രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിച്ച് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. ബിജു മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയില്‍ അജു വര്‍ഗീസ്, ഹന്ന റെജി കോശി, ശങ്കര്‍ ഇന്ദുചൂഡന്‍, ദീപക് പറമ്പോല്‍, ഹരീഷ് പെരുമണ്ണ, അനഘ, ജനാര്‍ദനന്‍, ഇന്ദ്രന്‍സ് തുടങ്ങിയ മികച്ച താരനിരതന്നെ ഒന്നിക്കുന്നുണ്ട്.
ചിത്രത്തില്‍ നടന്‍ ഹക്കിം ഷായും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ജോസ്‌മോന്‍ എന്ന കഥാപാത്രമായാണ് ഹക്കിം എത്തുന്നത്. ഇപ്പോള്‍ ബിജു മേനോനെ കുറിച്ച് പറയുകയാണ് നടന്‍. രക്ഷാധികാരി ബൈജു മുതല്‍ തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെന്നാണ് അദ്ദേഹം പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കിം.
‘രക്ഷാധികാരി ബൈജു മുതല്‍ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് ബിജു ചേട്ടന്‍. എന്റെ സൂപ്പര്‍സ്റ്റാര്‍ അദ്ദേഹമാണെന്ന് ഞാന്‍ മുമ്പ് എവിടെയൊക്കെയോ പറഞ്ഞിട്ടുണ്ട്. ഞാന്‍ രക്ഷാധികാരി ചെയ്യുമ്പോള്‍ എനിക്ക് അന്ന് മാക്‌സിമം ഇരുപത്തി നാലോ ഇരുപത്തി അഞ്ചോ വയസേ കാണുകയുള്ളൂ.
ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു സ്റ്റാറിന്റെ കൂടെ പെര്‍ഫോം ചെയ്യുന്നതും, ഒരു സ്റ്റാറിനെ കാണുന്നതും ഇടപെടുന്നതുമെല്ലാം. അദ്ദേഹം നമ്മളോടൊന്നും മിണ്ടില്ലെന്ന ധാരണ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെയുള്ള ആളല്ല. തീരെ ഇന്‍ഡിമിഡേറ്റ് ചെയ്യാത്ത ഒരു ക്യാരക്ടറാണ് ബിജു ചേട്ടന്റേത്.
അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ ഒരു ഗ്യാപ്പോ ഡിസ്റ്റന്‍സോ തോന്നില്ല. ചേട്ടനോട് സംസാരിക്കുമ്പോഴും കമ്പനി കൂടുമ്പോഴുമൊക്കെ നല്ല രസമാണ്. ബിജു ചേട്ടന്‍ അങ്ങനെയുള്ള ഒരു മനുഷ്യനാണ്. അദ്ദേഹം ഒന്നുരണ്ട് സിനിമകളിലേക്ക് എന്നെ സജസ്റ്റ് ചെയ്തിട്ടുണ്ട്.
അങ്ങനെയൊരു പയ്യനുണ്ടെന്ന് പറഞ്ഞ് സ്വന്തം സിനിമകളിലേക്കാണ് സജസ്റ്റ് ചെയ്തത്. പക്ഷെ വേറെ പല കാരണങ്ങള്‍ കൊണ്ടും എനിക്ക് അത് ചെയ്യാന്‍ പറ്റിയില്ല. പക്ഷെ അദ്ദേഹം സജസ്റ്റ് ചെയ്‌തെന്ന് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണ്. നമ്മള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന, അതിനായി സപ്പോര്‍ട്ട് ചെയ്യുന്ന മനുഷ്യനാണ് ബിജു ചേട്ടന്‍,’ ഹക്കിം ഷാ പറഞ്ഞു.
Content Highlight: Hakkim Sha Talks About Biju Menon