പ്രണയവിലാസത്തിലെ അഭിനയത്തില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നടന്‍ ഹക്കീം ഷാ. പ്രണയവിലാസത്തില്‍ തന്നെ കണ്ടിട്ട് ആര്‍ക്കും മനസിലായില്ലെന്ന് പറയുകയാണ് താരം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ ഉമ്മാക്കോ വാപ്പാക്കോ എന്നെ മനസിലായില്ല. ഫസ്റ്റ് ഹാഫില്‍ എന്നെ കാണിക്കുന്ന സീന്‍ ഉണ്ട്. അതില്‍ ആര്‍ക്കും മനസിലായില്ല. എന്റെ വീട്ടുകാര്‍ക്ക് പോലും മനസിലായില്ല.
എന്നെ ഇപ്പോള്‍ കണ്ടാലും മനസിലാകില്ല. അതാണ് ഏറ്റവും വലിയ കോമഡി. പ്രണയവിലാസം ഇറങ്ങിയപ്പോള്‍ ഇപ്പോഴുള്ള ലുക്കില്‍, മുടിയൊക്കെ വെട്ടി ഞാനും അനശ്വരയും കൂടി തിയേറ്റര്‍ വിസിറ്റിന് പോയിട്ടുണ്ടായിരുന്നു.
അനശ്വര പോയി എങ്ങനെ ഉണ്ടായിരുന്നു ചേട്ടാ, ചേച്ചീ പടമെന്നൊക്കെ ചോദിക്കുമ്പോള്‍ ആളുകള്‍ നല്ല രസമായിരുന്നുവെന്ന് പറയും. ഞാന്‍ പോയി ചോദിക്കുമ്പോള്‍ കുഴപ്പമില്ല, പക്ഷേ നീയെതെടാ എന്ന രീതിയില്‍ എന്നെ നോക്കും.
ഞാനാണെന്ന് അവര്‍ക്ക് മനസിലായില്ല,’ അദ്ദേഹം പറഞ്ഞു.
തന്റെ ലുക്ക് കണ്ട് ഒരുപാട് പേര്‍ വാപ്പയെ പോലുണ്ടെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നാട്ടിലെ കുറേപ്പേര്‍ കണ്ടിട്ട് വാപ്പയെ പോലെ തന്നെയുണ്ടെന്ന് പറഞ്ഞു. ഷാജഹാനിക്കയെ പോലെ തന്നെയുണ്ടെന്ന് പറഞ്ഞ് കുറേപ്പര്‍ സംസാരിച്ചുവെന്ന വാപ്പ പറഞ്ഞു. വാപ്പ ഭയങ്കര ഹാപ്പിയായി,’ അദ്ദേഹം പറഞ്ഞു.
പ്രണയവിലാസമാണ് ഹക്കീം അഭിനയിച്ച അവസാന ചിത്രം. യുവാവായും മധ്യ വയസ്‌കനായുമാണ് അദ്ദേഹം അഭിനയിച്ചത്. ഇതില്‍ വൃദ്ധനായ കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.
content highlight: Hakkim shah about people’s reaction