ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന കടകനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം മാര്‍ച്ച് ഒന്നിന് തിയറ്ററുകളിലെത്തും.
ഇപ്പോള്‍ കടകന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഹക്കിം ഷാ. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഒന്നര ആഴ്ച്ച മുമ്പാണ് തന്നെ കടകനില്‍ കാസ്റ്റ് ചെയ്യുന്നതെന്നും തനിക്ക് ഈ സിനിമയെ പറ്റി വലിയ വിവരങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞു.
ലൊക്കേഷനില്‍ ജോയിന്‍ ചെയ്തപ്പോഴാണ് മറ്റൊരാള്‍ ചെയ്യേണ്ട സിനിമയായിരുന്നു ഇതെന്ന് താന്‍ അറിയുന്നതെന്നും ഹക്കിം ഷാ പറയുന്നു. അത് ചിലപ്പോള്‍ തന്റെ ഭാഗ്യമാകുമെന്ന് പറഞ്ഞ താരം കടകന്‍ തന്നെ തെരഞ്ഞെടുത്തത് പോലെയാണ് തോന്നിയതെന്നും കൂട്ടിച്ചേര്‍ത്തു.
‘ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഒന്നര ആഴ്ച്ച മുമ്പാണ് എന്നെ കടകനില്‍ കാസ്റ്റ് ചെയ്യുന്നത്. എനിക്ക് ഈ സിനിമയെ പറ്റി വലിയ ഡീറ്റെയില്‍സൊന്നും അറിയില്ലായിരുന്നു. അപ്പോള്‍ ഇങ്ങനെയൊരു പടമുണ്ടെന്നും എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റ് റെഡിയാണെന്നും അവര്‍ പറഞ്ഞു.
ബ്രോയ്ക്ക് ഇപ്പോള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പടം ഒരുപാട് തള്ളിപോകുമെന്നും പറഞ്ഞു. പിന്നെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തപ്പോഴാണ് വേറെ ഒരു ആര്‍ട്ടിസ്റ്റ് ചെയ്യേണ്ട സിനിമയായിരുന്നു ഇതെന്ന് ഞാന്‍ അറിയുന്നത്.
പക്ഷേ അദ്ദേഹത്തിന് ഡേറ്റുണ്ടായിരുന്നില്ല. അത് ചിലപ്പോള്‍ എന്റെ ഭാഗ്യമാകും. കടകന്‍ എന്നെ തെരഞ്ഞെടുത്തത് പോലെയാണ് എനിക്ക് തോന്നിയത്,’ ഹക്കിം ഷാ പറഞ്ഞു.
Content Highlight: Hakkim Sha Talks About Kadakan Movie