| Sunday, 18th February 2024, 9:53 pm

ഞങ്ങൾ തമ്മിൽ ഒരുപാട് അടിയുണ്ടായിട്ടുണ്ട്,അടിയെന്ന് പറഞ്ഞാൽ ഒടുക്കത്തെ അടി: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ യുവ നടനാണ് ഹക്കിം ഷാ.

കഴിഞ്ഞ വർഷം ഇറങ്ങിയ പ്രണയ വിലാസം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന കടകൻ എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഹക്കിം ഷായാണ്.

കടകൻ ചെയ്യാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പറയുകയാണ് ഹക്കിം ഷാ. ചിത്രം തന്നെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും എല്ലാം അടങ്ങിയ ഒരു സിനിമയാണ് കടകനെന്നും ഹക്കിം പറയുന്നു.

ചിത്രത്തിൽ അഞ്ച് ഫൈറ്റ് ഉണ്ടെന്നും ചിത്രത്തിൽ താനും നടൻ മണികണ്ഠൻ ആചാരിയും തമ്മിൽ ഒരുപാട് അടിയുണ്ടായിട്ടുണ്ടെന്നും ഹക്കിം പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഹക്കിം.

‘കടകൻ എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഇത് മറ്റൊരാൾ ചെയ്യാൻ ഇരുന്ന വേഷമായിരുന്നു. പക്ഷേ ഒരു ഒന്നര ആഴ്ച്ച മുന്നെയാണ് എന്നോട് ഇത് പറയുന്നത്. ബാക്കി എല്ലാകാര്യങ്ങളും സെറ്റ് ആയിരുന്നു. കഥകേട്ട് കഴിഞ്ഞപ്പോൾ, ഞാൻ ഇപ്പോഴേ ഇത് ചെയ്യണോ എന്ന ഒരു ആകാംക്ഷയായിരുന്നു എനിക്ക്. ഉറപ്പായിട്ടും ഞാൻ കാണുന്ന ഒരു സിനിമയായിരിക്കും ഇത്. നല്ല രസമായിട്ട് വന്നിട്ടുണ്ട്.

ഇതിൽ ഫാമിലിയുണ്ട്, ഇമോഷൻസുണ്ട്, ഡ്രാമയുണ്ട്, അടിയുണ്ട്. അടിയെന്ന് പറഞ്ഞാൽ നല്ല അടിയാണ്. മൂന്ന് ഫൈറ്റ് മാസ്റ്റേഴ്സാണ് സിനിമയിൽ വർക്ക്‌ ചെയ്തിട്ടുള്ളത്. അഞ്ച് ഫൈറ്റ് ഉണ്ട് ചിത്രത്തിൽ.

കടകൻ എന്നെ വന്ന് ചൂസ് ചെയുകയായിരുന്നു. എനിക്ക് വലിയ ഭാഗ്യമായിട്ടാണ് തോന്നുന്നത്. ഞാനും മണികണ്ഠനും തമ്മിൽ ഒരുപാട് അടി ഉണ്ടായിട്ടുണ്ട്. അടിയെന്നൊക്കെ പറഞ്ഞാൽ ഒടുക്കത്തെ അടി. നടുവിനൊക്കെ ചവിട്ട് കിട്ടി അങ്ങനെ ഓരോന്ന്. ഒരു മൂന്ന് ദിവസം കൊണ്ട് എടുക്കേണ്ട അടി ഒറ്റ ദിവസം കൊണ്ടാണ് എടുത്തത്. പിന്നെ ഞങ്ങൾ രണ്ട് പേരും തിരുമ്മാൻ പോവുകയായിരുന്നു. ഉഴിച്ചിലായിരുന്നു ഒരാഴ്ച്ച,’ ഹക്കിം ഷാ പറയുന്നു.

Content Highlight: Hakkim Sha Talk About Kadakan Movie

Latest Stories

We use cookies to give you the best possible experience. Learn more