നാട് നന്നാക്കുക എന്നുള്ളത് അഭിനേതാക്കളുടെ പണിയല്ലെന്ന് നടൻ ഹക്കിം ഷാജഹാൻ. ആർട്ടിസ്റ്റുകൾക്ക് രാഷ്ട്രീയം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്ന് തോന്നിയിട്ടുണ്ടെന്നും ഏതെങ്കിലും പാർട്ടിയുടെ പക്ഷം പിടിച്ചാല് മറ്റ് പാർട്ടിക്കാർ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിനേതാക്കൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ സൈഡ് പിടിക്കാനോ മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ വിഷയങ്ങളെപ്പറ്റി സംസാരിക്കാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്ക് ഉണ്ടായിരിക്കാം. അഭിനേതാക്കൾ ഒരു പൊതു മുതലാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവല്ലല്ലോ, നേതാവാണെങ്കിൽ അയാൾക്ക് അയാളുടെ പാർട്ടി മാത്രം നോക്കിയാൽ മതി. പക്ഷെ ഈ നടൻ ഏതെങ്കിലും പക്ഷം പിടിച്ചാൽ മറ്റ് പാർട്ടികൾ പൊങ്കാല ആയിട്ടിറങ്ങും, അവരെ എന്തോ ചീത്ത പറഞ്ഞപോലെ ആയി പോകും.
എനിക്ക് തോന്നുന്നു നാട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ ശരിയാക്കുക എന്നുള്ളതല്ല അഭിനേതാക്കളുടെ ജോലി. പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കുക, കരയിക്കുക, ചിരിപ്പിക്കുക എന്നുള്ളതാണ് അവർക്ക് പറഞ്ഞിട്ടുള്ള പണി. എന്തിനാണ് ആവശ്യമില്ലാത്ത പണിയെടുത്ത് തലയിൽ വെക്കുന്നത്.
സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റി പോസ്റ്റ് ചെയ്താൽ പ്രശ്നം, ഇല്ലെങ്കിലും പ്രശ്നം. ഇവിടെ മാലിന്യത്തിന് തീ പിടിച്ച് പുകയിറങ്ങിയപ്പോൾ എന്തുകൊണ്ട് നിങ്ങൾ മിണ്ടാതിരുന്നതെന്ന് അവർ ചോദിക്കും. പുകയിറങ്ങിയിട്ട് എന്ത് ചെയ്യാനാ? ഇവിടെ നല്ല രാഷ്ട്രീയ നേതാക്കൾ ഉണ്ട്, പൊലീസുകാരുണ്ട്, ഫയർഫോഴ്‌സുമുണ്ട്. നമുക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി നമ്മൾ ചെയ്തു. സമൂഹത്തെ നന്നാക്കി കളയാമെന്നുള്ളത് ഒരിക്കലും കലാകാരന്മാരുടെ ജോലിയല്ല. അവർക്ക് വേണമെങ്കിൽ സിനിമ വഴിയൊക്കെ സംസാരിക്കാം. മൈക്ക് കെട്ടി റോഡിൽ ഇറങ്ങി സംസാരിക്കേണ്ട കാര്യമില്ല,’ ഹക്കിം ഷാജഹാൻ പറഞ്ഞു.