പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്; ഓണം ആഘോഷിച്ചത് പച്ച പപ്പായ മാത്രം കഴിച്ചാണ്; ക്ഷമയുടെ നെല്ലിപ്പടി വരെ കണ്ടിട്ടാണ് ജീവിച്ചത്: ഹക്കിം ഷാജഹാൻ
Entertainment
പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്; ഓണം ആഘോഷിച്ചത് പച്ച പപ്പായ മാത്രം കഴിച്ചാണ്; ക്ഷമയുടെ നെല്ലിപ്പടി വരെ കണ്ടിട്ടാണ് ജീവിച്ചത്: ഹക്കിം ഷാജഹാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th June 2023, 11:58 pm

സിനിമകൾ ഇല്ലാതിരുന്നപ്പോൾ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് നടൻ ഹക്കിം ഷാജഹാൻ. കഴിക്കാൻ ഭക്ഷണം ഇല്ലാതെ വന്നപ്പോൾ താൻ കഴിച്ചിരുന്നത് മാമ്പഴം ആണെന്നും വെറും പപ്പായ മാത്രം കഴിച്ച് ഓണം ആഘോഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ സിനിമയിൽഎത്താൻ പത്ത് വർഷമെടുത്തു. കാരണം സിനിമകൾ ഒന്നും വർക്കാവാതെ വന്നപ്പോൾ ഞാൻ മറ്റെന്തെങ്കിലുമായിട്ടൊക്കെ ബിസിയാകും, ചിലപ്പോൾ ഫ്രണ്ട് ഒക്കെ ആയിട്ട് ടൂർ പോകും. പിന്നെ കുറെ നാൾ ഒരു പ്രണയത്തിന്റെ പുറകെ പോയി. ഞാൻ അത്ര ഫോക്കസ് ചെയ്ത് പോകുന്ന ആളായിരുന്നില്ല. അങ്ങനെ ഓരോന്നും അറിഞ്ഞും മനസിലാക്കിയും പോയതുകൊണ്ടാണ് ഈ മെയിൻ സ്ട്രീം സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത്.

ഞാൻ വളരെ നന്നായി ജീവിതം എൻജോയ് ചെയ്ത് വന്ന ആളാണ്. ഞാൻ ഒത്തിരി സ്ട്രഗ്ഗിൾ ചെയ്താണ് സിനിമയിൽ എത്തിയത്. അതായത് പട്ടിണിവരെ കിടക്കേണ്ടി വന്നിട്ടുണ്ട്. എനിക്കും എന്റെ സുഹൃത്തിനും മൂന്ന് വർഷത്തോളം സിനിമകൾ ഇല്ലായിരുന്നു. ഞങ്ങൾ ഒരു ഫ്‌ളാറ്റിലാണ് അന്ന് താമസിച്ചിരുന്നത്. മാമ്പഴക്കാലം വരുമ്പോൾ നല്ല സന്തോഷമാണ്. കാരണം നല്ല പട്ടിണിയാണ്. ഞങ്ങൾക്ക് സ്‌പ്ലെൻഡർ ബൈക്ക് ഉണ്ട്, അതിന് പെട്രോൾ കുറച്ചടിച്ചാൽ മതി. അതുമായിട്ട് എല്ലാ മാവിന്റെയും ചുവട്ടിലൂടെ പോകും. പോയിട്ട് വരുമ്പോൾ ഏകദേശം ഒരു പത്ത് കിലോയോളം മാങ്ങ കയ്യിലുണ്ടാകും.
രാത്രികളിൽ അത് കഴിച്ച് വിശപ്പ് മാറ്റിയിട്ടുണ്ട്. രാത്രിയിൽ ഒരു കട്ടനൊക്കെ കഴിച്ച് ഞങ്ങൾ കിടന്നുറങ്ങും. രാവിലെ ആകുമ്പോൾ ഇരട്ടി വിശപ്പോടെയാണ് ഞങ്ങൾ എണീക്കുന്നത്. ഇതൊരു നാല് വർഷം മുൻപുള്ള കഥയാണ്.

ഒരു തവണ ഞങ്ങൾ ഓണം ആഘോഷിച്ചത് പച്ച പപ്പായ മാത്രം കഴിച്ചാണ്. ക്ഷമയുടെ നെല്ലിപ്പടി വരെ കണ്ടിട്ടാണ് ജീവിച്ചത്. ഇത്രയും അനുഭവിച്ചിട്ടും സിനിമയിൽ നിന്ന് ഒരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. ഇതൊന്നും ഞങ്ങൾ വീട്ടിൽ പറഞ്ഞിട്ടില്ല. വീട്ടിൽ പറഞ്ഞാൽ അവർ സഹിക്കില്ല,’ ഹക്കിം ഷാജഹാൻ പറഞ്ഞു.

Content Highlights: Hakkim Shajahan on his struggles