| Monday, 18th March 2024, 8:06 am

ബിജു ചേട്ടനിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റമല്ല ഞാൻ പ്രതീക്ഷിച്ചത്; രക്ഷാധികാരി ബൈജുവിലെ അനുഭവവുമായി ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ.

മുമ്പ് പല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിജു മേനോനെ കുറിച്ച് പറയുകയാണ് താരം.

രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജുവെന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു ഹക്കിം. താൻ ബിജു മേനോന്റെ വലിയ ആരാധകനാണെന്നും എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ബിജു മേനോൻ തന്നോട് ആദ്യമായി സംസാരിച്ചതെന്നും ഹക്കിം പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ഹക്കിം.

‘ലൊക്കേഷനിൽ ചെന്ന് കണ്ടിട്ടാണ് ഞാൻ ബിജു ചേട്ടന്റെ വലിയൊരു ആരാധകൻ ആവുന്നത്. ആ ചിത്രത്തിൽ എനിക്ക് വലിയ വേഷമൊന്നുമില്ല. നല്ല കഥാപാത്രമാണ്, നല്ല സിനിമയാണ്.

ഞാൻ കാരണം സിനിമയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ല. ഞാൻ ദുബായിൽ പോവുന്നു, തിരിച്ചു വരുന്നു. അതിന്റെ ഒരു ഇമോഷൻസുണ്ട്. പക്ഷെ ആ സമയത്ത് എനിക്ക് കിട്ടാവുന്ന ഏറ്റവും അടിപൊളി കഥാപാത്രമായിരുന്നു രക്ഷാധികാരി ബൈജുവിലേത്.

ബിജു ചേട്ടനുണ്ടെന്ന് ആദ്യമേ അറിയാം. ഷൂട്ട്‌ തുടങ്ങി രണ്ട് മൂന്ന് ദിവസം അവരുടെയൊക്കെ അഭിനയം കണ്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങൾ ഞാൻ പഠിച്ചെടുത്തു. എങ്ങനെയാണ് ചില സാധനങ്ങൾ ചെയ്യേണ്ടതെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. ഒരു ദിവസം ബിജു ചേട്ടനെ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് എന്നെ അടുത്തേക്ക് വിളിച്ചു.

ഞാൻ എന്നെ തന്നെയാണോ വിളിച്ചതെന്ന് ഉറപ്പ് വരുത്തി. കാരണം എന്നെയാണോ വിളിച്ചതെന്ന് സംശയമായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ, ഇരിക്കെടാ, ചായ കുടിച്ചോ എന്നദ്ദേഹം ചോദിച്ചു. അങ്ങനെ ഓരോന്ന് ചോദിച്ച് ബിജു ചേട്ടൻ എല്ലാത്തിനെയും വല്ലാതെ നോർമലാക്കി കളഞ്ഞു.

ബിജു ചേട്ടനിൽ നിന്ന് ഞാൻ അതല്ലായിരുന്നു പ്രതീക്ഷിച്ചത്. ഞാൻ കരുതിയത് ഒരു സ്റ്റാർഡത്തിന്റെ എല്ലാ കാര്യങ്ങളും ബിജുവേട്ടൻ കാണിക്കുമെന്നായിരുന്നു. എന്നാൽ ബിജു ചേട്ടൻ അതെല്ലാം പൊളിച്ച് കളഞ്ഞു,’ഹക്കിം ഷാ പറയുന്നു.

Content Highlight: Hakkim Shajahan Talk About Biju Menon

Latest Stories

We use cookies to give you the best possible experience. Learn more