഞിട്ടുണ്ട്. ഞാൻ വിചാരിച്ചു സിദ്ധുവാണെന്ന്, എന്നാണ് ഒരിക്കൽ ലളിത ചേച്ചി പറഞ്ഞത്.

അതുപോലെ എന്നെ കാണാൻ വിനയ് ഫോർട്ടിനെ പോലെയുണ്ട്, പ്രണവ് മോഹൻലാലാലിനെ പോലെയുണ്ട് അങ്ങനെ ഒരുപാട് പേരുണ്ട്. പിന്നെ ഹരിയുമായിട്ട് എനിക്ക് നല്ല സാമ്യമുണ്ട്. ഹരിയെ അറിയില്ലേ ഹരികൃഷ്ണൻ. അവനുമായി നല്ല സാമ്യമാണ്. ഞങ്ങൾ ഒരുമിച്ച് ഫോട്ടോ എടുത്തിട്ട് എനിക്ക് തന്നെ സംശയം ആയിട്ടുണ്ട്.

ഈയിടെ ഹരി അവന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോയിട്ടപ്പോൾ ഞാൻ കരുതിയത് ഇത് എന്റെ ഏത്‌ ഫോട്ടോയാണെന്നാണ്. കാരണം അത് കുറച്ച് ദൂരേന്നുള്ള ചിത്രമാണ്. പിന്നെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഞാൻ അല്ലെന്ന് മനസിലാവുന്നത്. സിനിമ കാണുന്ന പ്രേക്ഷകർക്കിടയിൽ അതെങ്ങനെയാണ് നോക്കി കാണുന്നതെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ ഈ പറയുന്ന പോലെ മാറി കാസ്റ്റ് ചെയ്തതാണെങ്കിലോ എന്നെ.

ഹരി അവതരിപ്പിച്ച ലോലൻ എന്ന കഥാപാത്രം ഞാൻ ചെയ്തതാണെന്ന് കരുതി എന്നോട് ഒരുപാട് പേര് വന്ന് പറഞ്ഞിട്ടുണ്ട്, അത് നന്നായിട്ടുണ്ടെന്ന്,’ഹക്കിം പറയുന്നു.

Content Highlight: Hakkim Shajahan Talk About His Similarities With Other Actors

We use cookies to give you the best possible experience. Learn more