| Tuesday, 24th September 2024, 5:50 pm

സ്ട്രഗിള്‍ ചെയ്ത 12 വര്‍ഷത്തിന് ശേഷം ഞാന്‍ ആഗ്രഹിച്ച കരിയര്‍ നല്‍കിയത് ആ ചിത്രമാണ്: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ഹക്കിം ഷാ. 2021ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിയിലെ വിനോദ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചെറുപ്പകാലം മുതലേ സിനിമ നടന്‍ ആകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സിനിമയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങാന്‍ പറ്റാത്തത് കൊണ്ട് കാറ്റ് കോച്ചിങ് ആണെന്ന് പറഞ്ഞു കൊച്ചിയില്‍ വന്ന് സിനിമയില്‍ അവസരം ചോദിക്കുമായിരുന്നെന്ന് ഹക്കിം പറയുന്നു. ചാന്‍സ് ചോദിച്ച് നടന്ന കാലത്ത് അഭയം നല്‍കിയത് ആക്ടിങ് ലാബ് ആയിരുന്നെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡിയിലെ ഒരു ചെറിയ കഥാപാത്രമാണ് സിനിമയിലെ തന്റെ ആദ്യ കഥാപാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ആദ്യ 12 വര്‍ഷം സ്ട്രഗിള്‍ ചെയ്ത കാലമായിരുനെന്നും ‘പ്രണയ വിലാസം’ വന്നതോടെയാണു താന്‍ ആഗ്രഹിച്ച തരത്തിലേക്കു കരിയര്‍ രൂപപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. വനിതാ മാഗസിനിന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബുദ്ധിയുറച്ച കാലം മുതലേ, സിനിമാ നടനാകണം എന്നതു മാത്രമായിരുന്നു സ്വപ്നം. 19 വയസ്സിലാണു സിനിമ ലക്ഷ്യമിട്ട് കൊച്ചിയില്‍ എത്തുന്നത്. തൊടുപുഴയിലെ വളരെ യാഥാസ്ഥിതികമായ കുടുംബമാണ് എന്റേത്. ഉപ്പ ഷാജഹാന്റെയും ഉമ്മ സുഹര്‍ബാന്റെയും മുന്ന് മക്കളില്‍ മൂത്തയാള്‍.

സിനിമ എന്നൊന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങാന്‍ പറ്റില്ല. ബികോം കഴിഞ്ഞ് ആദ്യ ആറുമാസം കാറ്റ് കോച്ചിങ് എന്നു പറഞ്ഞാണ് കൊച്ചിയില്‍ വന്നിരുന്നത്. ചാന്‍സ് തെണ്ടി നടക്കുന്ന കാലത്ത് അഭയസ്ഥാനം ആക്ട് ലാബ് ആയിരുന്നു. ആറു വര്‍ഷത്തോളം അവിടെയുണ്ടായിരുന്നു. ആക്ടേഴ്സിന്റെ കമ്യൂണിറ്റിയായിരുന്നു അന്നത്.

ഞങ്ങളുടെ മെന്റര്‍ ആയിരുന്നു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ആയിരുന്ന സജീവ് സാര്‍. പിന്നീടാണ് ഇതൊരു ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കിക്കൂടേ എന്നു തോന്നുന്നതും ആക്ട് ലാബ് ഉണ്ടാകുന്നതും. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡിയിലെ ഒരു ചെറിയ കഥാപാത്രമാണ് സിനിമയിലെ ആദ്യ അവസരം പിന്നീട് ചാര്‍ലി മുതല്‍ അദ്ദേഹത്തിനൊപ്പം സഹസംവിധായകനായി.

കൊച്ചിയിലെ ആദ്യ 12 വര്‍ഷം സ്ട്രഗിള്‍ ചെയ്ത കാലമായിരുന്നു. ‘പ്രണയ വിലാസം’ വന്നതോടെയാണു ഞാനാഗ്രഹിച്ച തരത്തിലേക്കു കരിയര്‍ രൂപപ്പെടുന്നത്,’ ഹക്കിം ഷാ പറയുന്നു.

നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് പ്രണയവിലാസം. വ്യത്യസ്ത കാലഘട്ടത്തിലെ വ്യത്യസ്തമാര്‍ന്ന പ്രണയങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അത്. അര്‍ജുന്‍ അശോകന്‍, ഹക്കീം ഷാ, അനശ്വര രാജന്‍, മമിത ബൈജു, മനോജ് കെ.യു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Hakkim Shah Talks About His Career And Pranaya Vilasam Movie

We use cookies to give you the best possible experience. Learn more