|

രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാനുള്ള ചങ്കൂറ്റം ഇവിടുള്ള കലാകാരന്മാര്‍ക്ക് വേണം, കട്ട് ചെയ്യിച്ചപ്പോള്‍ തെറ്റുകാരാണെന്ന് അവര്‍ തന്നെ വിളിച്ചുപറയുകയാണ്: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ഹക്കിം ഷാ. 2021ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ബസൂക്കയിലും ഹക്കിം ഷാ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

സിനിമയിലെ അനാവശ്യ സെന്‍സറിങ്ങിനെക്കുറിച്ചും എമ്പുരാന് നേരിടേണ്ടി വന്ന വിവാദങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഹക്കിം ഷാ. സെന്‍സര്‍ഷിപ്പ് എന്നത് പലപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം തന്നെയാണെന്നാണ് തന്റെ അഭിപ്രായമെന്ന് ഹക്കിം ഷാ പറഞ്ഞു. എത്ര വലിയ തിരുത്തലുണ്ടാകുന്നതിനും വലിയ സാമ്രാജ്യങ്ങള്‍ പൊളിഞ്ഞുവീഴുന്നതിനും പണ്ടുകാലത്ത് നാടകങ്ങളും കവിതകളും കാരണമായിട്ടുണ്ടെന്ന് ഹക്കിം ഷാ കൂട്ടിച്ചേര്‍ത്തു.

പുതിയകാലത്ത് ആ ചുമതല സിനിമക്ക് കൂടി വന്നുചേര്‍ന്നെന്നും ഹക്കിം ഷാ പറഞ്ഞു. രാജാവ് നഗ്നനാണെങ്കില്‍ നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം ഇവിടെയുള്ള കലാകാരന്മാര്‍ക്ക് വേണമെന്നും ഹക്കിം ഷാ പറയുന്നു. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണെന്നും ഹക്കിം ഷാ പറഞ്ഞു.

ആ സിനിമക്ക് കത്രിക വെച്ചതിലൂടെയും സിനിമയുടെ പ്രധാന ഭാഗങ്ങള്‍ കട്ട് ചെയ്തതിലൂടെയും തെറ്റുകാര്‍ അവരാണെന്ന് അവര്‍ തന്നെ വിളിച്ചുപറയുന്നതുപോലെയായെന്നും ഹക്കിം ഷാ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് താന്‍ എതിരാണെന്നും ഹക്കിം ഷാ പറഞ്ഞു. ബസൂക്കയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹക്കിം ഷാ.

‘സെന്‍സര്‍ഷിപ്പ് പലപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുന്നുണ്ടെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ചരിത്രമൊക്കെ പരിശാധിച്ചാല്‍ രാഷ്ട്രീയപരമായി ഉണ്ടായിട്ടുള്ള പല തിരുത്തലുകളും അതുപോലെ വലിയ സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്കും കാരണമായത് കവിതകളും നാടകങ്ങളുമാണ്. പുതിയ കാലത്ത് അതിന്റെ ചുമതല സിനിമക്കും വന്നു.

രാജാവ് നഗ്നനാണെങ്കില്‍ നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം ഇവിടുള്ള കലാകാരന്മാര്‍ക്ക് വേണം. എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അതില്‍ ഒടുവിലത്തേത്. ആ സിനിമക്ക് കത്രിക വെച്ചതിലൂടെ അവര്‍ തെറ്റുകരാണെന്ന് അവര്‍ തന്നെ വിളിച്ചുപറയുന്നതുപോലെയായി. പേഴ്‌സണലി ഇത്തരം കടന്നുകയറ്റത്തോട് എനിക്ക് താത്പര്യമില്ല,’ ഹക്കിം ഷാ പറഞ്ഞു.

Content Highlight: Hakkim Shah about Censorship and Empuraan Controversy