ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് പരിചിതനായ നടനാണ് ഹക്കിം ഷാ. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം 2021ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിയിലെ വിനോദ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന കടകനാണ് താരത്തിന്റെ പുതിയ ചിത്രം.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജാങ്കോ സ്‌പേസ് ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് സംസാരിച്ചു. എങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘അത് ഞാന്‍ തീരുമാനിച്ചിട്ട് ഒരു കാര്യവുമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യം. ഒരു കഥ കേള്‍ക്കുമ്പോള്‍ ബേസിക്കലി, ഞാന്‍ ഈ സിനിമ കാണുമോ എന്നാലോചിക്കും. എനിക്ക് കാണാന്‍ താത്പര്യമുള്ള സിനിമയില്‍ അഭിനയിക്കാനാണ് എന്റെ ആഗ്രഹം. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്ക് വേണമെങ്കില്‍ പോയി അഭിനയിക്കാം. അതിന് പൈസ കിട്ടും. പക്ഷേ ഒരു തൃപ്തി ഉണ്ടാവില്ല. എന്തെങ്കിലുമൊക്കെ ചെയ്തിട്ട് പോരേണ്ടി വരും.
അതിനെ ചൂസി എന്ന് പറയാന്‍ പറ്റില്ല, അതിന്റെ കാരണം, നൂറ് കഥ കേട്ടാല്‍ അതില്‍ മൂന്നെണ്ണം മാത്രമാകും ഇഷ്ടപ്പെട്ടിട്ടുണ്ടാവുക.കഴിഞ്ഞ വര്‍ഷം ഇവിടെ 200ലധികം സിനിമകളിറങ്ങി. അതില്‍ വിജയിച്ചവ കുറവാണ്. നല്ല കണ്ടന്റും, നല്ല പെര്‍ഫോമന്‍സും നല്ല മേക്കിങ്ങും എല്ലാം ഒരുമിച്ച് വരണം. എങ്കിലേ കാര്യമുള്ളൂ. ഞാന്‍ നന്നായി പെര്‍ഫോം ചെയ്തിട്ട് പടം പൊട്ടിയാല്‍ കാര്യമില്ല. എല്ലാ ഘടകങ്ങളും പ്രോപ്പറായി വരുന്ന സിനിമ മാത്രമേ തെരഞ്ഞെടുക്കാറുള്ളൂ,’ ഹക്കിം പറഞ്ഞു.
Content Highlight: Hakkim Shah about his Script Selection