മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഒരു ഗെയിം ത്രില്ലർ ചിത്രമായ ബസൂക്കയിൽ യുവതാരം ഹക്കിം ഷാജഹാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന കടകനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ബസൂക്കയിൽ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് ഹക്കിം. പ്രണയ വിലാസം കണ്ട് മമ്മൂട്ടിയാണ് തന്നെ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നതെന്ന് ഹക്കിം ഷാ പറയുന്നു. ചിത്രത്തിൽ മമ്മൂക്കയുമൊത്തുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു. കൈരളിയോട് സംസാരിക്കുകയായിരുന്നു താരം.
‘ബസൂക്കയിലെ എന്റെ റോൾ വേറൊരാൾ ചെയ്യേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിനും ഡേറ്റ് ഇല്ലായിരുന്നു. അങ്ങനെയൊരു വിഷയം വന്നു. എന്നാൽ പടം സ്റ്റാർട്ട് ചെയ്തു. ആ ചെയ്ത് കൊണ്ടിരിക്കുന്ന പടം കളഞ്ഞു കൊണ്ട് ഇറങ്ങി വരാനും പറ്റില്ല.
അങ്ങനെയായപ്പോൾ അവർ മൂന്ന് ഓപ്ഷൻസ് കൊടുത്തു. ഒരു നടൻ, മറ്റൊരു നടൻ, മൂന്നാമത്തെ നടൻ ഞാനായിരുന്നു. ഭാഗ്യത്തിന് മമ്മൂക്ക തലേന്ന് പ്രണയ വിലാസം കണ്ടിരുന്നു. പ്രണയ വിലാസം കണ്ടപ്പോൾ മമ്മൂക്ക പറഞ്ഞു, ഇവനെ വെക്ക് ഇവൻ നന്നായിട്ട് ചെയ്യുമെന്ന്. അങ്ങനെയാണ് ബസൂക്ക എനിക്ക് ചെയ്യാൻ പറ്റുന്നത്.
പടത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ടില്ല. ഇനിയും ഒരു മൂന്ന് ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. അതങ്ങനെ വെറുമൊരു വാക്കിൽ പറഞ്ഞൊതുക്കേണ്ട കാര്യമല്ല. പറഞ്ഞാൽ തീരാവുന്ന കാര്യവുമല്ലത്.
എന്റെ ധാരണയിലുള്ള ഒരു മമ്മൂക്കയല്ല നേരിട്ട് കണ്ടപ്പോൾ. ഞാൻ ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം വേറേ തന്നെയൊരു മനുഷ്യനാണ്. ഇരുന്ന് സംസാരിക്കുമ്പോഴാണ് അത് മനസിലാവുക. ഏകദേശം 20 ദിവസത്തോളം അദ്ദേഹത്തോടൊപ്പം തോളോട് തോൾ ചേർന്ന് എനിക്ക് അഭിനയിക്കാൻ പറ്റി. അത് വേറേ ആർക്കെങ്കിലും പറ്റിയിട്ടുണ്ടോയെന്ന് എനിക്ക് സംശയമാണ്. മുട്ടിയുരുമ്മി എപ്പോഴും ഇരിക്കണം. അത് വലിയ ഭാഗ്യമാണ്. ഇരിക്കുമ്പോൾ ഇങ്ങനെ ഓരോ കാര്യങ്ങൾ സംസാരിക്കുമല്ലോ.
അദ്ദേഹത്തെ യൂണിവേഴ്സിറ്റി എന്ന് പറഞ്ഞാൽ പോര. അറിവിന്റെ ഒരു വലിയ തലത്തിലുള്ള ആളാണ് അദ്ദേഹം. മമ്മൂക്ക സംസാരിച്ചിരിക്കുന്നത് നമ്മൾ ഇങ്ങനെ കേട്ടിരിക്കും. അദ്ദേഹം എന്നോട് എന്റെ അഭിനയത്തിൽ ഒന്ന് രണ്ട് നിർദ്ദേശങ്ങൾ പറഞ്ഞു.
എനിക്ക് അറിയാവുന്ന എന്റെ പോരായ്മകൾ തന്നെയാണ് അദ്ദേഹം പറഞ്ഞത്. വെറുതെയാണോ അദ്ദേഹം മെഗാസ്റ്റാറായി ഇങ്ങനെ നിലനിൽക്കുന്നത്,’ഹക്കിം ഷാ പറയുന്നു.
Content Highlight: Hakkim Sha Talk About Experience With Mammootty In Bazooka Movie