|

'ഞാന്‍ ആ പടം കണ്ടത് കൊണ്ടാണ് താന്‍ ഇവിടെ ഇരിക്കുന്നത്' എന്ന് മമ്മൂക്ക പറഞ്ഞു: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ഹക്കിം ഷാ. 2021 ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച തിയേറ്റര്‍ പ്രതികരണം ലഭിച്ച ചിത്രമായിരുന്നു പ്രണയവിലാസം. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം ബസൂക്കയിലും ഹക്കിം ഷാ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ പ്രണയവിലാസം കണ്ടാണ് മമ്മൂട്ടി തന്നെ ബസൂക്കയിലേക്ക് സജസ്റ്റ് ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടിയോട് നന്ദി പറയാന്‍ നിന്ന നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ഹക്കിം ഷാ.

തനിക്ക് മമ്മൂട്ടിയോട് പോയി നന്ദി പറയാന്‍ വളരെ മടിയായിരുന്നെന്നും അദ്ദേഹത്തിന്റെ മുഖത്ത് നോക്കാന്‍ പേടിയായിരുന്നുവെന്നും ഹക്കിം ഷാ പറയുന്നു. പ്രണയവിലാസം എന്ന സിനിമ താന്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ഞാന്‍ കണ്ടിരുന്നുവെന്നും നന്നായിരുന്നുവെന്നും പറഞ്ഞുവെന്ന് ഹക്കിം ഷാ കൂട്ടിചേര്‍ത്തു. താന്‍ പ്രണയവിലാസം കണ്ടത് കൊണ്ടാണ് ബസൂക്കയില്‍ എത്തിയെതെന്ന് മമ്മൂട്ടി പറഞ്ഞെന്നും ഹക്കിം പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയോട് ‘താങ്ക്യൂ, എന്നെ സിനിമയില്‍ സജസ്റ്റ് ചെയ്തതിന്’ എന്ന് പറയാന്‍ ഒരു മടിയുണ്ടായിരുന്നു. മറ്റ് അണിയറ പ്രവര്‍ത്തകരോടൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ മമ്മൂക്കയുടെ അടുത്ത് പറയാന്‍ ഒരു മടി. ഞാനൊന്നും അറിയാത്ത പോലെ പൊട്ടന്‍ കളിച്ച് അവിടെ ഇരിക്കുകയാണ്. കാരണം ഒരുമിച്ച് ഇരിക്കണമല്ലോ ത്രൂ ഔട്ട്. ഞാന്‍ ഒന്നും മിണ്ടുന്നില്ല. മുഖത്ത് പോലും നോക്കുന്നില്ല. ഞാന്‍ ഒന്നുകില്‍ താഴോട്ട് നോക്കിയിരിക്കുവോ സ്‌ക്രിപ്റ്റ് നോക്കിയിരിക്കുവോ ചെയ്യൂള്ളൂ. അടുത്ത് നിന്ന് മുഖത്തേക്ക് നോക്കാന്‍ തന്നെ പേടിയായിരുന്നു.

ഒരു മൊമെന്റില്‍ സംസാരിച്ചു തുടങ്ങി കഴിഞ്ഞപ്പോള്‍ പ്രണയവിലാസം എന്നൊരു പടം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഞാന്‍ ആ ടോപ്പിക് അങ്ങ് എടുത്തിട്ടു. അപ്പോള്‍ പുള്ളിയെന്നെ നോക്കിയിട്ട് ഞാന്‍ ആ പടം കണ്ടിരുന്നു, നന്നായിട്ടുണ്ട്, അത് എങ്ങനെയാ ചെയ്തതെന്ന് ചോദിച്ചു. ആ പ്രോസസും കാര്യങ്ങളും നമ്മള്‍ എങ്ങനെയാണ് ചെയ്തതെന്ന് പറഞ്ഞു. ‘ഞാന്‍ ആ പടം കണ്ടതുകൊണ്ടാണ് താന്‍ ഇപ്പോള്‍ ഇവിടെ ഇരിക്കുന്നത്’ എന്ന് മമ്മൂക്ക പറഞ്ഞു. എനിക്കറിയാം, താങ്ക്യു എന്ന് ഞാനും പറഞ്ഞു,’ ഹക്കിം ഷാ പറയുന്നു.

Content Highlight: Hakkim Sha talks about him being  suggested by mamooka in Bazooka

Latest Stories

Video Stories